മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ജാമ്യം നിഷേധിച്ചു, ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാം: കോടതി

പാലരിവട്ടം ബ്രിഡ്ജ് കുംഭകോണ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. എന്നാല്‍, നിബന്ധനകളോടെ ലേക് ഷോർ ആശുപത്രിയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാമെന്നും കോടതി വിധിച്ചു. ചികിത്സയെ തടസ്സപ്പെടുത്തുന്ന രീതിയിൽ ചോദ്യം ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.

ഏഴ് നിബന്ധനകൾ പാലിച്ചേ അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയെ ചോദ്യം ചെയ്യാവൂ എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നവംബർ 30-നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി. രാവിലെ 9 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാൻ അനുമതിയുണ്ടാകൂ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന നടത്തണം. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളൂ. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യലിനിടയിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതി ഉത്തരവിന്‍റെ പകർപ്പ് ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നൽകണം എന്നും കോടതി വ്യക്തമാക്കുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇതിന്‍റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിക്കുന്നു.

തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സാമ്പത്തിക അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് മൊബിലൈസേഷൻ അനുവദിച്ചതിലൂടെ കരാറുകാരന് നേട്ടമുണ്ടായതായി വിജിലൻസ് കോടതിയിൽ വാദിച്ചു. ടെൻഡറിൽ ഇല്ലാതിരുന്ന മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഇല്ലാതിരിക്കെ ഇതു ചെയ്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുമെന്ന് വിജിലൻസ് വാദിച്ചു.

പാലരിവട്ടം ബ്രിഡ്ജ് കുംഭകോണ കേസിൽ അറസ്റ്റിലായ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ക്യാന്‍സറിനുള്ള ചികിത്സയിലാണ്. മുൻ മന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ട് തൊടുപുഴയിലെ വിജിലൻസ് കോടതിയിൽ സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന് കൂടുതൽ ചികിത്സ ആവശ്യമാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ ഉടൻ കസ്റ്റഡിയിൽ വിടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment