Flash News

സൂഫിസം (Sufism) ഭാഗം 25

December 13, 2020 , ബിന്ദു ചാന്ദിനി

പുരാതനകാലം മുതൽതന്നെ ഇന്ത്യ അതിർത്തിക്കപ്പുറത്തു നിന്നുള്ള കുടിയേറ്റങ്ങൾക്കും ആക്രമണങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ കുടിയേറ്റക്കാരായ ദ്രാവിഡരിൽ നിന്നാണു മുവായിരത്തിലേറെ വർഷം പഴക്കമുള്ള സിന്ധു നദീതട സംസ്കാരം ഉണ്ടായത്. പിന്നീട് കന്നുകാലികൾക്കു വേണ്ടി പുൽമേടുകൾ അന്വേഷിച്ചു കൊണ്ടു മദ്ധ്യ ഏഷ്യയിൽ നിന്നു ആര്യന്മാർ ഇന്ത്യയിൽ എത്തിചേർന്നു. അവർ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ ഇന്ത്യയിൽ മഹത്തായ വേദകാല സംസ്കാരം ആരംഭിച്ചു. വേദസാഹിത്യത്തിൽ നിന്നാണു ഹിന്ദുമത ചിന്തകളുടെ ഉത്ഭവം.

വേദകാലത്തിനു ശേഷം ഇന്ത്യയിൽ പതിനാറു ജനപദങ്ങൾ രൂപം കൊണ്ടു. ജനപദങ്ങൾ തമ്മിലുള്ള മത്സരത്തിൽ മഗധ വിജയിക്കുകയും പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായി തീരുകയും ചെയ്തു. അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണം ക്ഷേമ രാഷ്ട്രമായ മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനു കാരണമായി. മൗര്യന്മാരുടെ അധ:പതനത്തിനു ശേഷം നിരവധി ചെറിയ രാജവംശങ്ങൾ നിലവിൽ വന്നു. അതിൽ ജാതി വ്യവസ്ഥയെ അംഗീകരിക്കാത്ത ഇൻഡോ – ഗ്രീക്ക്, പാർത്ഥിയൻന്മാർ, ശാകന്മാർ, കുഷാനന്മാർ തുടങ്ങിയ വിദേശീയരും ശാകന്മാർ, ശതവാഹനന്മാർ തുടങ്ങിയ സ്വദ്ദേശീയ രാജവംശങ്ങളും ഉണ്ടായിരുന്നു. പിന്നെ സുവർണ്ണകാലമെന്ന് വിശേഷിപ്പിക്കുന്ന ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം. പുരാതന ഇന്ത്യയിലെ അവസാനത്തെ മഹാനായ ഹിന്ദു രാജാവായിരുന്ന ഹർഷവർദ്ധനന്റെ വർദ്ധനാരാജവംശം. പിന്നീടു വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും രജപുത്ര രാജവംശങ്ങൾ നിലവിൽ വന്നു. പുരാതന ഇന്ത്യയിലെ മിക്ക രാജാക്കന്മാരും ജൈന-ബുദ്ധ മതവിശ്വാസമാണു പിൻതുടർന്നത്.

അതിനു ശേഷം മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സാമ്രാജ്യമായ ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപനം. തുടർന്നു ലോക ചരിത്രത്തിൽ തന്നെ വൈറ്റ് മുഗൾസ് എന്നറിയപ്പെടുന്ന മുഗളുടെ പ്രബുദ്ധമായ ഭരണകാലം. മുഗൾ ഭരണത്തിന്റെ തകർച്ചയോടെ യുറോപ്യന്മാരുടെ ആഗമനം. അതോടെ ഇന്ത്യ ആധുനിക യുഗത്തിലേക്ക് എത്തിച്ചേർന്നു. ഈ ആക്രമണകാരികൾ എല്ലാം തന്നെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലൂടെ വന്നവരായിരുന്നു. യൂറോപ്യന്മാരാകട്ടെ കടൽ മാർഗ്ഗമാണ് ഇന്ത്യയിലെത്തിയത്. യൂറോപ്യന്മാർക്കു മുമ്പ് ഇന്ത്യയിലെത്തിയ വിദേശ ആക്രമണകാരികളെല്ലാം ക്രമേണ ഇന്ത്യക്കാരായി. എന്നാൽ യൂറോപ്യന്മാർ അതിനു തയ്യാറായിരുന്നില്ല. അവർ തദ്ദേശവാസികളിൽ നിന്നു അകന്നു നിൽക്കുകയും തങ്ങളുടെ സ്വത്വം (identity) നിലനിർത്തുകയും ചെയ്തു.

അങ്ങനെ വിവിധ വിദേശ അക്രമണകാരികളുടെ പിൻതലമുറക്കാരായ സങ്കര വർഗ്ഗമാണ് ഇന്നത്തെ ഇന്ത്യൻ ജനത. കൂടാതെ പൗരസ്ത്യ ദേശത്ത് പിറവിയെടുത്ത മതങ്ങൾക്കെല്ലാം ഇന്ത്യയിലും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈ സങ്കര ജനത പല മതങ്ങളിലായി നൂറ്റാണ്ടുകളായി ഭാരത മണ്ണിൽ ജീവിച്ചു പോരുന്നു.

സൂഫി പ്രബോധകർ വഴിയാണ് ഇന്ത്യയിൽ ഇസ്ലാം ഏറ്റവും അധികം പ്രചരിച്ചത്. ഇസ്ലാമിന്റെ മഹത്തായ ആദർശങ്ങൾ മനസ്സിലാക്കിയായിരുന്നില്ല, ബഹുഭൂരിഭാഗവും ഇസ്ലാമിലേക്ക് ആകൃഷ്ടരായത്. മറിച്ച് പലപ്പോഴും സൂഫി ഷെയ്ക്ക്മാരുടെ ജീവിതവിശുദ്ധിയും ആത്മീയശക്തിയും പാണ്ഡിത്യവും അത്ഭുതപ്രവൃത്തികളും മറ്റും അനുഭവിച്ചറിഞ്ഞവരായിരുന്നു അവർ എന്നതായിരുന്നു കാരണം. തങ്ങളെ ആകർഷിച്ച ഷെയ്ക്കുമാരുടെ പാത പിൻപറ്റുന്നതിലായിരുന്നു അവർ ഇസ്ലാമിനെ കണ്ടെത്തിയിരുന്നത്. പലപ്പോഴും ഇസ്ലാമിന്റെ മൗലീക പ്രമാണങ്ങൾക്ക് ആ ഇസ്ലാമിൽ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല.
അടിമത്വവും ദുസ്സഹമായ ജാതിവ്യവസ്ഥയിലും നിന്നും രക്ഷപ്പെടാൻ അവർണർ ഇസ്ലാമതം സ്വീകരിച്ചിട്ടുണ്ട്. എണ്ണൂറു വർഷത്തോളം നീണ്ടുനിന്ന മുസ്ലീം ഭരണംകൊണ്ട് ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമായില്ല. ‘ മണ്ണിന്റെ മക്കൾ ‘ വാദത്തിന് ഇസ്ലാമിക ഭൂമികയിൽ പ്രസക്തിയില്ല. ഏകദേശം നൂറ്റിതൊണ്ണൂറ് വർഷത്തെ ബ്രിട്ടിഷു ആധിപത്യം ഇന്ത്യയെ ക്രൈസ്തവ രാഷ്ട്രമാക്കി മാറ്റിയില്ല. ചരിത്രത്തിലുടനീളം നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യം ഇന്ത്യ നിലനിർത്തി കൊണ്ടുവന്നിട്ടുള്ളത്. ലിഖിത നിയമങ്ങളുടെ അഭാവത്തിൽ പോലും നമ്മുടെ പൂർവ്വികർ മതേതരത്വമെന്ന ആശയത്തെയും അതിന്റെ ജനകീയ പാരമ്പര്യത്തെയും നിലനിർത്തിയിരുന്നു.

ഹിന്ദു വർഗീയവാദ രാഷ്ട്രീയം പുതുതായി രൂപംകൊടുത്ത ‘ഹിന്ദുത്വം’ എന്ന ആശയത്തിനു ഭാരതീയ പാരമ്പര്യത്തിലോ ചരിത്രത്തിലോ വേരുകളില്ല. ഭൗതിക വാദത്തിൽ അടിയുറച്ച ജൈനമതവും ബുദ്ധമതവും ഭാരതീയമാണ്. ഇന്ത്യയിൽ ഈശ്വര സങ്കല്പം തന്നെ പലതാണ്. ഏകദൈവ വിശ്വാസം പോലെ ബഹുദൈവ വിശ്വാസവുമുണ്ട്. അതേപോലെ നിരീശ്വവാദവും. ഇന്ത്യൻ സംസ്കാരം ആസ്തികമെന്നതു പോലെ നാസ്തികവുമാണ്. അതുപോലെതന്നെ ഇന്ത്യയിലെ യഹൂദ ക്രൈസ്തവ ഇസ്ലാമിക സമൂഹങ്ങളും ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. മതം എന്നത് നീതിബോധം മാത്രമാണ്. നീതി വിരുദ്ധമായത് മതമേ അല്ല.

ദൈവ നിഷേധത്തിന്റെയും മത നശീകരണത്തിന്റെയും പടിഞ്ഞാറൻ പേരാണ് സെക്കുലറിസം എന്ന് പലരും വിചാരിക്കുന്നു. സെക്കുലർ രാഷ്ട്രം മതമില്ലാത്തതല്ല. മതവിരുദ്ധമല്ല. മാതാധിഷ്ഠിതവുമല്ല. മതം രാഷ്ട്രത്തിന്റെ വിഷയമല്ല എന്നേ അതിനു താത്പര്യമുള്ളു. രാഷ്ട്രത്തിനു മുൻപാകെ ഭിന്നമതവിശ്വാസികൾ തുല്യരാണ് എന്ന് സെക്കുലറിസം പറയുന്നു. വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ആ വ്യവസ്ഥിതി ഉറപ്പുവരുത്തുന്നുണ്ട്. പൗരന്റെ വിശ്വാസത്തിൽ ഭരണം കൈ കടത്തരുത് എന്നു ചുരുക്കം. ഭിന്ന സംസ്കാരങ്ങൾ പുലരുന്ന ഇന്ത്യയ്ക്ക് മറ്റേതു വ്യവസ്ഥയാണ് സ്വീകരിക്കാനാവുക?

ദേശ സ്നേഹവും മതസൗഹാർദ്ദവും വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. മുഹമ്മദ് നബി മദീനയിൽ ഭരണം സ്ഥാപിച്ചപ്പോൾ അവിടെത്തെ ന്യൂനപക്ഷമായ ജൂതന്മാരുമായി ഉടമ്പടി ഉണ്ടാക്കി. മുഹമ്മദ് നബിയുടെ ഭരണകൂടം മുസ്ലീംങ്ങളെയും അല്ലാത്തവരരെയും പൗരന്മാർ എന്ന നിലയിൽ തുല്യമായി കണ്ടിരുന്നു . മത വിശ്വാസത്തിന്റെ കാര്യത്തിൽ അവർ സ്വതന്ത്രരായിരുന്നു. ആഭ്യന്തരമോ ബാഹ്യമോ ആയ ആക്രമണങ്ങൾക്കെതിരായി വിശ്വാസഭേദം കണക്കാക്കതെ അവർ ഒന്നിച്ചു പോരാടി. മദീനാ ദേശീയത അവരെ ഒരുമിപ്പിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ട് ഇതിനപ്പുറം വല്ലതും സെക്കുലറിസവും ദേശീയതയും നമ്മോട് പറയുന്നുണ്ടോ? ഇതാണ് മുഹമ്മദ് നബിയുടെ മാതൃക.

ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ ഉപദ്വീപിലെ മക്കയിൽ വിരലിലെണ്ണാവുന്ന ആളുകളുമായി മുഹമ്മദ് നബി തുടക്കം കുറിച്ച പ്രബോധനം സൂഫികളും, വണിക്കുകളും, പ്രബോധകരും വഴി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഇസ്ലാമിന്റെ സന്ദേശങ്ങൾ എത്തികുയുണ്ടായി. നൂറ്റാണ്ടുകൾ പ്രഭാവത്തോടെ നിലനിന്ന നാഗരികത എന്നനിലയിൽ ലോകത്തെ സാംസ്കാരികമായും ധൈഷണികമായും വൻതോതിൽ സ്വാധീനിക്കാൻ ഇസ്ലാമിനു സാധിച്ചു.

വിജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും അത്ഭുതകരമായ പുരോഗതി ഉണ്ടായി. അറബി ജേതാക്കൾ കീഴടക്കപ്പെട്ടവരോടു കാണിച്ച സഹിഷ്ണുതയുടെ വലിപ്പം നിമിത്തം, അറബി ഭാഷയെ ഏറ്റവും വലിയ വിജ്ഞാന ഭണ്ഡാഗാരവും ഏറ്റവും സമ്പന്നമായ സാഹിത്യഭാഷയുമാക്കിയ കവികളിലും, ശാസ്ത്രജ്ഞൻമാരിലും ദാർശനികരിലും ഭൂരിപക്ഷം പേരും അറബി രക്തമുള്ളവരായിരുന്നില്ല. അറബികൾ യൂറോപ്പിലെ ഒരൊറ്റ ക്രിസ്ത്യൻ സർവ്വകലാശാലകയ്ക്കും അനേകം നൂറ്റാണ്ടുകളിൽ കിടപിടിക്കാൻ കഴിയാതിരുന്ന മഹത്തായ സർവ്വകലാശാലകൾ സ്ഥാപിച്ചു. അവയിൽ ഏറ്റവും വിഖ്യാതമായവ കെയ്റോവിലേയും കൊർഡൊവയിലേയും ബാഗ്ദാദിലേയും സർവ്വകലാശാലകളായിരുന്നു .

മദ്ധ്യകാല സാമ്പത്തിക ജീവിതത്തിന് മുസ്ലീം ലോകം നൽകിയ ഏറ്റവും വലിയ സംഭാവനകളായ ചെക്കുകൾ, രസീതുകൾ, വിനിമയ ബില്ലും (Bills of Exchange), കടപ്പത്രം (Letters of Credit ) മുതലായവ 1400 മുതൽ യൂറോപ്പിൽ ഒരു വാണിജ്യ വിപ്ലവം തന്നെ സൃഷ്ടിച്ചു. മതം, തത്ത്വചിന്ത, ശാസ്ത്രം, കല, വാസ്തുശില്പം, സാഹിത്യം, സംഗീതം, കൈയ്യെഴുത്ത് കല, ഭക്ഷണം, വേഷം എന്നിവയിലെല്ലാം അളവറ്റ സ്വാധീനമാണ് കിഴക്കും പടിഞ്ഞാറും ഇസ്ലാം ചെലുത്തിയത്.

മതമെന്ന നിലയിലും സംസ്കാരമെന്ന നിലയിലും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ഇസ്ലാം ഇന്ന് പല വെല്ലുവിളികളെയും നേരിട്ടു കൊണ്ടിരിക്കുന്നു.

ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളും നിലകൊളളുന്നത് മനുഷ്യനെ നന്മയിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിന് വേണ്ടിയാണ്. എല്ലാ മതങ്ങളിലും ക്രിമിനൽ വാസനയുളള വ്യക്തികൾ, തങ്ങളുടെ മാനസിക വൈകൃതങ്ങളെ വെളള പൂശാനും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടിയും മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനം നടത്തുന്നു. സ്വന്തം ഉന്മാദത്തിന് വേണ്ടി തങ്ങൾ ചെയ്യുന്ന എല്ലാ കുററകൃത്യങ്ങളും മതത്തിന്റെ കണക്കിൽ വരവുവെക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് ഭീകരവാദത്തിന് മതമില്ലയെന്ന് പറയുന്നതും. ഭീകരവാദം അത് ഏതു തരത്തിലുളളതായാലും വേരോടെ പിഴുതെറിയേണ്ടത് ലോക സമാധാനത്തിന് ആവശ്യമാണ്.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരനായ വംശീയവാദിയായിരുന്നു ഹിറ്റ്‌ലർ. ലോകത്തിലെ ഏറ്റവും ശുദ്ധജനവിഭാഗമെന്നു സ്വയം ഊറ്റം കൊളളുന്ന ജർമ്മൻ ആര്യന്മാരെ വെച്ചു ലോകത്തെ ഭരിക്കാർ വേണ്ടി ഇറങ്ങിതിരിച്ചു. ദശലക്ഷക്കണക്കിന് നിരപരാധികളായ ജൂതന്മാരെയും കമ്യുണിസ്റ്റ്കാരെയും കൊന്നൊടുക്കിയിട്ട് ഹിറ്റ്‌ലര്‍ എന്ത് നേടി ? വർഷങ്ങളോളം സ്വന്തം നിഴലിനെ പോലും ഭയന്നു ജീവിക്കേണ്ടിവന്നു. അവസാനം ദാരുണമായ അന്ത്യവും.

മുസ്ലീം രാഷ്ട്രങ്ങളും മുസ്ലീം സംഘടനകളും ഒന്നടങ്കം ഭീകരതയെ തള്ളി പറഞ്ഞിട്ടും മുസ്ലീംങ്ങളെ ഭീകരതയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ആഗോളതലത്തിലും ഇന്ത്യയിലും ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു പിടി മണ്ണു പോലും അവകാശപ്പെടാനില്ലാത്ത അഭയാർത്ഥികളായി മാറികൊണ്ടു ഇരിക്കുകയാണ് ലോക മുസ്ലീംങ്ങൾ. പല ലോകരാജ്യങ്ങളും മുസ്ലീം അഭയാർത്ഥികളെ ചേർത്തു പിടിച്ചിട്ടുണ്ട്. ഇത്തരത്തിലുളള കരുണയുടെ ഉറവവറ്റാത്ത മനുഷ്യരാണ് ഭൂമിയെ സ്വർഗമാക്കുന്നത്. ചവിട്ടി നിൽക്കുന്ന ഭൂമി അന്യമാവതെ ഇരിക്കാൻ മുസ്ലീം സമുദായം ജാഗ്രതയോടെ ജീവിക്കണം. അതോടൊപ്പം തന്നെ ബഹുസ്വരസമൂഹമായി ഇണങ്ങിചേർന്നു മുന്നോട്ട് പോകുകയും വേണം.
മുസ്ലീം സമുദായത്തിന്റെ പുരോഗമനാത്മകമായ മതനിരപേക്ഷീകരണത്തിലൂടെ മാത്രമേ മതത്തിന്റെയും സമൂഹത്തിന്റെയും വൃത്തങ്ങളെ വേർതിരിച്ചു നിർത്താനാവൂ. ദാർശനികരും സൂഫികളും എന്നും ഇതംഗീകരിക്കുന്നു. പൗരസമൂഹം സ്വതന്ത്രമാവണമെന്നും വ്യക്തിഗതമായ ആത്മീയത, ആചാരാനുഷ്ഠാനത്തിനു പകരം വയ്ക്കണമെന്നും അവർ ഉപദേശിക്കുന്നു.

(അവസാനിച്ചു)

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി, പരമകാരുണ്യവാന് സ്തുതി !!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സൂഫിസം (Sufism) ഭാഗം 25”

  1. പ്രിയ സഹോദരി നന്നായിട്ടുണ്ട് രചന. ഇസ്ലാമിന്റെ മഹത്വമെന്നത് ജീവിതശുദ്ധിയാണ് അതിനപ്പുറം മഹത്വമില്ല. അത് കൊണ്ട് മഹത്വം അറിയാതെ ഇസ്ലാം ആശ്ലേഷിച്ചു എന്ന് പറഞ്ഞതിൽ തെറ്റില്ലേ?

Leave a Reply

Your email address will not be published. Required fields are marked *

Scroll to top