വിവാദ വ്യവസായിയും ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ ശതകോടീശ്വരൻ വിജയ് മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതായി അന്വേഷണ ഏജൻസിയുടെ പ്രസ്താവനയിൽ പറഞ്ഞു.
“ഫ്രാൻസിലെ 32 അവന്യൂ എഫ്ഒസിഎച്ചില് സ്ഥിതിചെയ്യുന്ന വിജയ് മല്യയുടെ സ്വത്ത് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റിന്റെ (ഇഡി) അഭ്യർഥന മാനിച്ച് ഫ്രഞ്ച് അതോറിറ്റിയാണ് പിടിച്ചെടുത്തത്. ഫ്രാൻസിലെ പിടിച്ചെടുത്ത ആസ്തിയുടെ മൂല്യം 1.6 ദശലക്ഷം യൂറോ (14 കോടി രൂപ) വരുമെന്ന് കണക്കാക്കുന്നു. കിംഗ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തിൽ വ്യക്തമായി,” ”ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതുവരെ 11,231 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇഡി പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോള്‍ സ്വത്തുക്കൾ കണ്ടുകെട്ടിയത് അദ്ദേഹത്തെ യുകെയിൽ നിന്ന് നാടുകടത്താനുള്ള നിയമപോരാട്ടത്തിന്റെ ഭാഗമായാണ്. കിംഗ്ഫിഷർ എയർലൈൻസിന്റെ സ്ഥാപകനായ മല്യ 9,000 കോടി രൂപയുടെ വായ്പകളാണ് ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുള്ളത്.
2016 മാർച്ച് മുതൽ യുകെയിൽ താമസിക്കുന്ന ഇദ്ദേഹം ഇന്ത്യയിലേക്ക് തന്നെ കൈമാറുന്നതിനെതിരെ പോരാടുകയാണ്. 64 കാരനായ മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ മെയ് മാസത്തിൽ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും രാജ്യത്ത് ആരംഭിച്ച രഹസ്യാത്മകമായ ചില വിഷയങ്ങള്‍ മൂലമാണ് കാലതാമസം നേരിട്ടതെന്ന് സർക്കാർ കഴിഞ്ഞ മാസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply