Flash News

ചങ്ങമ്പുഴ അനുസ്മരണ കഥാപ്രസംഗം നവംബര്‍ 28 ന്

November 21, 2020 , മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റി (KLS) ഡാളസിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ ചങ്ങമ്പുഴ അനുസ്മരണ കഥാപ്രസംഗവും ചർച്ചയും. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രസിദ്ധ കാഥികൻ പുളിമാത്ത് ശ്രീകുമാർ തന്റെ ഏറ്റവും പുതിയ കഥ ‘ചങ്ങമ്പുഴ സ്നേഹിച്ചു തീരാത്ത ഗന്ധർവ്വൻ’ അമേരിക്കൻ മലയാളികൾക്കായി അവതരിപ്പിക്കുന്നു.

മലയാളി മനസ്സുകളിൽ ഒരു ഇളംകാറ്റായും കുളിർകാറ്റായും തഴുകി ഒടുവിൽ ഒരു കൊടുങ്കാറ്റായി വീശി നൊടിയിടക്കുള്ളിൽ അപ്രത്യക്ഷനായ മലയാള കാവ്യഗന്ധർവ്വൻ ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ജീവിത കഥ അതീവ ഹൃദ്യമായി കാഥികൻ പുളിമാത്ത് ശ്രീകുമാർ കേരളാ ലിറ്റററി സൊസൈറ്റിയുടെ വേദിയിൽ എത്തിക്കുന്നു. മുപ്പത്തഞ്ചു വർഷമായി കഥാപ്രസംഗ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു, സാമൂഹികോപകാരപ്രദവും, ഈടുറ്റതും അത്യന്തം ശ്രദ്ദേയവുമായ മലയാള കൃതികൾ കഥാപ്രസംഗ രംഗത്ത് അവതരിപ്പിച്ചു ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ കാഥികനാണ് അദ്ദേഹം.

2018 ൽ കഥാപ്രസംഗകലക്ക് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചു കൊണ്ട് കേരളത്തിലെ മികച്ച കാഥികനായി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ തെരെഞ്ഞെടുത്ത് അവാർഡ് നൽകി ആദരിച്ചു. വി സാംബശിവൻ സ്മാരക കഥാപ്രസംഗ പുരസ്കാരം, കെടാമംഗലം സദാനന്ദൻ സ്മാരക കഥാപ്രസംഗ പുരസ്കാരം കാഥിക രത്നം , കാഥിക പത്മം, അക്ഷര ശ്രീ തുടങ്ങി മുപ്പതിൽപരം പുരസ്കാരങ്ങൾ ഇതിനോടകം അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ആയിരക്കണക്കിന് വേദികളിൽ കഥ അവതരിപ്പിച്ചു വിഖ്യാതനായ ശ്രീകുമാർ സാമൂഹ്യാവബോധം ഉയർത്തുന്ന കഥാപ്രസംഗ കലയുടെ ശക്തനായ വക്താവാണ്.

‘മാർത്താണ്ഡവർമ്മ’ , ‘ഒരു ദേശത്തിന്റെ കഥ ‘ ‘യക്ഷി’ , ‘അഗ്നിസാക്ഷി’ തുടങ്ങി വിഖ്യാത കൃതികൾക്ക് കഥാപ്രസംഗ ഭാഷ്യം ചമച്ചു കേരളക്കരയാകെ അവതരിപ്പിച്ച ശ്രീകുമാറിന്റെ പുതിയ കഥ ‘ചങ്ങമ്പുഴ സ്നേഹിച്ചു തീരാത്ത ഗന്ധർവ്വൻ’ ചങ്ങമ്പുഴയുടെ ജീവിത കഥയാണ്.

മറ്റാരും സ്പർശിക്കാത്ത തികച്ചും ഗവേഷണാത്മകമായ ഒരു കഥാപ്രസംഗ ശില്പമാണിത്. ചങ്ങമ്പുഴയുടെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള ഓരോരുത്തരുടെയും ജീവിത കഥയായി കേൾവിക്കാര്ക്ക് അനുഭവപ്പെടും.

ഉത്സവപ്പറമ്പുകൾക്കും സാംസ്കാരിക വേദികൾക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന തരത്തിൽ ധാരാളം പഠന നിരീക്ഷണങ്ങൾ നടത്തി അദ്ദേഹം സ്വയം തയ്യാറാക്കിയ കഥയ്ക്ക് പ്രശസ്ത സംഗീത സംവിധായകൻ ഋഷികേശ് ആണ് ഈണം പകർന്നിരിക്കുന്നത്.

താങ്ക്സ് ഗിവിങ് അവധി വാരാന്ത്യത്തിൽ നടക്കുന്ന ഈ കഥാപ്രസംഗ പരിപാടി ആസ്വദിക്കുവാൻ കേരള ലിറ്റററി സൊസൈറ്റി ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

സമയം: നവംബർ 28 ശനി, 10 am (US, CDT)
Zoom Meeting ID : 838 2206 5290 Passcode: 788783


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top