തിരുവനന്തപുരം: പ്രവാസിയായ വ്യവസായി രവി പിള്ളയുടെ മകളിൽ നിന്ന് ബിനീഷ് കോടിയേരി വാങ്ങിയ വീട് ഇഡി കണ്ടുകെട്ടാൻ തയ്യാറെടുക്കുന്നു. മരുതംകുഴി – കുട്ടാംവിളയിലെ വീടും 14 സെന്റ് സ്ഥലവുമാണ് രവി പിള്ളയുടെ മകളില്‍ നിന്ന് വാങ്ങിയത്. മുൻ ഡിജിപി വി ആർ രാജീവിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വീട്. രവി പിള്ളയുടെ മകള്‍ ആരതി പിള്ളയിൽ നിന്ന് ബിനീഷ് 3049/2014 ആയി ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വീടിനും സ്ഥലത്തിനും 55 ലക്ഷം രൂപയാണ് ആധാരത്തില്‍ കാണിച്ചിരിക്കുന വില.
കോടിയേരി ബാലകൃഷ്ണനും രവിപിള്ളയുമായി വളരെ അടുപ്പമാണ്. കോടിയേരി ആഭ്യന്തര – ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് ബിനീഷ് രവി പിള്ളയുടെ ഗള്‍ഫിലെ സ്ഥാപനത്തില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്നത്. പിന്നീട് കോവളം കൊട്ടാരം രവി പിള്ള വാങ്ങിയതില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒരുഭാഗത്ത് കോടിയേരി ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായുള്ള 4.3 ഹെക്ടര്‍ സ്ഥലത്തിന്റെയും കൈവശാവകാശം രവി പിള്ളയുടെ ഉടസ്ഥതയിലുള്ള ആര്.പി ഗ്രൂപ്പിന് 2017 ആഗസ്റ്റ് മാസത്തിലാണ് കൈമാറിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു കോവളം കൊട്ടാരം കൈമാറ്റം നടത്തിയത്.
2002ലാണ് ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ഉടസ്ഥതയിലുള്ള എംഫാര്‍ ഗ്രൂപ്പ് ഈ ഹോട്ടല്‍ 43.68 കോടി രൂപക്ക് വാങ്ങുന്നത്. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റ സാഹചര്യത്തിലാണ് ഐ.ടി.ഡി.സിയുടെ ഉടസ്ഥതയിലുണ്ടായിരുന്ന ഹോട്ടല്‍ എംഫാര്‍ ഗ്രൂപ്പ് വാങ്ങിയത്. പിന്നീട് ലീലാ ഗ്രൂപ്പും അതിന് ശേഷം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്.പി ഗ്രൂപ്പും ഈ ഹോട്ടലും കോവളം കൊട്ടാരവും കൈവശമാക്കി. 2001 – 2006 ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് വി.എസ് അച്യുതാനന്ദന് കോവളം കൊട്ടാരത്തിന്റെ ഉടസ്ഥതയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി രംഗത്തുവന്നത്.
2004-ല്‍ എ.കെ. ആന്റണി സർക്കാർ കൊട്ടാരം ഏറ്റെടുക്കാൻ തീരുമാനിക്കുകയും 2005 ൽ ഏറ്റെടുക്കൽ നിയമം നടപ്പാക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിരവധി കേസുകള്‍ കോടതിയിലെത്തി. കോടതി വിധികൾക്ക് ശേഷം 2017 ൽ കൊട്ടാരം രവി പിള്ളയ്ക്ക് കൈമാറാൻ കോടതി തീരുമാനിച്ചു. വിഎസിന്റെ എതിർപ്പ് അവഗണിച്ച് കൊട്ടാരം വിട്ടുകൊടുക്കാനുള്ള തീരുമാനമാണ് പിണറായി സർക്കാർ എടുത്തത്. എന്തുതന്നെയായാലും, രവി പിള്ളയ്ക്ക് ഈ കൊട്ടാരം നൽകാനുള്ള സി.പി.എം സർക്കാരിന്റെ തീരുമാനം വിവിധ തലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply