മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് അന്തരിച്ചു. 86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ നവംബര് 2-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾ വെന്റിലേറ്ററിലായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു അദ്ദേഹം. 1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി. അതിന് ശേഷം നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ തരുൺ ഗോഗോയ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് 2001-ല് അസം മുഖ്യമന്ത്രിയായി. മികച്ച ഭരണം കാഴ്ച വച്ച അദ്ദേഹം, അതിന് ശേഷം മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന് അസം ഉറച്ച കോട്ടയായി. എന്നാൽ 2014-ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ക്ലീൻ സ്വീപ്പ് അസമിലും കോൺഗ്രസിന്റെ അടി തെറ്റിച്ചു. സിറ്റിംഗ് സീറ്റുകളിൽ പലതും കോൺഗ്രസിന് നഷ്ടമായി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗൊഗോയ്, 2016-ൽ നിയമസഭാതെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ നേതൃത്വം വഹിക്കാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ നീണ്ട 16 വർഷക്കാലത്തിന് ശേഷം അസമിൽ ബിജെപി ഭരണത്തിലേറി. സർബാനന്ദ സോനോവാൾ മുഖ്യമന്ത്രിയായി.
കോൺഗ്രസിന്റെ യുവനേതാവും കലിയബോർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് തരുൺ ഗൊഗോയുടെ മക്കൾ. ഭാര്യ ഡോളി ഗൊഗോയ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply