Flash News

പോലീസ് നിയമ ഭേദഗതി: മുഖ്യമന്ത്രിയുടെ വിശദീകരണം അപ്രസക്തമാണെന്ന് ലൈവ് ലോ എഡിറ്റര്‍

November 23, 2020

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ മാത്രം ഭയപ്പെട്ടാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സാമൂഹിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ലൈവ് ലോ മാനേജിംഗ് എഡിറ്റർ മനു സെബാസ്റ്റ്യൻ പറഞ്ഞു. പുതിയ പോലീസ് നിയമ ഭേദഗതിക്ക് ധാരാളം സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി. പുതിയ പോലീസ് നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷ മാധ്യമ പ്രവർത്തനങ്ങൾക്കും എതിരെ ഒരു തരത്തിലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും പോലീസ് സ്‌റ്റേഷനിലിരിക്കുന്ന എസ്എച്ച്ഒയുടെ മനോധര്‍മ്മം അനുസരിച്ചായിരിക്കും കേസെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റും അപ്രസക്തമാണെന്ന് അഭിഭാഷകൻ കൂടിയായ മനു പറഞ്ഞു.

മനു സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല’ – എന്ന് മുഖ്യമന്ത്രി പറയുന്നു. നല്ല കാര്യം.

പക്ഷെ, ഈ നിയമത്തിന്റെ ഉപയോഗം ഒരു പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മനോധര്‍മ്മം അനുസരിച്ചായിരിക്കും എന്നതാണ് വസ്തുത. നിയമം പ്രവര്‍ത്തിക്കുന്നത് അതിന്റെ ടെസ്റ്റ് അനുസരിച്ചാണ്. മുഖ്യമന്ത്രിയുടെ ഫെസ്ബുക്ക് പോസ്റ്റിന് അവിടെ പ്രസക്തിയില്ല.

ഈ നിയമത്തിന്റെ യുക്തിയില്ലായ്മ കാണിക്കാന്‍ ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ വിവാദമായിരിക്കുന്ന കിഫ്ബി-മസാല ബോണ്ട് വിഷയത്തെ പറ്റി ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്സ് ഇടുന്നു എന്ന് വിചാരിക്കുക. സങ്കീര്‍ണമായ സാമ്പത്തിക -ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉള്ള ഒരു വിഷയമാണ്. എന്റെ ചെറിയ ബുദ്ധി ഉപയോഗിച്ച് ഒരു ഭരണഘടനാ വിശകലനം നടത്തി, സര്‍ക്കാര്‍ നിലപാട് തെറ്റാണ് എന്ന് ഞാന്‍ വാദിക്കുന്നു.

ഈ പോസ്റ്റിന്റെ പേരില്‍, തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ധനമന്ത്രിയെ അപമാനിച്ചു എന്ന് പറഞ്ഞ് ആരെങ്കിലും 118എ വെച്ച് പോലീസില്‍ പരാതി കൊടുത്തു എന്ന് കരുതുക. കോഗ്നൈസബിള്‍ ഒഫന്‍സാണ് . ആര്‍ക്ക് വേണമെങ്കിലും പരാതി കൊടുക്കാം. ഞാന്‍ പറഞ്ഞത് അഭിപ്രായമാണെന്നും നിയമത്തിന്റെ വ്യാഖാനമാണെന്നും മറ്റും പറഞ്ഞാല്‍ പോലീസ് എസ് ഐ അത് മനസ്സിലാക്കിക്കൊള്ളണം എന്നില്ല. അങ്ങനെ മനസ്സിലാക്കാത്ത പോലീസുകാരന് വേണമെങ്കില്‍ പരാതിയുടെ പേരില്‍ എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്യാം.

മാത്രമല്ല, വിവിധ പരാതികളുടെ പുറത്തു ഈ പോസ്റ്റിന്റെ പേരില്‍ പല സ്ഥലങ്ങളില്‍ എഫ്‌ഐആര്‍ വരാം. പിന്നെ അതൊക്കെ ക്വാഷ് ചെയ്യാനും കണ്‍സോളിഡേറ്റ് ചെയ്യാനും ഞാന്‍ മേല്‍കോടതികളില്‍ പോകണം. ജാമ്യം കിട്ടാന്‍ ഞാന്‍ പറഞ്ഞത് വ്യാജമായ കാര്യമല്ല എന്ന് കാണിക്കേണ്ടി വരും. അതിനു എനിക്ക് കോടതിയില്‍ കിഫ്ബിയെ പറ്റിയും സിഎജിയെ പറ്റിയും ഭരണഘടനാ വാദങ്ങള്‍ നിരത്തേണ്ടി വരാം!.
ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള വിചാരണയില്‍ എന്നെ വെറുതെ വിട്ടേക്കാം. പക്ഷേ ഞാന്‍ കടന്ന് പോകുന്ന നിയമത്തിന്റെ ആ പ്രോസസ്സ് തന്നെ ഒരു ശിക്ഷയായി പരിണമിക്കുന്നു.

ഞാന്‍ അനുഭവിക്കുന്ന ഈ പൊല്ലാപ്പൊക്കെ കണ്ട് മറ്റ് ചിലര്‍ ചിലപ്പോള്‍ ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തി എന്ന് തന്നെ വരും. ഇതാണ് ‘ചില്ലിംഗ് എഫക്ട് ഓണ്‍ ഫ്രീ സ്പീച്ച്‌’ എന്ന് പറയുന്നത്.

ഞാന്‍ പറഞ്ഞത് ഒരു എക്‌സ്ട്രീം എക്‌സാംപിള്‍ ആയിരിക്കാം. പക്ഷെ, ചില കാര്യങ്ങളുടെ യുക്തിരാഹിത്യം കാണിക്കാന്‍ അത്തരം ഉദാഹരങ്ങള്‍ വേണ്ടി വന്നേക്കാം. ഒരു നിയമത്തില്‍ അവ്യക്തതയും (വാഗ്യൂനസ് വ്യകതിനിഷ്ഠതയും (സബ്ജക്ടീവിറ്റി) കൂടി നില്‍ക്കുമ്പോള്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കൂടുന്നു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് പോകുന്നില്ല. വാര്‍ത്തയും അഭിപ്രായവും വിശകലനവും തമ്മിലുള്ള അതിരുകള്‍ ചിലപ്പോഴൊക്കെ നേര്‍ത്തതും സങ്കീര്‍ണവുമാണ്. ഒരു പോലീസ് എസ് ഐ അത് മനസ്സിലാക്കണം എന്ന ഔദാര്യത്തിലായിരിക്കരുത് ഒരു പൗരന്റെ ഭരണഘടനാ വാഗ്ദാനം ആയ അഭിപ്രായ സ്വാതന്ത്ര്യം.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top