Flash News

ട്രംപ് അധികാരമൊഴിയുന്നതിനു മുന്‍പ് 5 ഫെഡറൽ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കും

November 25, 2020

വാഷിംഗ്ടൺ: നവംബർ 19 ന് ഇന്ത്യാനയിലെ ഫെഡറൽ ജയിലില്‍ ഒര്‍ലാന്‍ഡോ ഹാള്‍ എന്ന കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കിയപ്പോള്‍,  ഒരു നൂറ്റാണ്ടിനുശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി കഴിയുന്നതിനു മുന്‍പുള്ള ആദ്യത്തെ ഫെഡറല്‍ വധശിക്ഷയായി അതു മാറി.

നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് ഫെഡറൽ തടവുകാര്‍ ജയിലില്‍ കഴിയുന്നുണ്ട്. അതില്‍ ഒരു വനിതയും ഉള്‍പ്പെടും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിയുന്നതിനു മുന്‍പ് ഇവരുടെ വധശിക്ഷ നടപ്പിലാക്കും. ജനുവരി 20 ന് ട്രംപ് സ്ഥാനമൊഴിയുന്നതിന് അഞ്ച് ദിവസം മുമ്പാണ് അവസാനത്തെ വധശിക്ഷ നടപ്പിലാക്കുന്നത് (2021 ജനുവരി 15-ന്).

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്കയുടെ 22-ാമത്തെ പ്രസിഡന്റ് ഗ്രോവർ ക്ലീവ്‌ലാൻഡിന്റെ ആദ്യ പ്രസിഡൻസിയുടെ അവസാന മാസങ്ങളിലാണ് 1889-ൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള അവസാന ഫെഡറൽ വധശിക്ഷ നടപ്പിലാക്കിയത്. പരമ്പരാഗതമായി, സ്ഥാനം വിട്ടൊഴിയുന്ന പ്രസിഡന്റുമാർ വധശിക്ഷ സംബന്ധിച്ച അന്തിമ തീരുമാനം അവരുടെ പിൻഗാമികൾക്ക് വിട്ടുകൊടുക്കാറാണ് പതിവ്.

ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അഞ്ച് വധശിക്ഷകളും തുടരുകയാണെങ്കിൽ, 2020 ജൂലൈ മുതൽ 2021 ജനുവരി വരെ മാരകവിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കിയവരുടെ എണ്ണം 13 ആകും. അവസാനത്തേത് ജനുവരി 20 ന് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് തൊട്ടു മുന്‍പായിരിക്കും. ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ കണക്കനുസരിച്ച് 2020ലാണ് ഏറ്റവും കൂടുതല്‍ ഫെഡറല്‍ വധശിക്ഷകള്‍ നടപ്പിലാക്കിയിട്ടുള്ളത്.

അമേരിക്കൻ ഐക്യനാടുകളിൽ മിക്ക വധശിക്ഷകളും നടപ്പാക്കുന്നത് സംസ്ഥാന തലത്തിലാണ്. കഴിഞ്ഞ വർഷം മാത്രം 22 സംസ്ഥാനങ്ങള്‍ വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 34 വർഷത്തിനിടെ മൂന്ന് ഫെഡറൽ വധശിക്ഷകളും നടന്നിട്ടുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ നടത്തിയിട്ടുള്ള കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന ക്രൂരമായ സ്വഭാവം എടുത്തുകാട്ടിക്കൊണ്ട് വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് മൂന്ന് വധശിക്ഷയ്ക്കുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

2002-ല്‍ ആൽഫ്രഡ് ബൂർഷ്വാ തന്റെ രണ്ടര വയസ്സുള്ള മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു; വിർജീനിയ റിച്ച്മണ്ടിലെ ‘വിര്‍ജീനിയ ഗാംഗ്’ എന്ന സംഘത്തില്‍ മുൻ അംഗമായ കോറി ജോൺസൺ 1992-ല്‍ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്; 1996 ൽ മൂന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയാണ് ഡസ്റ്റിൻ ജോൺ ഹിഗ്സ്.

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വധശിക്ഷ ജൂലൈയില്‍ പുനരാരംഭിച്ചതിനുശേഷമുള്ള തരംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള വധശിക്ഷകള്‍.

പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ വില്യം ബാറും വധശിക്ഷയുടെ കടുത്ത വക്താക്കളാണ്. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ പറയുന്നത് ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്നതിനു മുന്‍പ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വധശിക്ഷ നടപ്പാക്കാന്‍ ധൃതികൂട്ടുന്നു എന്നാണ്.

“ട്രംപ് അധികാരത്തിൽ നിന്ന് ഇറങ്ങുകയും ബൈഡന്‍ അധികാരത്തില്‍ വരികയും ചെയ്താൽ അവർക്ക് ജീവിക്കാൻ അര്‍ഹതയുണ്ടെങ്കില്‍ അവര്‍ ജീവിക്കും,” എന്ന് വധശിക്ഷ നിർത്തലാക്കണമെന്ന് ദീർഘകാലമായി വാദിക്കുന്ന റോമന്‍ കത്തോലിക്കാ സന്യാസിനിയും അഭിഭാഷകയുമായ ഹെലൻ പ്രീജീൻ പറഞ്ഞു.

വധശിക്ഷ ഇപ്പോഴും നടപ്പിലാക്കുന്ന ഏക പാശ്ചാത്യ ജനാധിപത്യ രാജ്യമാണ് അമേരിക്ക. മിക്ക ഡമോക്രാറ്റുകളെയും പോലെ, ബൈഡനും ഒരു കാലത്ത് വധശിക്ഷാ വക്താവായിരുന്നു. എന്നാൽ, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം മറ്റ് ഡമോക്രാറ്റിക് സ്ഥാനാർത്ഥികളുമായി ചേർന്ന് ഇത് അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

“ഫെഡറൽ തലത്തിൽ വധശിക്ഷ ഇല്ലാതാക്കുന്നതിനുള്ള നിയമനിർമ്മാണം നടത്താനും ഫെഡറൽ ഗവൺമെന്റിന്റെ മാതൃക പിന്തുടരാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കാനും ബൈഡന്‍ പ്രവർത്തിക്കും,” അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍, കുറ്റവാളികള്‍ നല്ല നടപ്പോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവ് അനുഭവിക്കണമെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്.

“ഫെഡറൽ വധശിക്ഷകൾ അവസാനിപ്പിക്കുന്നത് ബൈഡന്റെ വലിയ ക്രിമിനൽ നീതി പരിഷ്കരണ പാക്കേജിന്റെ ഭാഗമാണ്. അതിൽ പ്രസിഡന്റിന്റെ അധികാരത്തിന്റെ വിപുലമായ ഉപയോഗവും ഉൾപ്പെടുന്നു. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ആളുകൾക്ക് പുനരധിവാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു,” സിവിൽ റൈറ്റ്സ് അണ്ടർ ലോയുടെ അഭിഭാഷക സമിതിയിലെ ക്രിമിനൽ ജസ്റ്റിസ് പ്രോജക്ട് ഡയറക്ടർ ആർതർ അഗോ പറഞ്ഞു.

വധശിക്ഷയ്ക്കായി കാത്തിരിക്കുന്ന അഞ്ച് തടവുകാരിൽ ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിത ലിസ മോണ്ട്ഗോമറിയും ഉൾപ്പെടുന്നു. 2007 ൽ മോണ്ട്ഗോമറി ഗർഭിണിയായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നതിനും വയറു കീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനുമാണ് ശിക്ഷിക്കപ്പെട്ടത്.

തുടക്കത്തിൽ ഡിസംബർ എട്ടിന് നടത്താനിരുന്ന മോണ്ട്ഗോമറിയുടെ വധശിക്ഷ ജനുവരി 12ലേക്ക് മാറ്റിയിട്ടുണ്ട്. 67 വർഷത്തിനുള്ളിൽ ഫെഡറൽ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കുന്ന ആദ്യ വനിതയായിരിക്കും ലിസ. രണ്ട് ദിവസത്തിന് ശേഷം, ജനുവരി 14 ന് ജോൺസണെ വധിക്കും. ജനുവരി 15 ന് ഹിഗ്സിനെയും വധിക്കും.

വധശിക്ഷയ്ക്ക് പൊതുജന പിന്തുണ കുറയുന്നുണ്ടെങ്കിലും, മിക്ക അമേരിക്കക്കാരും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് നല്‍കുന്ന വധശിക്ഷയെ അനുകൂലിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top