Flash News

ഫൊക്കാന എ, ബി, അൺനോൺ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ: സണ്ണി മാളിയേക്കൽ

November 20, 2020

ഡാളസ്: ലക്ഷകണക്കിനാളുകളുടെ ജീവൻ കവർന്ന കോവിഡ് മഹാമാരിയിൽ ലോകജനത, പ്രത്യേകിച്ച് അമേരിക്കൻ ജനത ഭീതിയുടെ നിഴലിൽ കഴിയുന്ന ഈ അവസരത്തിൽ കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിൽ ചിലർ, തങ്ങളിൽ നിപ്ക്ഷിതമായിരിക്കുന്ന ഉത്തരവാദിത്വങ്ങൾ മറന്നു ചില സംഘടനകളുടെ പേരിൽ ഗ്രൂപ്പ് തിരിഞ്ഞു അധികാര മത്സരങ്ങൾ നടത്തുന്നത് കാണുമ്പോൾ മനസ്സിൽ ഉയരുന്ന ചില സംശയങ്ങൾക്കു ഉത്തരം ലഭിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയതിനാലാണ് താഴെ പറയുന്ന ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു നിർബന്ധിതനായതെന്നു ഡാളസിലെ സാമുഹ്യ സാംസ്കാരിക പ്രവർത്തകനും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (നോർത്ത് ടെക്സാസ് ചാപ്റ്റർ) പ്രസിഡന്റും എഴുത്തുകാരനുമായ സണ്ണി മാളിയേക്കൽ പറഞ്ഞു.

1983-ല്‍ ഫൊക്കാനയുടെ രൂപീകരണ സമയത്ത് അമേരിക്കയിൽ എത്ര മലയാളി സംഘടനകൾ ഉണ്ടായിരുന്നു? സംഘടനകൾക്ക് മുകളിൽ മറ്റൊരു സംഘടന ഉണ്ടാക്കേണ്ട ആവശ്യം അന്നു എന്തായിരുന്നു?

അമേരിക്കയിൽ ഉണ്ടായിരുന്ന ശക്തമായ അംബ്രല്ലാ സംഘടനയായിരുന്ന ഫൊക്കാന പിളർന്നു വർഷങ്ങൾക്ക് മുൻപ് രണ്ടു സംഘടനകൾ ഉണ്ടായിരിക്കുന്നു (അന്ന് സംഘടന പിളർന്നത് വ്യക്തികൾ തമ്മിലുണ്ടായ അധികാര തർക്കം തന്നെയാണെന്നത് വിസ്മരിക്കുന്നില്ല). ഫൊക്കാനയിൽ വീണ്ടും വളരെ ഗുരുതരമായ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നു. ഫൊക്കാന എ, ബി, അൺനോൺ എന്ന പേരിൽ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഓരോ സംഘടനകളുടെ കീഴിലുള്ള ലോക്കൽ സംഘടനകൾ ഏതെല്ലാമാണെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു സംഘടനയും കേട്ട ഭാവം പോലും നടിക്കുന്നില്ല. മലയാളികളുൾപ്പെടെയുള്ള സ്പോൺസർമാരെ ഉപയോഗപ്പെടുത്തി ഈ രണ്ടു സംഘടനകളും എത്ര ഫണ്ട് പിരിച്ചു? എത്ര ആളുകളെ സ്പോൺസർ ചെയ്തു കൊണ്ടുവന്നു? എന്തെല്ലാം കാര്യങ്ങൾ ചെയ്തു? എന്ന് വ്യക്തമാക്കുവാൻ ഇരു സംഘടനകൾക്കും ബാധ്യതയുണ്ട്.

അമേരിക്കൻ മലയാളികളെ മൊത്തം പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ സംഘടനകൾ നാട്ടിൽ നിന്നും ധാരാളം പേരെ സ്പോൺസർ ചെയ്തു അമേരിക്കയിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്. എന്നാൽ, ഇതുവരെ അമേരിക്കയിലുള്ള മലയാളികളെ ആരെയെങ്കിലും ക്ഷണിക്കപ്പെട്ട അതിഥികളായി നാട്ടിൽ ഏതെങ്കിലും സംഘടനകൾ സ്വീകരിച്ചിട്ടുണ്ടോ? ലോകമെമ്പാടുമുള്ള മനുഷ്യർ ഈ മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍ അമേരിക്കയിലുള്ള ഒരു മലയാളി സംഘടനകളും അവരുടെ നെടുംതൂണായ മെഡിക്കൽ പ്രൊഫഷന്നലുകളെ ഒരു രീതിയിലും ഗൗനിക്കുന്നില്ലെന്ന് മാത്രമല്ല അവഗണിക്കുക കൂടി ചെയുന്നുവെന്നത് ദുഃഖകരമാണ്. അതേ സമയം, സംഘടനകളിൽ അധികാര കസേരക്കുവേണ്ടി പ്രത്യേകം കോക്കസ് ഉണ്ടാക്കി തമ്മിൽത്തമ്മില്‍ നടത്തുന്ന യുദ്ധത്തിൽ നിന്നും നിങ്ങളെന്തു നേടും?

അമേരിക്കയിലുള്ള നാല് ലക്ഷത്തിൽപരം മലയാളികളെ കോർത്തിണക്കി ഒരു സംഘടന രൂപീകൃതമാകുമോ എന്ന പ്രതീക്ഷയിൽ കഴിയുന്ന മലയാളികൾക്കിടയിൽ ഭൂരിപക്ഷം ഒന്നുമില്ലാതെ, എന്നാൽ എല്ലാവരുടെയും ഫൊക്കാന എ, ബി, അൺനോൺ പിന്തുണയുണ്ടെന്നു അഭിമാനിക്കുന്ന സംഘടനാ പാരമ്പര്യമാണ് ഇവിടെയുള്ളത്. ലോക മലയാളികളുടെ മുമ്പിൽ അമേരിക്കൻ മലയാളികളെ നാണം കെടുത്തുന്ന ഈ വൃത്തികെട്ട സംഘടനകളും അതിനു നേതൃത്വം നല്‍കുന്നവരെയും പിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലുള്ള എത്ര മലയാളികൾക്ക് മലയാള ഭാഷയെക്കുറിച്ച് അഭിമാനിക്കാനാകും. നമ്മുടെ അടുത്ത തലമുറയിലെ കുട്ടികളിൽ മലയാള ഭാഷയെകുറിച്ചു അവബോധം വളർത്തുന്നതിനും അവരെ സപ്പോർട്ട് ചെയ്യുന്നതിനും ഉതകുന്ന അടിസ്ഥാനപരമായ ഒരു സംവിധാനമാണ് ഇവിടെ ഉണ്ടാകേണ്ടത്.

ഇത്രയും വലിയ സംഘടനയൊ സംഘടനകളുടെ സംഘടനയും ഒന്നുമില്ലാതെ അമേരിക്കയിലെ പി ടി തോമസ് സൗഹൃദ നഗരമായി തിരുവല്ലയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ എത്ര മാത്രം പ്രശംസിക്കപ്പെടേണ്ടതാണ്. ഇവിടെ ചില വ്യക്തികൾ നടത്തുന്ന പ്രവർത്തനങ്ങൾ സംഘടനക്കും സംഘടനയ്ക്ക് മുകളിലും ആണെന്നുള്ള കാര്യം എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അംഗീകാരങ്ങൾക്ക് അടിമയായി തുടങ്ങിയ ഈ സംഘടനകൾ ഭാവി അമേരിക്കൻ മലയാളികളുടെ ഒരു ശാപമായി മാറില്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ? ഒന്നു മനസ്സിലാക്കുക സംഘടിച്ച് ഇവിടെ നേടുവാൻ ഒന്നുമില്ലല്ലോ? വ്യക്തമായ നീതിന്യായ വ്യവസ്ഥിതികൾ നിലനിൽക്കുന്ന ഒരു രാജ്യത്താണ് നമ്മൾ നിലനിൽക്കുന്നത്. ഈ മെൽറ്റിംഗ് പോട്ടിൽ നമുക്ക് വേണ്ടത് കൂട്ടായ്മയാണ്. സ്വയം നന്നാവില്ല എന്ന് നമുക്കറിയാം. പക്ഷെ നമ്മുടെ വരുംതലമുറയെങ്കിലും നന്നാവണം എന്നു ചിന്തിക്കുന്നതാണ് ഏറ്റവും ഉചിതം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top