Flash News

വിട്ടുവീഴ്ചയ്ക്കില്ലാതെ ഇരുപക്ഷവും; കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച പരാജയം

December 1, 2020

ന്യൂഡൽഹി: വിവാദ കർഷക ഭേദഗതി ബില്‍ പിൻവലിക്കില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കര്‍ഷകരും നിലപാടെടുത്തു. അതേസമയം, ഭേദഗതികളിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, പീയൂഷ് ഗോയൽ എന്നിവരുടെ അദ്ധ്യക്ഷതയിൽ ഡല്‍ഹിയില്‍ കർഷക യൂണിയൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം.

ചര്‍ച്ചയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്താമെന്ന് കർഷക യൂണിയൻ നേതാക്കൾക്ക് നിർദ്ദേശിക്കാമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ കർഷക സംഘടനകൾ കേന്ദ്ര സർക്കാരിന്റെ നിർദേശം നിരസിച്ചു. നേതാക്കൾ വ്യാഴാഴ്ച വീണ്ടും കേന്ദ്രമന്ത്രിമാരെ കാണും.

എന്നാല്‍ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ചില സമരനേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ ഇപ്പോഴും സമരച്ചൂട് പുകയുകയാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കര്‍ഷകസംഘടനകളും.

പുതിയ സമിതി രൂപീകരിക്കാമെന്നല്ലാതെ നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കര്‍ഷകസംഘടനകളും നിലപാട് കടുപ്പിക്കുകയാണ്. മിനിമം താങ്ങുവിലയിലും മണ്ഡികള്‍ വഴിയുള്ള സംഭരണത്തിലും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

കേന്ദ്രകൃഷിമന്ത്രി നരേന്ദ്രതോമര്‍, പിയൂഷ് ഗോയല്‍, കേന്ദ്രവ്യവസായസഹമന്ത്രി സോം പ്രകാശ് എന്നിവരാണ് മുപ്പത്തിയഞ്ചംഗ കര്‍ഷകസംഘടനാനേതാക്കളെ കാണുന്നത്. ദില്ലി വിഗ്യാന്‍ ഭവനില്‍ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് യോഗം തുടങ്ങിയത്.

ഉപാധികളില്ലാതെ ചര്‍ച്ച നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം സ്വീകരിച്ചാണ് കര്‍ഷകസംഘടനാനേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തിയത്. എന്നാല്‍ പുതിയ നിയമഭേദഗതികള്‍ പിന്‍വലിച്ച്, മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന ശക്തമായ ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.

കൊവിഡ് പ്രതിസന്ധിയും കൊടും തണുപ്പും നിലനില്‍ക്കുന്നതിനാല്‍, പ്രശ്‌നപരിഹാരം ഉണ്ടായേ തീരൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നതെന്നാണ് കേന്ദ്രകൃഷി മന്ത്രി പറഞ്ഞത്. സമരം തുടരുന്ന സാഹചര്യത്തില്‍ അമിത് ഷായെ കേന്ദ്രകൃഷിമന്ത്രി മൂന്ന് തവണയാണ് രണ്ട് ദിവസത്തിനകം കണ്ട്, ചര്‍ച്ച നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്.

പുതിയ വിവാദമായ കര്‍ഷകനിയമഭേദഗതികള്‍ വന്ന ശേഷം, ഇത് മൂന്നാം തവണയാണ് കര്‍ഷകസംഘടനാ നേതാക്കള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്. ആദ്യചര്‍ച്ച കേന്ദ്രകൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാളുമായിട്ടായിരുന്നു. രണ്ടാം ചര്‍ച്ചയില്‍ പങ്കെടുത്തത് കേന്ദ്രകൃഷിമന്ത്രിയും റെയില്‍മന്ത്രിയുമായിരുന്നു. രണ്ട് ചര്‍ച്ചകളും സമവായമാകാതെ പിരിഞ്ഞു.

ഇതേത്തുടർന്ന് കർഷകർ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും കർഷകർ തടഞ്ഞു. സോണിപത്, റോഹ്തക്, ജയ്പൂർ, ഗാസിയാബാദ്-ഹാപൂർ, മഥുര ഗേറ്റുകളിൽ കർഷക സമരം രൂക്ഷമാകുകയാണ്.

മൂന്ന് ലക്ഷത്തോളം കർഷകർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കർഷക നിയമത്തിലെ ഭേദഗതി പിൻവലിക്കുകയല്ലാതെ ഒരു സമവായത്തിനും കർഷക സംഘടനകൾ തയ്യാറല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top