Flash News

ഇടതു സർക്കാര്‍ ചെയ്യുന്നത് മാധ്യമ സ്വാതന്ത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റം: രമേശ് ചെന്നിത്തല

November 22, 2020

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമായാണ് സൈബർ ദുരുപയോഗം തടയാൻ ഇടതു സർക്കാർ അവതരിപ്പിച്ച മാധ്യമ മരണ ഓർഡിനൻസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സോഷ്യൽ മീഡിയ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തിയാല്‍ അഞ്ച് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ഈടാക്കുമെന്ന് കേരള പോലീസ് നിയമത്തിലെ 118 (എ) ഉപവകുപ്പ് ഭേദഗതി ചെയ്ത് നടപ്പാക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശ ലംഘനമാണ്. ആരും പരാതിപ്പെട്ടില്ലെങ്കിലും പോലീസിന് കേസ് ഫയൽ ചെയ്യാൻ കഴിയുന്ന കോഗ്നസിബിള്‍ വകുപ്പാണിത്. അങ്ങനെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്ന നിയമമാണിത്. സി.പി.എമ്മിനും ഇടതു സർക്കാരിനും സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും എതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശബ്ദമാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്.

വളരെയേറെ അവ്യക്തതകള്‍ ഉള്ള ഒരു നിയമഭേദഗതിയാണിത്. അഭിപ്രായ പ്രകടനങ്ങളോ വാര്‍ത്തകളോ വ്യക്തിഹത്യയാണെന്ന് പൊലീസിന് തോന്നിയാല്‍ കേസെടുക്കാം എന്നാണ് പറയുന്നത്. ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലീസ് എങ്ങിനെ തിരുമാനിക്കും എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്ന് വരുന്നത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം. അപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള സി പി എം സര്‍ക്കാരിന്റെ ദുഷ് ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും വിമര്‍ശിച്ചാല്‍ ജയിലിലടക്കമെന്നമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന വ്യക്തമാകുന്നു. നിയമപരമായി നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ഓര്‍ഡിന്‍സ് കൊണ്ടുവന്നത് തന്നെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കൊണ്ട് സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്ന് ലക്ഷ്യം മുന്‍ നിര്‍ത്തി മാത്രമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും എതിരാണെന്ന കാരണം പറഞ്ഞ് ഐടി ആക്റ്റ് 2000 ലെ സെക്ഷൻ 66 എ, കേരള പോലീസ് ആക്റ്റ് 2011 ലെ സെക്ഷൻ 118 ഡി എന്നിവ 2015 സെപ്റ്റംബറിൽ സുപ്രീം കോടതി റദ്ദാക്കിയതാണ്. ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശം പരിപാവനമായാണ് ഭരണഘടന കരുതുന്നെന്നാണ് ഈ കേസിലെ വിധി പ്രസ്താവിച്ച് കൊണ്ട് അന്നത്തെ സൂപ്രിം കോടതി ജഡ്ജിമാരായ ജ: ജെ ചലമേശ്വറും, ജ: റോഹിംങ്ങ്ടന്‍ നരിമാനും പറഞ്ഞത്. ഈ വിധിയെ അന്ന് ആദ്യം സ്വാഗതം ചെയ്ത പാര്‍ട്ടികളില്‍ ഒന്ന് സി പിഎം ആയിരുന്നു. ഏന്നാല്‍ ഇപ്പോള്‍ സി പി എം പൊളിറ്റ് ബ്യുറോ അംഗമായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സുപ്രിം കോടതി റദ്ദാക്കിയ 66 എ നിയമത്തിനെക്കാള്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു മാധ്യമ മാരണ നിയമം ഓര്‍ഡിന്‍സായി കൊണ്ടുവന്നിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമങ്ങളെയും, സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തെയും ഭീഷണിപ്പെടുത്തി നിലക്ക് നിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top