കൊച്ചി: അഴിമതിയിലും വഞ്ചനയിലും മുങ്ങി നില്ക്കുന്ന സംസ്ഥാന സര്ക്കാരിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് മറയാക്കി സപ്നയും മറ്റുള്ളവരും സ്വർണവും ഡോളറും കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, സർക്കാർ പ്രഖ്യാപിച്ച ലൈഫ് മിഷൻ ഇടപാടുകളിൽ മുഴുവനും തട്ടിപ്പും വെട്ടിപ്പും നടന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈഫ്മിഷൻ പദ്ധതികളിലെല്ലാം കൈക്കൂലി ഇടപാടുകൾ നടന്നെന്ന സംശയത്തിൽ ഉറച്ചു നിൽക്കുകയാണ് എൻഫോഴ്സ്മെൻറ്. ലൈഫ് മിഷനുമായി യാതൊരു ബന്ധവുമില്ലാത്ത ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ എല്ലാ നിയന്ത്രണങ്ങളും ഏറ്റെടുത്തതായി ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടതടക്കമുള്ള ഇടപാടുകളിൽ കൈക്കൂലി കൈപ്പറ്റിയവരിൽ ഒരാൾ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചിട്ടുണ്ട്. കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികൾ സംബന്ധിച്ച രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വപ്നയോട് പറഞ്ഞിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നൽകുന്നതുമായി ബന്ധപ്പെട്ട ടെൻഡർ ജനുവരിയിൽ ആരംഭിക്കും മുൻപ് തന്നെ ഇതിൽ പങ്കെടുത്ത രണ്ട് പ്രധാന കമ്പനികളുടെ ലേലത്തുക സംബന്ധിച്ച വിവരങ്ങൾ വാട്സ്ആപ്പ് സന്ദേശത്തിലൂടെ സ്വപ്നക്ക് ശിവശങ്കർ കൈമാറിയിരുന്നു. ലൈഫ് മിഷന് കീഴിലെ 36ൽ 26 പദ്ധതികളും ഈ രണ്ട് കമ്പനികൾക്കാണ് ലഭിച്ചതെന്നും ശിവശങ്കറിന്റെ ജാമ്യഹർജിയെ എതിർത്ത് ഇ.ഡി ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. ലൈഫ് മിഷന്റെ ടെൻഡർ നടപടികൾ പോലും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലി സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ പരിശോധന നടത്തി പിടിച്ചെടുത്ത കമ്പ്യൂട്ടർ രേഖകൾ പരിശോധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തും നടപടികൾ നടന്നുവരുകയാണ്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ താൻ കാണുന്നത് ശിവശങ്കറിെൻറ നിർദേശപ്രകാരമാണെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് മൊഴി നൽകിയിട്ടുണ്ട്. സന്തോഷ് ഈപ്പനുമായി നിരന്തരം ബന്ധം പുലർത്തിയ ശിവശങ്കർ കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില കരാറുകളിൽ ഭാഗമായിരിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാർ ലഭിക്കാൻ യൂണിടാക്കിൽ നിന്നും സ്വപ്നക്ക് കൈക്കൂലി ലഭിച്ചതായി ശിവശങ്കറിന് അറിയാമായിരുന്നു. സ്വർണക്കടത്തിൽ സഹായിച്ചതിനും ലൈഫ് മിഷനുമായി ബന്ധപ്പെട്ട സഹായത്തിനും ശിവശങ്കറിന് ഒരു കോടി നൽകിയതായി സ്വപ്ന പറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. ഡൗൺ ടൗൺ പദ്ധതിയുമായി ബന്ധമുള്ളവരടക്കം ഒട്ടേറെ പേരുമായി ശിവശങ്കറിനുള്ള ബന്ധവും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ പല തവണ വിളിച്ച് നയതന്ത്ര ബാഗുകൾ കടത്തിവിടുന്നതിന് ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്നാണ് നവംബർ 10ന് ഇ.ഡിക്ക് നൽകിയ സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ അസസ്മെൻറ് യൂണിറ്റിലെ ഓഫീസറുടെ മൊഴി രേഖപ്പെടുത്തി. യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന കാർഗോ തുറന്ന് പരിശോധിക്കാതെ വിട്ടുനൽകിയത് സംബന്ധിച്ച മൊഴിയിൽ അന്വേഷണം നടക്കുകയാണെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിനും ഡോളർ കള്ളക്കടത്തിനും പിന്നിൽ വമ്പന് സ്രാവുകളാണെന്ന് കൊച്ചി സാമ്പത്തിക കുറ്റകൃത്യ കോടതി വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേസും സരിത്തും വെളിപ്പെടുത്തിയവരുടെ പേരുകൾ പുറത്തുവിട്ടത് കേസിന്റെ കൂടുതൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply