ഹാരിസ്ബർഗ് (പെന്‍സില്‍വാനിയ): നവംബർ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സര ഫലം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയുന്ന ഒരു കീഴ്ക്കോടതിയുടെ ഉത്തരവ് ശനിയാഴ്ച രാത്രി പെൻസിൽവാനിയയിലെ പരമോന്നത കോടതി തള്ളി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ തടയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കൻമാർക്ക് അതൊരു തിരിച്ചടിയായി.
ഒരു തിരഞ്ഞെടുപ്പ് മുഴുവനും മുൻകാലാടിസ്ഥാനത്തിൽ അസാധുവാക്കണമെന്ന ആവശ്യം അത്ഭുതപ്പെടുത്തുന്നുവെന്ന്
ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.
തപാല്‍ വോട്ടുകളില്‍ വ്യാപകമായ കൃത്രിമം നടന്നു എന്നു ആരോപിക്കുന്നതല്ലാതെ വ്യക്തമായ തെളിവുകള്‍ നല്കുന്നതില് വാദി ഭാഗം പരാജയപ്പെട്ടു എന്ന് ജസ്റ്റിസ് ഡേവിഡ് വെക്റ്റ് അഭിപ്രായത്തിൽ എഴുതി. പെന്‍സില്‍വാനിയ അറ്റോർണി ജനറൽ ഡമോക്രാറ്റ് ജോഷ് ഷാപ്പിറോ കോടതിയുടെ തീരുമാനത്തെ “ജനാധിപത്യത്തിന്റെ മറ്റൊരു വിജയം” എന്ന് വിശേഷിപ്പിച്ചു.
അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷകനായ റൂഡി ജിയൂലിയാനിയും തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ തപാല്‍ ബാലറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയെന്നും മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നും അടിസ്ഥാനരഹിതമായി ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. 2016 ൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെൻസിൽവാനിയ. എന്നാല്‍, ഇത്തവണ 80,000 ത്തിലധികം വോട്ടുകൾക്കാണ് ബൈഡന് ട്രംപിനെ പരാജയപ്പെടുത്തിയത്.
വടക്കുപടിഞ്ഞാറൻ പെൻസിൽവാനിയയിലെ റിപ്പബ്ലിക്കൻ പ്രതിനിധി മൈക്ക് കെല്ലിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തപാല്‍ വോട്ടിംഗ് സംവിധാനം ഭരണഘടനാ വിരുദ്ധമെന്ന് വെല്ലുവിളിച്ചിരുന്നു.
ഇതിനുള്ള പരിഹാരമായി, കെല്ലിയും മറ്റ് റിപ്പബ്ലിക്കന്മാരും വാദിച്ചത് ഒന്നുകില്‍ നിയമപ്രകാരം സമർപ്പിച്ച 2.5 ദശലക്ഷം തപാല്‍ വോട്ടുകള്‍ അസാധുവാക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ്.
ട്രംപിന്റെ പ്രചാരണ കമ്മിറ്റി തപാല്‍ വോട്ടുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു. അതിനുള്ള കാരണം പറയുന്നത് രണ്ട് ഡമോക്രാറ്റിക് കോട്ടകളായ ഫിലാഡൽഫിയയിലും പിറ്റ്സ്ബർഗിലെ അലഗനി കൗണ്ടിയിലുമാണ് വോട്ടെണ്ണല്‍ നടത്തിയത് എന്നാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply