Flash News

ജോ ബൈഡന്‍-കമല ഹാരിസ് അവരുടെ ഉന്നത സാമ്പത്തിക ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

December 1, 2020

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും തങ്ങളുടെ ഭരണത്തിനായി തിരഞ്ഞെടുത്ത ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച ഒരു പരിപാടിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

മുൻ ഫെഡറൽ റിസർവ് ചെയർ ജാനറ്റ് യെല്ലനെ ട്രഷറി വകുപ്പിനെ നയിക്കുന്ന ആദ്യ വനിതയായി തിരഞ്ഞെടുത്തതായി ഇരുവരും തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പരസ്യപ്പെടുത്തിയിരുന്നു. അമേരിക്കയുടെ 231 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനം അലങ്കരിക്കുന്നത്.

കോവിഡ്-19 മഹാമാരിമൂലം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളി സാമ്പത്തിക സംഘം നേരിടേണ്ടിവരും.

വാഷിംഗ്ടണിലെ ഒരു ലിബറൽ പബ്ലിക് പോളിസി റിസർച്ച് ആന്റ് അഡ്വക്കസി ഗ്രൂപ്പായ സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് പ്രസിഡന്റ് നീര ടണ്ടനെ ഗവണ്മെന്റിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി ബൈഡന്‍ തിരഞ്ഞെടുത്തു. സെനറ്റ് സ്ഥിരീകരിച്ചാൽ, ടണ്ടന്‍ ഏജൻസിയുടെ തലപ്പത്തിരിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയാകും. ഇന്ത്യന്‍ വംശജയായ നീരയുടെ വിവാദ പശ്ചാത്തലം കാരണം, സെനറ്റ് സ്ഥിരീകരണം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകാം എന്നതിന്റെ സൂചനകളുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർമാര്‍ക്കെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരുന്ന നീരയുടെ നിയമനം സ്ഥിരീകരിക്കാനുള്ള സാധ്യത പൂജ്യമാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിന്റെ വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡെമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നേടിയാലും, റിപ്പബ്ലിക്കൻ ഇതര സെനറ്റർമാരുടെ ഏകകണ്ഠമായ പിന്തുണ കണ്ടെത്തുന്നതിൽ നീരയ്ക്ക് പ്രശ്‌നമുണ്ടാകാം. കാരണം, പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുള്ള സോഷ്യലിസ്റ്റ് മത്സരാർത്ഥിയായ സെനറ്റർ ബെർണി സാണ്ടേഴ്‌സിനെ ഹില്ലരി ക്ലിന്റനുവേണ്ടി ശക്തമായി എതിര്‍ത്ത വ്യക്തിയാണ് നീര ടണ്ടന്‍.

ട്രഷറി ഡിപ്പാർട്ട്‌മെന്റിൽ രണ്ടാം റാങ്കുള്ള ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരിയായ യെല്ലന്റെ ഡെപ്യൂട്ടി ആയി ദീർഘകാല സാമ്പത്തിക നയ ഉദ്യോഗസ്ഥയായ വാലി അഡെമോയെ ബൈഡന്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ലേബർ ഇക്കണോമിസ്റ്റ് പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പബ്ലിക് ഇന്റർനാഷണൽ അഫയേഴ്‌സ് സ്‌കൂളിന്റെ ഡീൻ സിസിലിയ റൂസ് വൈറ്റ് ഹൗസ് കൗൺസിൽ ഓഫ് ഇക്കണോമിക് അഡ്വൈസേഴ്‌സിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ തസ്തിക കൈകാര്യം ചെയ്യുന്ന ആദ്യത്തെ കറുത്ത, നാലാമത്തെ വനിതയായിരിക്കും അവർ.

മറ്റ് രണ്ട് സാമ്പത്തിക വിദഗ്ധരെയും ബൈഡന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ജേർഡ് ബെണ്‍‌സ്റ്റൈൻ, ഹെതർ ബൗഷെ എന്നിവരെ സാമ്പത്തിക കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുത്തു.

“ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കൻ ജനങ്ങൾക്ക് അടിയന്തിര സാമ്പത്തിക ആശ്വാസം നൽകുന്നതും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എന്നത്തേക്കാളും മികച്ച രീതിയിൽ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതുമായ ടീമാണ് ഇത്,” ബൈഡന്‍ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ്-19 എന്ന മഹാമാരി അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെട്ട 22 ദശലക്ഷം ജോലികളിൽ പലതും വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി മാസങ്ങൾക്ക് മുമ്പ് തൊഴിലാളികളുടെ പിരിച്ചുവിടലുകളുടെ എണ്ണം ദശലക്ഷക്കണക്കിന് ആയിരുന്നപ്പോൾ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 700,000 ൽ അധികം പുതുതായി തൊഴിലാളികളാണ് തൊഴിലില്ലായ്മ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയത്.

അമേരിക്ക അഭിമുഖീകരിക്കുന്ന ദേശീയ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിലേക്ക് പ്രവേശനം നേടിക്കൊണ്ട് ബൈഡന് തിങ്കളാഴ്ച ആദ്യത്തെ പ്രസിഡന്റിന്റെ ഡെയ്‌ലി ബ്രീഫിംഗ് ലഭിച്ചു.

ജനുവരി 20 ന് 46-ാമത് യുഎസ് പ്രസിഡന്റായി ബൈഡൻ അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. ഇലക്ടറല്‍ കോളേജിൽ അനൗദ്യോഗിക 306-232 വോട്ടിന്റെ ലീഡ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം നിർണ്ണയിക്കുന്നത്. ദേശീയ ജനകീയ വോട്ടുകളല്ല പ്രസിഡന്റിനെ തീരുമാനിക്കുന്നതെങ്കിലും, അവിടെയും 6 ദശലക്ഷത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം ഭൂരിപക്ഷം നേടിയിരിക്കുന്നത്.

ഇലക്ടറൽ കോളേജിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വോട്ടെടുപ്പ് ഡിസംബർ 14 നാണ്. ജനുവരി ആദ്യം കോൺഗ്രസിന്റെ അംഗീകാരവും നേടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top