Flash News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബ്ബന്ധിച്ചു; സ്വപ്ന സുരേഷിന്റെതെന്ന പേരിലുള്ള ശബ്ദരേഖ പുറത്തായി

November 19, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്തായി. മുഖ്യമന്ത്രിക്കെതിരെ മൊഴി നലകണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബ്ബന്ധിച്ചു എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ജയിലില്‍ കഴിയുന്ന സ്വപ്‌നയുടെ സന്ദേശം പുറത്ത് വന്നത് അവരെ നിയമം ലംഘിച്ച് പലരും സന്ദര്‍ശിച്ചതിന്റെ തെളിവാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

”ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യുഎഇയില്‍ പോയി സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോഷിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്. അപ്പോള്‍ എന്നോട് അത് ഏറ്റു പറയാനാണ് പറയണത്. അപ്പോള്‍ എന്നെ മാപ്പു സാക്ഷിയാക്കാമെന്ന്. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ വീണ്ടും ജയിലില്‍ വരുമെന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചിട്ട് പോയി.” എന്നാണ് സ്വപ്‌ന സുരേഷിന്റേതായി പുറത്ത് വന്ന സന്ദേശം.

ഒരു സ്വകാര്യ പോര്‍ട്ടല്‍ പുറത്തുവിടുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്ത ഈ സന്ദേശത്തില്‍ രണ്ട് കാര്യങ്ങളാണ് പറയുന്നത്. ശിവശങ്കറിനായി യുഎഇയില്‍ പോയി മുഖ്യമന്ത്രിയ്ക്കായി സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയെന്ന് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നു. മൊഴികള്‍ വായിച്ച് പോലും നോക്കാന്‍ സമ്മതിക്കാതെ ഒപ്പിടുവിക്കുന്നു. 36 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സന്ദേശം സ്വപ്‌നയുടേതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് എപ്പോള്‍ ആരോട് പറഞ്ഞതാണെന്നോ എങ്ങിനെ പുറത്തുവന്നുവെന്നോ വ്യക്തമല്ല. സന്ദേശത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അടക്കം അന്വേഷിക്കുന്നുണ്ട്. സന്ദേശം യഥാര്‍ത്ഥമാണോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. സ്വപ്‌ന സുരേഷിനെ കസ്റ്റംസും ഇഡിയും വിജിലന്‍സും മണിക്കൂറുകള്‍ ജയിലില്‍ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയായിരുന്നു ഈ ചോദ്യം ചെയ്യല്‍. ചില ബന്ധുക്കള്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിക്കുകയും ചെയ്തു.

നിയമം ലംഘിച്ച് സ്വപ്നയെ ജയിലില്‍ പലരും സന്ദര്‍ശിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. തോമസ് ഐസക്കിന് വേണ്ടിയും മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും പലരും സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ആദ്യ ദിവസം തന്നെ സ്വപ്‌നയെ 15 പേരാണ് ജയിലില്‍ സന്ദര്‍ശിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സന്ദേശം പുറത്ത് വന്നത്. ജയില്‍ കഴിയുന്ന സ്വപ്‌നയുടെ സന്ദേശം പുറത്ത് വന്നത് തന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ശബ്ദം സ്വപ്‌ന സുരേഷിന്റേത് തന്നെ

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേതെന്ന് പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ സ്വപ്‌നയുടേതെന്ന് ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഉത്തരമേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശബ്ദം തന്റേതാണെന്ന് സ്വപ്‌ന സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ഋഷിരാജ് സിങ് വ്യാഴാഴ്ച രാവിലെ ഉത്തരവിട്ടിരുന്നു. ദക്ഷിണ മേഖല ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ജയില്‍ ഡി.ജി.പി അറിയിച്ചു.

ശബ്ദ സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ചാണ് പ്രധാനമായും ഡി.ഐ.ജി അന്വേഷിക്കുക. സ്വപ്ന ഫോണില്‍ ജയിലില്‍ നിന്ന് ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഫോണ്‍ ലഭിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ശബ്ദസന്ദേശം പുറത്ത് പോയതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. ജയിലില്‍ നിന്നല്ല ശബ്ദ സന്ദേശം പുറത്ത് പോയത്, തെളിവെടുക്കാന്‍ പുറത്ത് കൊണ്ടുപോയപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാവാമെന്നാണ് കരുതുന്നത്. എപ്പോള്‍ റെക്കോര്‍ഡ് ചെയ്തുവെന്ന് അറിയില്ലെന്നും സ്വപ്‌ന ജയില്‍ ഡിഐജിയോട് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top