ചടയമംഗലം (കൊല്ലം): ജഡായുപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ശില്പിയും സംവിധായകനുമായ രാജീവ് അഞ്ചലിനെതിരെ പ്രവാസി നിക്ഷേപകർ പ്രതിഷേധ പ്രകടനം നടത്തി. നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തതെന്നാണ് പ്രധാന ആരോപണം.
പദ്ധതിയിൽ 40 കോടിയോളം രൂപ നിക്ഷേപിച്ച സ്വദേശികളും പ്രവാസികളുമായ നിക്ഷേപകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമത്തിനടുത്തുള്ള രാജീവ് അഞ്ചലിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
രാജീവ് അഞ്ചലിന്റെ സഹോദരന്മാരും മരുമകനും ഗുണ്ടകളും ചേർന്ന് ആക്രമണം നടത്തിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കൊല്ലം കോട്ടുക്കൽ ബി.ജെ.പി യുടെ പഞ്ചായത്ത് അംഗവും ജടായുപാറ പദ്ധതി നിക്ഷേപകനുമായ ദീപു പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂറോളം വരുന്ന നിക്ഷേപകർ പിന്നീട് ചടയമംഗലത്തുള്ള ജഡായുപാറയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പോലീസ് മാർച്ച് തടയുകയും നിക്ഷേപകരെ സമാധാനപരമായി തിരിച്ചയക്കുകയും ചെയ്തു. നീതി കിട്ടുന്നത് വരെ പ്രതിഷേധങ്ങൾ തുടരാനാണ് തീരുമാനം.
സംസ്ഥാനത്തെ ടൂറിസം മേഖല ബിഒടി കരാര്‍ അടിസ്ഥാനത്തില്‍ അനുവദിച്ച ആദ്യ പദ്ധതിയാണ് ജഡായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. പ്രവാസികള്‍ അടക്കമുള്ള നിക്ഷേപകര്‍ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎല്‍) എന്ന കമ്പനി രൂപീകരിച്ചായിരുന്നു രാജീവ് അഞ്ചലുമായി കരാര്‍ ഉണ്ടാക്കിയത്. ഏഴ് കോടി മാത്രം മതിയെന്ന് പറഞ്ഞ പദ്ധതിക്കായി ഇതിനകം 40 കോടിയോളം രൂപ ചെലവായെന്നാണ് നിക്ഷേപകർ പറയുന്നത്.
65 ഏക്കര്‍ സ്ഥലത്താണ് ജടായു ശില്പവും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഈ പ്രോജക്ടിന് കീഴില്‍ വരുന്ന പദ്ധതികളുടെയെല്ലാം നടത്തിപ്പ്, നിയന്ത്രണം, റവന്യൂ കളക്ഷന്‍ തുടങ്ങിയവ നിക്ഷേപകർക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് സംബന്ധിച്ച് നിക്ഷേപകരും രാജീവ് അഞ്ചലും തമ്മിൽ കരാറുണ്ടായിരുന്നതായി സമപസമിതി നേതാക്കൾ പറഞ്ഞു. എന്നാൽ ഈ കരാറിന്റെ ലംഘനം നടത്തിയത് രാജീവ് അഞ്ചലും മകനുമാണെന്നാണ് ഇവർ പറയുന്നത്.
2018 ഓഗസ്റ്റിലാണ് ജഡായുപ്പാറ ഭാഗികമായി കമ്മീഷൻ ചെയ്തത്. പ്രധാന ആകര്‍ഷണമായ ശില്പത്തിന് അകത്ത് വരുന്ന മ്യൂസിയം, തിയേറ്റര്‍ തുടങ്ങിയവ ഉൾപ്പെട്ടതാണ് ജഡായുപ്പാറ ടൂറിസം പദ്ധതി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply