Flash News

മാധ്യമ സിംഹങ്ങൾ പിണറായിക്ക് കീഴടങ്ങി, മാധ്യമ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിയമം കൊണ്ടുവന്നിട്ടും ജേര്‍ണലിസ്റ്റ് യൂണിയന് മിണ്ടാട്ടമില്ല

November 23, 2020

കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ മാധ്യമ മരണ നിയമം നടപ്പാക്കിയിട്ടും കേരള ജേണലിസ്റ്റ് യൂണിയനും മാധ്യമ സിംഹങ്ങളും നിശ്ശബ്ദരാണ്. മാധ്യമ പ്രവർത്തകരുടെയും അതിന്റെ നേതാക്കളുടെയും ഏറ്റവും വലിയ സംഘടന പിണറായിക്കും സിപിഎമ്മിനും കീഴടങ്ങി. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കവർന്ന പിണറായി വിജയന്റെ പോലീസ് നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ പോലും കേരള ജേണലിസ്റ്റ് യൂണിയന് കഴിയില്ല. അതേസമയം, സ്വന്തം സംഘടനയെയും പ്രവർത്തകരെയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ പോലും വളരെ തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ മാത്രം പ്രതികരിക്കുന്ന ഒരു സംഘടനയായി ഇത് മാറിയിരിക്കുന്നു എന്ന ആരോപണം ശക്തമാണ്.

സി.പി.എമ്മിനോ അതിന്റെ നേതാക്കള്‍ക്കോ അനിഷ്ടമുണ്ടാകുന്ന ഒന്നും പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗത്തുനിന്നുണ്ടാകാതെ ശ്രദ്ധിക്കാന്‍ നേതൃത്വത്തിനാകുന്നുണ്ട്. ഇടത് സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തെരുവിലിറങ്ങാറുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മാധ്യമമാരണ നിയമത്തിനെതിരെ ഒരിലയനക്കം പോലും സൃഷ്ടിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാരിനെതിരെ നിരന്തരം സമരവുമായി തെരുവിലിറങ്ങിയ സംഘടനയാണ് കെ.യു.ഡബ്ല്യു.ജെ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ചെറിയ വിമര്‍ശനങ്ങളില്‍ പോലും മാധ്യമസിംഹങ്ങള്‍ക്ക് ചോര തിളച്ചു. യു.ഡി.എഫ് ഓഫീസുകളിലേക്കും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെട്ടു. ആ സംഘടന ഇപ്പോള്‍ സാഹിത്യഭാഷയില്‍ അപലപിച്ച് സ്ഥലംകാലിയാക്കിയിരിക്കുകയാണ്.

കേരള പോലീസ് ആക്ട് 118 എ എന്ന കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ അതിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലും കെ.യു.ഡബ്ല്യു.ജെ മിനക്കെട്ടില്ല. എന്നാല്‍ ദേശീയ തലത്തില്‍ സി.പി.എം സര്‍വ്വീസ് സംഘടനകളുടെ പ്രതിഷേധത്തിന് ആളെക്കൂട്ടാന്‍ അവര്‍ക്ക് രണ്ടാമതൊരു ആലോചനയില്ലാതിരുന്നുവെന്നത് ശ്രദ്ധേയമാണ്.

കെ.യു.ഡബ്ല്യു.ജെ പിണറായി വിജയനുവേണ്ടി കുഴലൂത്തുനടത്തുന്ന സംഘമായി മാറിയിട്ട് കാലങ്ങളായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരികെ സര്‍വ്വീസിലെടുക്കാന്‍ സര്‍ക്കാര്‍ കൂടിയാലോചന നടത്തിയത് യൂണിയന്‍ നേതാക്കളുമായിട്ടായിരുന്നു. വിജിലന്‍സ് അന്വേഷണം എന്ന വാള് കാട്ടി ഭീഷണിപ്പെടുത്തിയ സര്‍ക്കാരിന് മുന്നില്‍ എല്ലാ ന്യായമായ കാര്യങ്ങളെയും മറന്ന് ശ്രീരാമിനെ സര്‍വ്വീസിലെടുക്കാന്‍ കൂട്ടുനിന്നു യൂണിയന്‍ നേതാക്കള്‍.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും സഖാക്കളുടെ നേതൃത്വത്തില്‍ അധിക്ഷേപങ്ങളും അക്രമങ്ങളും ബഹിഷ്‌കരണങ്ങളും ഉള്‍പ്പെടെയുണ്ടായിട്ടും മാധ്യമപ്രവര്‍ത്തകരുടെ സംഘടനക്ക് മൗനമായിരുന്നു പ്രധാന ആയുധം. ചില മൂളലുകള്‍ നടത്തിയെങ്കിലും പിണറായി സഖാവിന്റെ കാതില്‍ എത്തരുതെന്ന ശ്രദ്ധയോടെയായിരുന്നു ഈ മൂളലുകള്‍.

പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ സി.പി.എം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പോലെ ആയിടത്താണ് സ്വന്തം തൊഴിലിനും ചിന്തകള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുംമേല്‍ കരിനിയമവുമായി പിണറായി എത്തിയിരിക്കുന്നത്. എന്നിട്ടും ചെറിയ ഒരു അപലപിക്കല്‍ കൊണ്ട് കാര്യം അവസാനിപ്പിച്ചുകളഞ്ഞു കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ദേശാഭിമാനിക്കാര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയില്‍ നിന്ന് മറ്റൊന്നും പ്രതിക്ഷിക്കേണ്ടതില്ലെന്നും കരുതുന്നവരുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top