Flash News

ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി

November 28, 2020

പൂന്തുറ: കേരള തീരത്ത് നാശം വിതച്ച ഓഖി ദുരന്തം നടന്ന് മൂന്ന് വർഷമായി. എന്നാല്‍ ഇന്നുവരെ, ദുരന്തത്തില്‍ പെട്ടവരുടെ കഷ്ടപ്പാടുകൾ അവസാനിച്ചിട്ടില്ല. ദുരന്തത്തിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ രക്തസാക്ഷികളായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനങ്ങള്‍ പലതും ചൊരിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. മിക്ക പ്രോജക്റ്റുകളും കടലാസിൽ ഉറങ്ങുകയാണ്. ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിക്കാനെന്ന പേരില്‍ നിരവധി കൺസൾട്ടന്റുമാരെ നിയമിക്കുകയും ട്രഷറിയിലെ പണം ചിലവഴിക്കുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല.

2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഓഖി കാറ്റില്‍ 52 പേര്‍ മരിക്കുകയും 104 പേരെ കാണതാവുകയും ചെയ്‌തെന്നാണ് സര്‍ക്കാര്‍ കണക്ക്. അടിമലത്തുറ മുതല്‍ വേളി വരെയുള്ള തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ കാലവസ്ഥ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതെ പോയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ ഏകോപനമില്ലാതിരുന്നതുമാണ് കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണം.

പൂന്തുറയെന്ന മത്സ്യഗ്രാമത്തില്‍ മാത്രം ഓഖിയില്‍നിന്ന് രക്ഷപ്പെട്ട് എത്തിയ 78 പേരില്‍ ഭൂരിപക്ഷം പേരും ഇന്ന് ഗുരുതരമായ രോഗങ്ങളുടെയും മാനസികവിഭ്രാന്തിയുടെയും പിടിയിലാണ്. രക്ഷപ്പെട്ട് എത്തിയവരില്‍ ചിലര്‍ മാസങ്ങള്‍ക്ക് ശേഷം രോഗബാധിതരായി മരിക്കുകയും ചെയ്തു. മരിച്ചവരുടെയും കാണാതായവരുടെയും കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ 22 ലക്ഷം രൂപ വീതം ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം പലിശ ലഭിക്കും. ഇതിന്റെ പിന്‍ബലത്തിലാണ് പലകുടുംബങ്ങളുടെയും ജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ ഉള്‍ക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ട് എത്തി നിത്യവൃത്തിക്ക് പുറത്തേക്കിറങ്ങാന്‍ കഴിയാതെ ഇന്നും ദുരിതം അനുഭവിക്കുന്നവര്‍ നിരവധിപേരാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഇന്നും അര്‍ഹമായ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയാണ്.

ഓഖി ദുരിതബാധിതര്‍ക്കായി2018-19 ബജറ്റില്‍ രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. അവയിലൊന്നു പോലും നടപ്പാക്കിയില്ല. 2019-20 ബജറ്റില്‍ 1000 കോടി രൂപയായി ചേര്‍ത്ത് ആപദ്ധതി വിപുലീകരിച്ചു. പക്ഷേ, ധനമന്ത്രിയുടെ പതിവ് പ്രഖ്യാപനങ്ങളും കവിത ചൊല്ലല്ലുമല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ഇനത്തില്‍ നയാപയിസ്സ പോലും ഇതുവരെയും ലഭിച്ചിട്ടില്ല. കടല്‍തീരത്ത് നിന്നും അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി 150 കോടി രൂപ മുടക്കുമെന്നൊക്കെയാണ് ബജറ്റില്‍ എഴുതിവെച്ചത്. പക്ഷേ,അവരുടെ രക്ഷയ്ക്കായി വാഗ്ദാനങ്ങള്‍ എത്താറില്ലല്ലോ?.

2000 കോടി രൂപയുടെ ഓഖി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും എന്തുകൊണ്ട് നടപ്പായില്ലെന്ന് ഫിഷറീസ് വകുപ്പിനോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയാണ് ‘ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി പഠിച്ചുകൊണ്ടിരിക്കുകയാണ്, ഒന്നര കോടി രൂപ ഫീസായി വാങ്ങി രണ്ട് വര്‍ഷമായി പദ്ധതിക്ക് മേല്‍ അടയിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് (ഇര്‍മ) എന്ന ഈ കണ്‍സള്‍ട്ടന്‍സി. സംസ്ഥാന സര്‍ക്കാരിന് എന്തിനും ഏതിനും കണ്‍സള്‍ട്ടന്‍സി ഉണ്ടായേ മതിയാവൂ. ഈ പാക്കേജ് നടപ്പിലാക്കുന്നതിന് വേറൊരു കണ്‍സള്‍ട്ടന്‍സിയെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അവരുമായുള്ള കരാര്‍ 47 ലക്ഷം രൂപയ്ക്കാണ്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്(ടിസ്) എന്ന കണ്‍സള്‍ട്ടന്‍സിയും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാന്‍ അഞ്ച് മാസം മാത്രം ബാക്കി നില്‍ക്കുകയാണ്. അതിന് മുന്‍പ് ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് കൊടുത്ത് കിട്ടാനുള്ള പണവും വാങ്ങി കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ സ്ഥലം കാലിയാക്കും. എപ്പോള്‍ എന്ന് നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രിക്കോ, ഫിഷറീസ് മന്ത്രിക്കോ ഒരു എത്തും പിടിയുമില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പറഞ്ഞുപറ്റിക്കുന്നതിന് വേണ്ടി ഐസകും പിണറായിയും പറഞ്ഞുണ്ടാക്കിയ ഒരു കപട വാഗ്ദാനങ്ങളായിരുന്നു ഓഖി പുനരധിവാസ പദ്ധതി.. ഈ പാക്കേജിന് പുറമേ, പിന്നീട് വന്ന രണ്ട് ബജറ്റുകളിലായി 2500 കോടി രൂപയുടെ തീരദേശ പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. അങ്ങനെ മൊത്തം 5000 കോടിയുടെ മത്സ്യത്തൊഴിലാളി-തീരദേശ പാക്കേജ് സുരക്ഷിതമായി കടലാസ്സില്‍ ഉറങ്ങുന്നുണ്ട്. അടുത്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ ഇനി രണ്ട് മാസം കൂടിയാണ് ബാക്കി. ഇതിനിടയില്‍ ഒന്നും സംഭവിക്കില്ല. ഐസക്കിന്‍റെ സ്വഭാവമനുസരിച്ച് വീണ്ടും കുറേ വാഗ്ദാന കസര്‍ത്തുകള്‍ നടത്താനാണ് സാധ്യത.

ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങി. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി നല്‍കിയ നാവിക് ഉപകരണം പൂര്‍ണ പരാജയമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയെരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളും ലക്ഷ്യം കണ്ടിട്ടില്ല.

ദുരന്തമേഖല സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം കടലാസിൽ ഒതുങ്ങി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി നല്‍കിയ ഉപകരണങ്ങൾ പൂർണമായും പരാജയമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ ഇതുവരെ ലക്ഷ്യം കൈവരിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top