ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്കുള്ള അതിര്‍ത്തികള്‍ തടഞ്ഞ് ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷക സംഘടനകൾ ചൊവ്വാഴ്ച (ഡിസംബർ 8) രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രതിഷേധിക്കുന്ന കർഷകർ ദേശീയ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് ഭീഷണിപ്പെടുത്തി.
പ്രതിഷേധത്തിന്റെ അടയാളമായി പ്രധാനമന്ത്രിയുടെ കോലം നാളെ രാജ്യത്തുടനീളം കത്തിക്കുമെന്ന് സംഘടന നേതാക്കൾ പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള എല്ലാ ഹൈവേ ടോൾ ഗേറ്റുകളും തങ്ങൾ കൈവശപ്പെടുത്തുമെന്നും ഡിസംബർ എട്ടിന് പണിമുടക്കിന്റെ ഭാഗമായി ടോൾ ശേഖരിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും കർഷകർ പറഞ്ഞു. “കൂടുതൽ പേർ ഞങ്ങളുടെ പ്രസ്ഥാനത്തിൽ ചേരും,” പ്രതിഷേധ ഗ്രൂപ്പുകളിലൊരാളുടെ നേതാവ് ഹരീന്ദർ സിംഗ് ലഖോവൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ഡല്‍ഹിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി.
കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും പരിഹാരമാവാതെ പിരിഞ്ഞിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകള്‍ പരിഹരിച്ച് ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉറപ്പുനല്‍കി. കേന്ദ്രത്തിന് ‘ഈഗോ’യില്ലെന്നും സമരക്കാര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.
മിനിമം താങ്ങുവില ഉറപ്പുനല്‍കുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തര്‍ക്കപരിഹാരത്തിന് കോടതികളെ സമീപിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭേദഗതിവരുത്താമെന്നാണ് ചര്‍ച്ചയില്‍ കേന്ദ്രം സമ്മതിച്ചത്. നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കര്‍ഷകനേതാക്കള്‍ പ്രത്യേകമായ എതിര്‍പ്പുകള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതില്‍ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ സമയംനല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് വിജ്ഞാന് ഭവനിൽ ആരംഭിച്ച ചർച്ച ഏഴു മണിക്കൂർ നീണ്ടുനിന്നു. സംയുക്ത കിസാൻ മോർച്ചയിലെ 40 കർഷക നേതാക്കളുമായി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply