ദൈവത്തിന്റെ കൈയും ചെകുത്താന്റെ കാലും – മറഡോണ

1986 ജൂൺ മാസത്തിലെ പാതിരാ സമയം. നാട്ടിലെ ലൈബ്രറി ഹാളിൽ ഫുട്‍ബോൾ പ്രേമികൾ ഇംഗ്ലണ്ട്, അർജന്റീന കോർട്ടർ ഫൈനൽ കളികാണാൻ ഒത്തുകൂടിയിരിക്കുന്നു. കളർ ടെലിവിഷൻ ലൈബ്രറിയിൽ ഉള്ളതുകൊണ്ടാണ് കാൽപ്പന്തു കളിപ്രേമികൾ അവിടെ ഒത്തുകൂടിയിരിക്കുന്നത്.

അർജന്റീനയുടെ ആക്രമത്തെ പ്രതിരോധിക്കാനായി ഇംഗ്ളണ്ടിന്റെ ഡിഫൻഡർ പന്ത് മറിച്ച് ഗോളിക്ക് ലാക്കാക്കി ഉയർത്തികൊടുക്കുന്നു. പെനാൽറ്റി ഏരിയയിലേക്ക് ഓടിയെത്തി ബോൾ കൈക്കലാക്കാൻ ഗോളി ഇരു കൈകളും ഉയർത്തി ചാടുന്നു . പക്ഷെ കൊടുങ്കാറ്റുപോലെ പെനാൽറ്റി ബോക്സിൽ കുതിച്ചെത്തിയ മറഡോണ ഗോളിക്കൊപ്പം ഉയർന്നുചാടി ഹെഡറിലൂടെ പന്ത് ഗോൾ വലയത്തിലാക്കുന്നു. ഗോളിയും ഇംഗ്ലണ്ടിന്റെ മറ്റുകളിക്കാരും, ഹാൻഡ് ബോൾ, ഹാൻഡ്‌ബോൾ എന്ന് അലറിവിളിച്ചുകൊണ്ട് റഫറിയുടെ പിന്നാലെ പായുന്നു. പക്ഷെ റഫറി ഗോൾ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പല ആംഗിളിൽ ഹെഡർ കണ്ടുനോക്കിയിട്ടും, തലകൊണ്ടാണോ കൈകൊണ്ടാണോ, ഒരം കൊണ്ടാണോ മറഡോണ ആ ഗോൾ നേടിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ കുറിച്ച് കളിക്കു ശേഷം അദ്ദേഹത്തോട് ചോദിച്ച്പ്പോൾ മറഡോണ പറഞ്ഞ മറുപിടിയാണ് അത് ഹാൻഡ് ബോൾ ആയിരുന്നു എങ്കിൽ എൻറെ കൈകളായിരിക്കില്ല, അത് “ദൈവത്തിന്റെ കരങ്ങളായിരുന്നു” എന്ന് .

ഇന്ത്യൻ ടീം ബാസ്കറ്റ് ബോൾ കളിക്കാരനും. പിന്നീട് ഇന്ത്യൻ ടീം പരിശീലകനുമായിരുന്ന അമ്മാവനോടൊപ്പം കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ താമസിച്ചിരുന്ന കാലത്താണ് സോക്കർ കളിയിൽ ആകൃഷ്ടനായത്. അന്ന് സർവകലാശാല ടീമിനെ പരിശീലിപ്പിച്ചിരുന്നത് ഉസ്മാൻ കോയ സാറായിരുന്നു. ഗോൾ വലയം കാത്ത് മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വിക്ടർ മഞ്ഞില അക്കാലത്തെ കായിക പ്രേമികളുടെ വീരപുരഷനും.

അതേ ലോകകപ്പിൽ മറഡോണ നേടിയ രണ്ടാമത്തെ ഗോളിനെ “ഈ നൂറ്റാണ്ടിലെ ഗോൾ” എന്നാണ് വിശേഷിപ്പിക്കുന്നത് . മിഡ്‌ഫീൽഡിൽ വച്ച് ഇംഗ്ലണ്ടിന്റെ രണ്ടുകളിക്കാരുടെ ഇടയിലൂടെ പന്ത് സ്വീകരിച്ച് ഏകനായി മറഡോണ അതീവ വേഗത്തിൽ മുന്നേറി. എതിർ ടീമിലെ അഞ്ചു കളിക്കാർ പലപ്പോഴായി മറഡോണയെ തടയാൻ ശ്രമിച്ചു. തൻറെ ഇരുകാലുകളിലും പന്ത് കെട്ടിയിട്ടിരിക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ, അതിവിദഗ്‌ദമായി പന്തിനെ നിയന്ത്രിച്ച് അദ്ദേഹം മുന്നോട്ടുപോയി. ഇംഗ്ലണ്ടിന്റെ ഗോൾകീപ്പർ ഓടിവന്ന് മറഡോണയുടെ കാലിൽ നിന്നും പന്ത് കൈക്കലാക്കാൻ ശ്രമിച്ചു. വേഗതയും, പന്തടക്കവും, കൗശലവും ഒത്തുചേർന്ന ഈ മാന്ത്രികപ്രകടനത്തിന്റെ അവസാനം ഗോളിയേയും മറികടന്നു ഒഴിഞ്ഞു കിടന്ന ഗോൾവലയത്തിലേക്ക് പന്ത് ലാഘവത്തോടെ അടിച്ചുകയറ്റി. ലോകമാകമനം ഉള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിലേക്കുള്ള ഗോൾ കൂടിയായി, അർജന്റീന നേടിയ ഈ വിജയ ഗോൾ പരിണമിച്ചു. ദൃഢ മായ പേശികൾ ഉരുണ്ടുകൂടിയതും, പന്ത് കിട്ടിയാൽ നഷ്ടപെടുത്താത്തതുമായ മറഡോണയുടെ കാലുകൾ, എതിരാളികൾക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. അവർ അതിനെ “ചെകുത്താന്റെ കാലുകൾ” എന്നാവും കരുതിയിരിക്കുക.

2012 ൽ കണ്ണൂരിലുള്ള ഒരു ജുവല്ലറി ഉദ് ഘാടനത്തിനു വിശിഷ്ട അതിഥിയായി എത്തിയത് ഡിയാഗോ അർമാഡോ മറഡോണ ആയിരുന്നു. അദ്ധേഹം കണ്ണൂരിൽ താമസിച്ചിരുന്ന ഹോട്ടൽ മുറി ഇപ്പോഴും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.

അർജന്റീനയിലെ ബൂനസ്സ് അയേഴ്സ് ചേരിയിൽ ജനിച്ച്, കാൽപ്പന്തു കളിയിൽ നേടിയ പ്രാഗല്ഭ്യത്താൽ മാത്രം, സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തിയ മഹാനാണ് മറഡോണ. അറുപതാമത്തെ വയസ്സിൽ, കോടാനുകോടി കായിക പ്രേമികളെ കദനത്തിലാഴ്ത്തി, ജീവിതമാകുന്ന സ്റ്റേഡിയത്തിലെ തൻറെ കളി അവസാനിപ്പിച്ച് മടങ്ങിപ്പോയ താരത്തിന്

ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നു.

Print Friendly, PDF & Email

Related News

Leave a Comment