ഫിലഡല്‍ഫിയ: നെഹ്റു സ്റ്റഡി സെന്റര്‍ അമേരിക്ക സംഘടിപ്പിച്ച ഫാള്‍ ഫൊട്ടോഗ്രഫി ഇവന്റില്‍ ലിബിന് ബാബൂ (സീനിയര്‍), ഹനാ അച്ചാ ജോണ്‍ (ജൂനിയര്‍) എന്നിവര്‍ ഒന്നാം സമ്മാനവും, ടോം ഫിലിപ്പ് (സീനിയര്‍), ജോയല്‍ തോമസ് ജോര്‍ജ് (ജൂനിയര്‍) എന്നിവര്‍ രണ്ടാം സമ്മാനവും, ആന്‍സൂ നെല്ലിക്കാല (സീനിയര്‍), പ്രണയാ നായര്‍, കോശി ജോണ്‍ തലയ്ക്കല്‍ (ജൂനിയര്‍) എന്നിവര്‍ മൂന്നാം സമ്മാനവും നേടി.
സര്‍ഗാത്മകതയും സൂക്ഷ്മ നിരീക്ഷണപടുത്വവും അത്ഭുതപ്പെടുത്തുന്ന പ്രകൃതിസൗന്ദര്യ ബോധവും കൊണ്ട് ഛായഗ്രാഹകരംഗത്തെ വാഗ്ദാനങ്ങളായി മാറുമെന്ന് പ്രതീക്ഷ നല്കുന്ന പുതുതലമുറയെ കലവറയില്ലാതെ അഭിനന്ദിക്കുന്നൂ എന്ന് ജഡ്ജസ് പ്രസ്താവിച്ചു. നര്‍ത്തകിയും കലാകാരിയുമായ ഡോ. ആനീ എബ്രാഹം, പ്രവാസ്സി ചാനല്‍ സീനിയര്‍ പ്രൊഡ്യൂസര്‍ ജില്ലി വര്‍ഗീസ് സാമൂവേല്‍, പ്രശസ്ത ഫോട്ടോഗ്രഫര്‍ ജിജു മാത്യൂ, യുഎസ്എ ഏഷ്യാനെറ്റ് ഛായാഗ്രാഹകന്‍ അരുണ്‍ കോവാട്ട് എന്നിവരാണ് മൂല്യനിര്‍ണയം നിര്‍വഹിച്ചത്.
സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ലിബിന് ബാബൂ മെക്കാനിക്കല്‍ എഞ്ചിനിയറായി ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ വിവിധ ആര്‍ട് എക്സിബിഷനുകളില്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ക്യാറ്റ്സ്കില്‍ മലഞ്ചെരുവിലെ പാറപ്പുറത്ത് ക്യാമറ സ്ഥാപിച്ച് ലിബിന് എടുത്ത ചിത്രമാണ് ഒന്നാം സ്ഥാനം സമ്മാനിച്ചത്. അതിമനോഹരമായ പ്രകൃതിയുടെ അനന്തമായ ലാവണ്യത്തിലേക്ക് ഓടിയടുക്കന്ന റോഡും വാഹനവും എന്നൊക്കെയുള്ള ഫോട്ടോ ചാരുതയാണ് ലിബിനെ അവാര്‍ഡിന്റെ നെറുകയിലെത്തിച്ചത്.
മേപ്പിള്ഇലയുടെ അമൂര്‍ത്തമായ കണ്ണീര് കണം എന്ന പോലെ വ്യാഖ്യാനിക്കാവുന്ന പടമെടുത്താണ് ഫിലഡല്‍ഫിയാ നോര്‍ത്ത് ഈസ്റ്റ് സ്കൂളിലെ പതിനൊന്നാം ക്ലാസുകാരി ഹനാ ജോണ്‍ കിരീടമണിഞ്ഞത്. വയലിന്, കീബോര്‍ഡ് മ്യൂസിക്കുകളിലും ഹനാ പ്രവീണയാണ്.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥനം നേടിയ ടോം ഫിലിപ് കാനഡയിലെ ഒണ്ടേറിയോയിലെ നയാഗ്രാ ഫാള്‍സില്‍ നായാഗ്രാ കോളജിലെ വിദ്യാര്‍ത്ഥിയാണ്. ഫണ്ഠില്ലിലെ സെന്റ് ജോണ്‍സ് കണ്‍സര്‍വേഷന്‍ ഏരിയായില്‍ ഹൈക്കിങ്ങ് വേളയില്‍ ക്ളിക്ക് ചെയത് തടാകവും നീന്തുന്ന പക്ഷിയും എന്ന ചിത്രമെടുത്താണ് അവാര്‍ഡ് കൊയ്തത്.
ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനമണിഞ്ഞ ജോയല്‍ തോമസ് ജോര്‍ജ് പ്രീമെഡ് വിദ്യാര്‍ത്ഥിയാണ്. പെന്‍സില്‍ വേനിയയിലെ ബെന്സേലമാണ് സ്വദേശം.ബക്ക്സ് കൗണ്ടിയിലെ ഫയര്‍ ഫൈറ്റര്‍ വോളണ്ടിയറാണ്. ഡ്രോയിങ്ങ്, ഡിസൈനിങ്ങ് എന്നിവയും ഫോട്ടോ ഗ്രഫിക്കൊപ്പം ഹോബിയാണ്. വീടിനടുത്തുള്ള പുഴയുടെയും പാറയുടെയും മരങ്ങളുടേയും സീന്‍ പകര്‍ത്തിയതിനാണ് സമ്മാനം ലഭിച്ചത്.
സീനിയര്‍ വിഭാഗത്തിലെ മൂന്നാം സമ്മാനം അന്‍സു നെല്ലിക്കാലാ നേടി. പുഴയും പാലവും സൂര്യ വെളിച്ചവും ഇഴ ചേര്‍ന്ന് മനോഹരമായി നീര്‍പരപ്പില്‍ പ്രതിബിംബമൊരുക്കുന്ന മനോഹര ദൃശ്യമാണ് അന്‍സു പകര്‍ത്തിയത്. കോളജ് വിദ്യര്‍ഥിനിയാണ്. മറ്റു കലായിനങ്ങളില്‍ പരിശീലനം തുടരുന്നു.
ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികളായ പ്രാണയാ നായരും കോശി ജോണ്‍ തലയ്ക്കലും ചൂടി. ഇലയും സൂര്യ കിരണങ്ങളും ആകാശവും മേഘക്കീറും ഉമ്മവയ്ക്കുന്ന ദൃശ്യം കോശി തലയ്ക്കല്‍ പകര്‍ത്തി. ഇലപൊഴിയും കാലത്തിലേയ്ക്ക് നിപതിയ്ക്കാന്‍ ഇനിയും സമയമായില്ലെന്ന് സൂര്യനെ നോക്കി സംഘം ചേര്‍ന്ന് പ്രാര്‍ഥാനാ നിരതരാകുന്ന ഇലകളുടെ നിറപ്പൊലിമയാണ് പ്രണയാ നായര്‍ ഒപ്പിയെടുത്തത്.
ശിശുദിനത്തോടനുബന്ധിച്ചു നടന്ന സൂം സമ്മേളനത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് എംപി, തോമസ് ചാഴികാടന് എംപി, മുതിര്‍ന്ന പത്രപ്രവര്ത്തകന് ജോര്‍ജ് കള്ളിവയല്‍ എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു. മാധവന് നായര്‍, വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവരായിരുന്നു ക്യാഷ് അവാര്‍ഡുകള്‍ സ്പോണ്സര് ചെയ്തത്. വിജയികള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സമ്മാനിച്ചു. ലെജിസ്ലേച്ചര്‍ ഡോ. ആനി പോള്‍ അദ്ധ്യക്ഷയായിരുന്നു. ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ലാനാ പ്രസിഡന്റ് ജോസന് ജോര്‍ജ്, പ്രശസ്ത നിരൂപകന് പ്രൊഫ. കോശി തലയ്ക്കല്‍, ജനനി പത്രാധിപര്‍ ജെ. മാത്യൂ, പ്രശസ്ത പത്രപ്രവര്ത്തകന് ജിന്‍സ്മോന്‍ സക്കറിയ എന്നിവര്‍ അനുമോദിച്ചു പ്രസംഗിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply