Flash News

കർഷക പ്രക്ഷോഭം; ചര്‍ച്ചയില്‍ തീരുമാനമായില്ല, ഡിസംബര്‍ 5-ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന്

December 3, 2020

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സർക്കാർ പ്രതിനിധികളും പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായില്ല. താങ്ങുവില വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക യൂണിയൻ നേതാക്കൾക്ക് ഉറപ്പ് നൽകി. അടുത്ത റൗണ്ട് ചർച്ച ഡിസംബർ 5 ന് നടക്കും.

തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. കര്‍ഷകര്‍ അവരുടെ ചില ആശങ്കകള്‍ അവര്‍ പങ്കുവെച്ചു. താങ്ങുവില സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് തുടരുമെന്നും ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൃഷി മന്ത്രി പറഞ്ഞു.

കാര്‍ഷികോല്‍പ്പന വിപണന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കും. സ്വകാര്യ മേഖലയ്ക്കും കാര്‍ഷികോല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം സംഘടനാ നേതാക്കള്‍ അറിയിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉചിതമാണ്. എന്നാല്‍ നിയമം പൂര്‍ണമായി പിന്‍വലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യം. താങ്ങുവില സംബന്ധിച്ചും നിയമ ഭേദഗതി സംബന്ധിച്ചുമുള്ള ചര്‍ച്ച മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് പറഞ്ഞു.

ഇതിനിടെ ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സമരം ചെയ്യുന്ന കര്‍ഷകരുടെ പൊലീസ് ബാരിക്കേഡുകള്‍ മറികടക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി. ഗാസിപുര്‍-ഗാസിയാബാദ് അതിര്‍ത്തിയില്‍ പ്രക്ഷോഭകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. മീററ്റ്-ഡല്‍ഹി എക്‌സ്പ്രസ്‌വേയില്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ നിന്നുള്ള ആയിരത്തിലധികം കര്‍ഷകരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top