Flash News

അനുരഞ്ജനത്തിന്റെ ഏറ്റവും ശക്തമായ വക്താവ്; അഹമ്മദ് പട്ടേലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആദരാജ്ഞലി

November 25, 2020

പ്രതിസന്ധി ഘട്ടത്തിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ച അഹമ്മദ് പട്ടേലിന്റെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അനുരഞ്ജനത്തിന്റെ ശക്തമായ വക്താവായിരുന്നു അദ്ദേഹം, ഫേസ്ബുക്ക് പോസ്റ്റിൽ അഹമ്മദ് പട്ടേലിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ അസാധാരണമായ പാടവം കാണിച്ച അഹമ്മദ് പട്ടേലിന്റെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ്, അനുരഞ്ജനത്തിന്റെ അതിശക്തനായ വക്താവായിരുന്നു അദ്ദേഹം.

1978ൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അഹമ്മദ് പട്ടേലിനെയും, കേരളത്തിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി എന്നെയും ഇന്ദിരാജി നിയമിക്കുന്നത് ഒരേ ദിവസമാണ്. അന്ന് മുതൽ ആരംഭിച്ച സുദൃഢമായ സൗഹൃദവും ആത്മബന്ധവുമായിരുന്നു ഞങ്ങൾ തമ്മിൽ. എന്റെ ഏറ്റവും പ്രിയപ്പെട്ട കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.

ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തൻ എന്നപോലെ, രാജീവ് ഗാന്ധിക്കൊപ്പവും സോണിയ ഗാന്ധിക്കൊപ്പവും പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ സ്‌തുത്യർഹമായ സേവനം അദ്ദേഹം കാഴ്‌ച വെച്ചു. ഒരിക്കലും വാർത്തകളിൽ നിറഞ്ഞു നിൽക്കാതെ തിരശീലക്ക് പിന്നിൽ നിന്ന് സമർഥമായി നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

കോൺഗ്രസിന് ഒരു ട്രബിൾ ഷൂട്ടറെയാണ് നഷ്ടമായത്, 3 തവണ ലോക്സഭാ അംഗവും 5 തവണ രാജ്യസഭാ അംഗവുമായിരുന്നു അഹമ്മദ് ഭായി. കേരളത്തിന്റെ ഒരു ഉത്തമ സുഹൃത്തായിരുന്നു അദ്ദേഹം. മുതിർന്ന യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. യുഡിഫ് പ്രസ്ഥാനത്തിന് ആ ബന്ധം ഒരു മുതൽക്കൂട്ടായിരുന്നു.

അദ്ദേഹത്തിന്റെ വേർപാടിൽ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഇന്ന് സംസ്‌ഥാനത്ത് കോൺഗ്രസ് നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top