വാഷിംഗ്ടൺ: നാലു വർഷത്തിലൊരിക്കൽ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നതിന് സമ്മേളിക്കുന്ന ഇലക്ടറൽ കോളേജ് ഡിസംബർ 14 – ന് ചേർന്നു ബൈഡനെയും കമലാ ഹാരിസിനെയും തിരഞ്ഞെടുത്താൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാൾഡ് ട്രംപ്.
നവംബർ 26 വ്യാഴാഴ്ച ഡിപ്ളോമാറ്റിക് റിസപ്ഷൻ റൂമിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യു.എസ്. മിലിട്ടറി ലീഡർമാരുമായി ടെലി കോൺഫറൻസ് നടത്തിയ ശേഷം റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഇരുപത് മിനിട്ട് നീണ്ടു നിന്ന പത്രസമ്മേളനത്തിൽ പലപ്പോഴും ട്രംപ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രൊജക്ടഡ് വിജയിയായ ജൊ ബൈഡനു വേണ്ടി തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കുമോ എന്ന റോയിട്ടേഴ്സ് കറസ്പോണ്ടന്റ് ജെഫ് മേസന്റെ ചോദ്യം ട്രംപിനെ പ്രകോപിപ്പിച്ചു. പ്രസിഡന്റിനോട് ഒരിക്കലും ഈ വിധത്തിൽ ചോദിക്കരുതെന്നാണ് ട്രംപ് മറുപടി നൽകിയത്.
ഇത്തവണയും തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമവും അട്ടിമറിയും നടന്നിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു. ബൈഡന് ലഭിച്ച 80 മില്യൻ വോട്ടുകൾ (റിക്കാർഡ്) കൂട്ടായ അട്ടിമറിയുടെ ഫലമാണെന്നും, സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി സർട്ടിഫൈ ചെയ്യുന്ന തിരക്കിലാണെന്നും അതിനു ശേഷം ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കണമെന്നും ട്രംപ് പറഞ്ഞു.
ഇതുവരെ ഇലക്ടറൽ കോളേജ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്നും ട്രംപ് ചോദിച്ചു. സുപ്രധാന സംസ്ഥാനങ്ങളിൽ ഒബാമ നേടിയതിനെക്കാൾ വോട്ടുകൾ ബൈഡൻ നേടിയെന്നത് തന്നെ അട്ടിമറിയാണെന്ന് വ്യക്തമാണെന്നും ട്രംപ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply