Flash News

സൂഫിസം (Sufism) ഭാഗം 24

November 18, 2020 , ബിന്ദു ചാന്ദിനി

ആത്മീയാവസ്ഥകളും സ്ഥാനങ്ങളും

ദൈവമാർഗത്തിൽ യാത്രചെയ്യുന്നവർ പല അവസ്ഥ (ഹാൽ) കളും സ്ഥാന ( മഖാം) ങ്ങളും കടന്നുപോകണം എന്നാണ് സൂഫി സങ്കൽപം. ഭൗതീകതയുടെ മണ്ണിൽ വേരുറച്ചുപോയ മനസ്സിനെയും ശരീരത്തെയും അവിടെ നിന്ന് ഇളക്കിയെടുത്ത് ദൈവികതയുടെ ആകാശത്തേക്ക് ഉയർത്തിക്കൊണ്ടു പോകുന്ന യജ്ഞത്തിലാണ് സൂഫി. ദൈവത്തിലേക്കെത്തുന്നതിനു ആത്മാവ് നിരന്തരം സ്വയം പാകപ്പെടേണ്ടതുണ്ട്. ഈ പാകപ്പെടൽ പ്രക്രിയയിൽ മാറിമാറിവരുന്ന അനുഭവങ്ങളാണ് സൂഫി സാങ്കേതിക ഭാഷയിലെ ‘അവസ്ഥ’ കൾ. അങ്ങനെ ആർജിക്കുന്ന ആത്മീയ ഗുണങ്ങൾ ‘സ്ഥാന’ ങ്ങളും ലൗകികമായ എന്തെങ്കിലും നേട്ടങ്ങളോ പദവികളോ അല്ല.

ഈശ്വര സാക്ഷാത്കാര മാർഗത്തിലെ സ്ഥിരവും താൽക്കാലികവുമായ അനുഭവങ്ങളെ സൂഫികൾ വിശദീകരിക്കുണ്ട്. സ്ഥിരാനുഭവമാണ് സൂഫി വ്യവഹാരഭാഷയിലെ സ്ഥാനം ( മഖാം). താൽക്കാലികാനുഭവം അവസ്ഥ (ഹാൽ) യും. ഇവയുടെ ബഹുവചനരൂപങ്ങളാണ് മഖാമാത്ത്, അഹ്‌വാൽ എന്നിവ. ശ്രേഷ്ഠ സ്വഭാവം (ഫളാഇൽ). സ്വഭാവ ഗുണങ്ങൾ (മഹാസിൻ) എന്നിവയിൽ നിന്ന് ഇവ വ്യത്യസ്തമല്ല. ദൈവികാകർഷണം അനുഭവപ്പെടുന്നതോടെയാണ് അവസ്ഥകളിലൂടെയും സ്ഥാനങ്ങളിലൂടെയും കടന്നുപോകാനുള്ള ഭാഗ്യം അന്വേഷിക്ക് കൈവരുക എന്നും സൂഫി ഗുരുക്കന്മാർ വ്യക്തമാക്കുന്നു. ‘ഹാൽ’ ദൈവികമായ വരദാനവും ‘മഖാം’കഠിന സാധനയിലൂടെ നേടുന്നതുമാണ്. ഒരു ‘ഹാലി’ൽ നിന്ന് അടുത്ത ‘ഹാലി’ലേക്കു പ്രവേശിക്കുമ്പോൾ ആദ്യത്തെ ‘ഹാൽ’ ഇല്ലാതാകും. എന്നാൽ ഒരു ‘മഖാമിൽ’ നിന്ന് അടുത്ത ‘മഖാമി’ലേക്ക് പ്രവേശിക്കുമ്പോൾ ആദ്യത്തെ ‘മഖാം’ ഇല്ലാതാവുന്നില്ല. ഹാലും മഖാമും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവയാണ്. അവസ്ഥയെ സ്ഥിരമായി നിലനിർത്തുന്നതിനാണ് അന്വേഷകൻ പ്രയത്നിക്കേണ്ടത്. ഓരോ സ്ഥാനത്തിനും അതിന്റെതായ ഉത്തരവാദിത്വങ്ങൾ ഉണ്ട്.

അഹ്‌വാൽ, മഖാമാത്ത് എന്നിവയുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അബു നസീർ അസ്സർറാജ് തന്റെ കിതാബുല്ലുമഇയിൽ പത്ത് അവസ്ഥകളെ (അഹ്‌വാൻ) ക്കുറിച്ച് പറയുന്നു. അവ നിതാന്ത ശ്രദ്ധ (മുറാഖബ), സാമീപ്യം (ഖുർബ്), സ്നേഹം (മുഹബ്ബത്ത്), ഭയം (ഖഇഫ്), പ്രതീക്ഷ (റജാഅ), ആത്മീയാഭിലാഷം (ശഇഖ്), ഇണക്കം (ഉൻസ്), ശാന്തത (ഇത്വമിഅനാൻ ), ധ്യാനം (മുശാഹദ), ദൃഢത (യഖീൻ ), മഖാമാത്ത് ഏഴ്, പത്ത്, ഇരുപത്തൊന്ന്, നാൽപത് എന്നിങ്ങനെ വ്യത്യസ്ത എണ്ണങ്ങളായി വിവിധ ഗുരുക്കന്മാർ നിജപ്പെടുത്തിയതായി കാണാം. പൊതുവെ, അംഗീകരിച്ചുവരുന്ന ഏഴു സ്ഥാനങ്ങൾ ഇവയാണ്, പശ്ചാത്താപം (തൗബ), സൂക്ഷ്മത (വറഅ), വിരക്തി (സുഹ്ദ്), നിസ്വത (ഫ്ഖ്‌റ് ), സഹനം (സ്വബ്റ്), സമർപ്പണം (തവക്കുൽ), സംതൃപ്തി (രിദ). ദൈവത്തിൽ വിലയം പ്രാപിക്കുന്നതിന് ഏഴു കടലുകൾ താണ്ടണമെന്ന് ഗസ്സാലിയും അനുരാഗത്തിന്റെ സപ്തനഗരങ്ങളെക്കുറിച്ച് പറയുമ്പോൾ ഫരീരുദ്ദീൻ അത്താറും സൂചിപ്പിക്കുന്നത് ഈ ഏഴു സ്ഥാനങ്ങളെയാണ്.

ആധികാരിക സൂഫി ഗ്രന്ഥങ്ങളെല്ലാം ഈ അവസ്ഥകളെയും സ്ഥാനങ്ങളെയും സംബന്ധിക്കുന്ന വിശദമായ ചർച്ചകളാൽ സമ്പന്നമാണ്. ഈ അവസ്ഥകളെല്ലാം സാക്ഷാത്കരിക്കുന്ന ആൾ മാത്രമാണ് സൂഫി എന്ന വിശേഷണത്തിന് സമർഹനായിത്തീരുന്നത്.

ഫനാ
സൂഫി പ്രണയവഴിയിൽ, അദമ്യമായ അനുരാഗത്തിന്റെ പരകോടി അനുഭവിക്കുമ്പോൾ പ്രണയി പ്രണയഭാജനത്തിൽ അപ്രത്യക്ഷമാകുന്ന അവസ്ഥയെയാണ് സൂഫികൾ ‘ഫനാ’ എന്ന് പറയുന്നത്. ഇതിനെ വിലയനം, ആത്മനാശം എന്നെല്ലാം ഭാഷാന്തരപ്പെടുത്താവുന്നതാണ്.

ബഖാ
അനുരാഗി പ്രണയഭാജനത്തിൽ അപത്യക്ഷമായിക്കഴിഞ്ഞാൽ പിന്നെ അവശേഷിക്കുന്നത് ഏത് അവസ്ഥയാണോ, ആ അവസ്ഥയെയാണ് സൂഫികൾ ‘ബഖാ’ എന്നു പറയുന്നത്. ബാക്കിയാവൽ, അവശേഷിക്കൽ എന്നെല്ലമാണ് ‘ബഖാ’ യുടെ അർഥം’ഫനാ’ യ്ക്ക് ശേഷം ഉള്ളതെന്തോ അതാണ് ‘ബഖാ.’ ആത്യന്തികമായി സർവ്വം നശിക്കുമെന്നും ദൈവം മാത്രമാണ് ബാക്കിയാവുകയെന്നും വിശുദ്ധ ഖുർആൻ പറയുന്നു.

റൂഹ് (ആത്മാവ്)
സൂഫികൾ ആത്മാവിൽ വിശ്വസിക്കുന്നു. അത് അവനെ ദൈവികതയോട് അടുപ്പിക്കുന്നു. ആത്മീയ വഴികാട്ടി നൽകുന്ന ആത്മീയ പരിശീലനത്തിലൂടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നു. ഇത് ക്രമേണ അല്ലാഹുവിനോടുള്ള അടുപ്പത്തിലേക്ക് നയിക്കുന്നു. സ്ഥാപിക്കാൻ തെളിവ് ആവശ്യമില്ലാത്ത സ്വതസ്പഷ്ട യാഥാർഥ്യമാണ് ആത്മാവ്. അത് തെളിയിക്കുക സാധ്യവുമല്ല. സ്വയം കാണാൻ കഴിവുള്ള മൃദ്യവും അരൂപിയുമായ ദ്രവ്യമായാണ് ആത്മാവിനെ നാസിറുദ്ദീൻ തൂസി (ജനനം ഖുറാസാൻ , പേർഷ്യ1201 – 1274 ) സങ്കൽപിക്കുന്നത്.

പ്ലോട്ടിനസിനെ ഉപജീവിച്ചാണ് അൽ കിന്ദി ആത്മാവ് എന്താണെന്ന് വിശദീകരിക്കുന്നത്. സൂര്യനിൽനിന്ന് കിരണങ്ങൾ എന്ന പോലെ സ്രഷ്ടാവിൽനിന്ന് നിസ്സരിക്കുന്ന ചൈതന്യമാണ് ആത്മാവ്. ശരീരത്തിൽനിന്ന് ഭിന്നവും വ്യതിരിക്തവുമാണത്. ശരീരവുമായി വേർപിരിഞ്ഞാൽ ആത്മാവ് ബ്രഹ്മബുദ്ധിയുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും സ്രഷ്ടാവിന്റെ പ്രകാശത്തിലേക്ക് മടങ്ങുകയും ചെയ്യും.

പ്രപഞ്ചത്തിന് ധാരണാശക്തികൊണ്ട് ഗ്രഹിക്കാവുന്നത്, അനുഭവിച്ചറിയാനാവുന്നത്, ഭാവനയിൽ സ്ഥിതി ചെയ്യുന്നത് എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളുള്ളതായി മുല്ലാ സ്വദ്റാ (ഇറാൻ 1571-1640) സങ്കൽപിച്ചു. മനുഷ്യന്റെ ഭാവനാശക്തി വിശ്വസൃഷ്ടിക്ക് കാരണമായ വിശ്വഭാവനയെ അനുസ്മരിപ്പിക്കുന്നുവെന്നു മുല്ലാ സ്വദ്റാ അഭിപ്രായപ്പെട്ടു. വ്യക്തിയുടെ മരണാനന്തരം ഈ ശക്തി ആത്മാവിനോടൊപ്പം അന്തരാളലോകത്തേക്ക് യാത്രയാവുന്നു.

മനുഷ്യാത്മാവിന് അസ്തിത്വത്തിന്റെ ഏഴ് അവസ്ഥകളുള്ളതായി മുല്ലാ സ്വദ്റാ പറഞ്ഞു. പ്രകൃതി (ത്വബീഅ), ആത്മാവ് (നഫ്സ്), ബുദ്ധി (അഖ്ൽ), ചൈതന്യം (റൂഹ്), രഹസ്യം (സിർറ്), ഗുപ്ത രഹസ്യം (ഖഫിയ്യ് ), അതീവ ഗുപ്താവസ്ഥ (അഖ്ഫഅ) എന്നിവയാണവ. ദൈവിക ഉൺമയിൽ വിലയം പ്രാപിക്കലാണ് ഒടുവിലത്തേത്.

കശ്ഫ്
സൂഫികൾക്ക് ദൈവത്തിൽനിന്നുണ്ടാവുന്നു എന്നു പറയപ്പെടുന്ന വെളിപാടുകളെയാണ് ‘കശ്ഫ്’ എന്നു പറയുന്നത്. അത്മീയലഹരിയിൽ ചില സൂഫികൾ മൊഴിയുന്ന വാക്കുകളെ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് സർഹിന്ദിക്കുള്ളത്.

മനുഷ്യന്റെ സാർവലൗകികത
ആകാശങ്ങൾക്കോ ഭൂമിക്കോ മാലാഖമാർക്കോ സാധിക്കാത്ത കാര്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയുള്ളതാണ് മനുഷ്യനിയോഗം. പർവതങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ച ദൈവ നിയോഗം ഏറ്റെടുത്തവരാണ് മനുഷ്യൻ. അക്കാരണത്താലാണ് ദൈവം മനുഷ്യരെ ആദരിച്ചത്. ‘മനുഷ്യരെ നാം ആദരിച്ചിരിക്കുന്നു’ എന്നു ഖുർആനിൽ പറയുന്നുണ്ട്. ആത്മാവിനെ ഗ്രസിച്ചിരിക്കുന്ന അഴുക്കുകൾ നീക്കി അതിനെ തെളിനീർ പോലെ സ്വച്ഛവും സുതാര്യവുമാക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം. സ്വയം ശുദ്ധീകരണമാണത്. അങ്ങനെയുള്ള വ്യക്തി സാർവലൗകികത്വം നേടുകയും ലോകത്തിന് അനുഗ്രഹമായി തീരുകയും ചെയ്യുന്നു. എല്ലാ മനുഷ്യരും സർവലൗകിക മനുഷ്യരാവുന്നതോടെ ഭൂമി ഭൂമിയല്ലാതാവും. അതൊരു ഏദൻ തോട്ടമായി പരിവർത്തിക്കപ്പെടും.

സൂഫികളുടെ പുസ്തകം
സൂഫികളിൽ ഒരു വിഭാഗമുണ്ട്. അതിമനോഹരവും അതിവിചിത്രവുമായ ഒരു വിശുദ്ധ പുസ്തകമാണ് അവർ നിത്യവും പാരായണം ചെയ്യുന്നത്. ഓരോ പേജും മറിച്ച് അതീവ ശ്രദ്ധയോടെ അവരത് വായിച്ചുകൊണ്ടിരിക്കും. ആ സൂഫികൾ നിരന്തരവായന തുടരുന്ന ആ പുസ്തകം ഒരു മഹാവിസ്മയമാണ്. കാരണം ആ ഗ്രന്ഥത്തിൽ ഒരക്ഷരം പോലുമില്ല. ഹിമധവളമായ ശൂന്യത മാത്രമാണ് ആ പുസ്തകം നിറഞ്ഞു നിൽക്കുന്നത്. ഒന്നുമില്ലാത്ത, ഒന്നുമെഴുതപ്പെടാത്ത ഒരു പുസ്തകം നിരന്തരം വായിച്ചുകൊണ്ടിരിക്കുകയെന്നത് വലിയ അത്ഭുതം തന്നെയാണ്. വാക്കുകൾക്കപ്പുറം വായിക്കാൻ അറിഞ്ഞവനേ സൂഫികളുടെ പുസ്തകം വായിക്കാനാവൂ. വായനകളുടെ വായനയാണത്. വായനയുടെ ഭ്രമണമണ്ഡലത്തെ അതിജയിച്ചവർക്കേ വായനക്കപ്പുറത്തെ വായന സാധ്യമാകുകയുള്ളു. സൂഫികളുടെ സർവ്വവിധ അക്ഷരവായനയും ആ മഹാവായന പഠിക്കാനുള്ള പരിശീലനങ്ങൾ മാത്രമാണ്. വായനക്കപ്പുറം വായിക്കാൻ അറിഞ്ഞ സൂഫിയെ സംബന്ധിച്ചിടത്തോളം ‘സൂഫികളുടെ പുസ്തകം’ ഒരു വേദഗ്രന്ഥം തന്നെയാണ്. പുസ്കങ്ങളുടെ പുസ്തകമാണത്.

(തുടരും….)

1. മുസ്‌ലീം തത്വ ചിന്ത ചരിത്രം ഉള്ളടക്കം – എ കെ അബ്ദുൽ മജീദ്
2. സൂഫിസം പ്രണയമാർഗ്ഗത്തിന്റെ ലാവണ്യം – സിദ്ദീഖ് മുഹമ്മദ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Scroll to top