ജനാധിപത്യത്തിലായാലും രാഷ്ട്രീയത്തിലായാലും യാതൊരു നേരും നെറിവുമില്ലാത്ത പത്തനാപുരം എംഎൽഎ കെ ബി ഗണേശ്കുമാറിനെപ്പോലെയുള്ളവരെ വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പറഞ്ഞു.
സോളാര്‍ കേസിൽ ഗണേഷിന്റെ വിശ്വസ്തനും ബന്ധുവുമായ ശരണ്യ മനോജിന്റെ പുതിയ വെളിപ്പെടുത്തലിൽ അവിശ്വസിക്കേണ്ട ആവശ്യമില്ല. ഉമ്മൻ ചാണ്ടിയുടെ പേര് ഇരയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷ് ആണെന്ന മനോജിന്റെ വെളിപ്പെടുത്തലിലൂടെ വൈകിയെങ്കിലും സത്യം പുറത്തുവന്നു. ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞ ഇരയെക്കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ തെറ്റായ പ്രസ്താവനകൾ നടത്താനും, അധികാരത്തിനുവേണ്ടി എന്തു തെമ്മാടിത്തരം നടത്താനും തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ നരാധമന്മാര് ഇന്നും കേരളത്തിന്റെ രാഷ്ട്രീയ ശൃംഖലയിലെ കണ്ണിയായി തുടരുന്നുണ്ട്. ഇരയെ മറന്ന് വേട്ടക്കാരനോടൊപ്പം നായാട്ടിനിറങ്ങുന്നവരെ വലിച്ച് പുറത്തെറിയാൻ ജനം തീരുമാനം എടുക്കണമെന്നും ഷിബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഈ പുഴുക്കുത്തുകളെ ഇനിയും വച്ച് പൊറുപ്പിക്കണോ?
സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി പത്തനാപുരം എംഎല്‍എ യുടെ വിശ്വസ്തനായിരുന്ന ശരണ്യ മനോജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആശ്ചര്യങ്ങളൊന്നുമില്ല, പകല്‍ പോലെ വ്യക്തമായിരുന്നതാണ് വലിയ കോളിളക്കം സൃഷ്ടിച്ച കേസിനു പിന്നിലെ സൂത്രധാരന്മാരാരെല്ലാമെന്നത്. എല്ലാവര്ക്കും അറിയാമായിരുന്നത് പോലെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം വളരെ വൈകിയാണെങ്കിലും പൊതുജനത്തിനു മുന്നില്‍ തന്നെ തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെയും മറ്റ് മന്ത്രിമാരെയും കരിവാരി തേക്കാന്‍ ശ്രമിച്ചതോ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് ജനങ്ങളെയൊന്നടങ്കം കബളിപ്പിച്ചതിലോ അല്ല ഇന്ന് വേദന തോന്നുന്നത്. പിതൃ തുല്യന്‍ എന്ന് വിശേഷിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കെതിരെ പോലും വ്യാജ മൊഴി കൊടുക്കാന്‍ ഇരയെ നിര്‍ബന്ധിക്കുകയും, അധികാര സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി എന്ത് തെമ്മാടിത്തരത്തിനും തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ നരാധമന്മാര് ഇന്നും കേരളത്തിന്റെ രാഷ്ട്രീയ ശൃംഖലയിലെ കണ്ണിയായി തുടരുന്നുണ്ട് എന്നോര്‍ക്കുമ്പോഴാണ്.
സരിതയുടെ കത്ത് തിരുത്തി ഉമ്മന്‍ ചാണ്ടിയെ പോലെ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള പരിശുദ്ധനായ ഒരു നേതാവിനെ താറടിച്ച് അത് വഴി മറുകണ്ടം ചാടി എല്‍ഡിഎഫിലേക്ക് ചേക്കേറി പദവികള്‍ സ്വന്തമാക്കാനും മാത്രം നിഷ്ടൂരവും ക്രൂരവുമായ രാഷ്ട്രീയ ബുദ്ധിയുള്ളയൊരാളെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ കാവലാളായി കാണാന്‍ സാധിക്കുന്നത്. ഇടതുമുന്നണിയിൽ പോയി മുന്നോക്ക ക്ഷേമ കോർപ്പറേഷൻ്റെ അധ്യക്ഷ സ്ഥാനം ചോദിച്ചുവാങ്ങിയതും ഈ കൃത്രിമ നിർമാണത്തിൻ്റെ പ്രത്യുപകാരമായിട്ടായിരുന്നു. സരിതയുടെ യഥാർത്ഥ കത്ത് ശരണ്യ മനോജിൻ്റെ പക്കലാണെന്ന് ബാലകൃഷ്ണപിള്ള തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നതിനാൽ ഇക്കാര്യത്തിൽ ശരണ്യ മനോജിനെ അവിശ്വസിക്കേണ്ട കാര്യമില്ല.
എല്ലാ നിയമവിരുദ്ധതയ്ക്കും കൂട്ടു നില്‍ക്കുന്നയാളെ എങ്ങനെയാണ് ജന പ്രതിനിധിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നത്. നടിയെ ആക്രമിച്ച കേസിലും വാസ്തവത്തില്‍ പ്രദീപ് കൊട്ടാത്തല വെറും ഉപകരണം മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ്. സിനിമാലോകത്ത് യാതൊരു ഉന്നത ബന്ധങ്ങളുമില്ലാത്ത പ്രദീപിനെ ഉപയോഗിച്ച് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ ആരെന്ന് പകൽ പോലെ വ്യക്തമാണ്. ഇത്തരത്തിൽ ഇരയെ മറന്ന് വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് നായാട്ടിനിറങ്ങുന്ന അധമന്മാരെ വലിച്ചു പുറത്തെറിയാന്‍ ജനങ്ങള്‍ തന്നെ തീരുമാനമെടുക്കണം. ഇത്തരം മാലിന്യങ്ങളെ പുറത്താക്കിയാൽ മാത്രമെ ജനാധിപത്യം വൃത്തിയാക്കപ്പെടുകയുള്ളു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply