Flash News

ബിഷപ് ഡോ. മാർ ഫിലക്സിനോസ് ഇന്ന് സപ്തതി നിറവിൽ

December 5, 2020 , ഷാജി രാമപുരം

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഇന്ന് (ഡിസംബർ 5) എഴുപതാം വയസ്സിലേക്ക് പ്രവേശിക്കുന്നു. ന്യൂയോർക്ക് സമയം ഇന്ന് രാവിലെ 8.30 ന് ലോംഗ് ഐലൻഡിലുള്ള മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷയോടെ സപ്തതി ആഘോഷങ്ങളുടെ തുടക്കം കുറിക്കും.

മാവേലിക്കര ചെറുകോൽ മാർത്തോമ്മ ഇടവകയിൽ ആറ്റുപുറത്ത് പരേതരായ എ.എം ഐസക്കിന്റെയും മറിയാമ്മയുടെയും മകനായി 1951 ഡിസംബർ 5 ന് ജനിച്ചു. കൽക്കട്ട ബിഷപ്‌സ് കോളേജിൽ നിന്ന് വൈദീക ബിരുദം നേടി. 1976 ജൂൺ 9 ന് കശീശ്ശാ ആയി സഭയുടെ വിവിധ ഇടവകളിൽ സേവനം ചെയ്തു. ഈ കാലയളവിൽ ബോസ്റ്റൺ മാർത്തോമ്മ ഇടവക വികാരിയും ആയിരുന്നു.

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എംറ്റിഎച്ച് ബിരുദവും, ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് വൈഷ്‌ണവ ഫിലോസഫിയും ക്രിസ്ത്യൻ തീയോളജിയും എന്ന വിഷയത്തെ അധികരിച്ച് നടന്ന പഠനത്തിന് പിഎച്ച്ഡി ബിരുദവും നേടിയ ബിഷപ് ഡോ. മാർ ഫിലക്സിനോസ് പ്രതിഭാധനനും ശ്രുശ്രുഷാ സരണിയിലെ കർമ്മോജ്ജ്വല വ്യക്തിത്വവും, അദ്ധ്യാത്മികതയും സാമൂഹിക സേവനവും കോർത്തിണക്കി പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധനും ആണ്.

1993 ഒക്ടോബർ 2 ന് സഭയുടെ ഇടയ ശേഷ്ഠ പദവിയിൽ എത്തിയ ബിഷപ് ഡോ. മാർ ഫിലക്സിനോസ് മുബൈ – ഡൽഹി, കോട്ടയം – കൊച്ചി, കുന്നംകുളം – മലബാർ, മദ്രാസ് – കൽക്കട്ടാ എന്നി ഭദ്രാസനങ്ങളുടെ അധിപൻ ആയിരുന്നു. മുംബൈയിൽ നൂറ് ഏക്കർ ഭൂമി വാങ്ങി അവിടെ ആരംഭിച്ച നവജീവൻ സെന്റർ ഇന്ന് പലതവണയായി ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റികൊണ്ടിരിക്കുന്ന സ്ഥാപനം ആണ്. ന്യൂ മുംബൈയിൽ സഭയുടെ പുതിയ ആസ്ഥാനം, ഫരീദാബാദിൽ തുടങ്ങിയ ധർമ്മജ്യോതി വിദ്യാപീഠം എന്ന തിയോളജിക്കൽ കോളേജ്, അറ്റ്‌ലാന്റയിലെ കർമ്മേൽ മന്ദിരം എന്നിവ ബിഷപ്പിന്റെ പ്രയത്നത്തിന്റെ ചില ഉദാഹരണങ്ങൾ ആണ്.

ലൈറ്റ് ടൂ ലൈഫ് എന്ന പേരിൽ പുതിയതായി ഭദ്രാസനത്തിൽ ആരംഭിച്ച പ്രോജെക്റ്റിലൂടെ ഇന്ന് ഭാരതത്തിലെ ആയിരകണക്കിന് കുട്ടികൾക്ക് ആശയവും, ആവേശവും ആയി മാറിയ ബിഷപ് ഡോ.മാർ ഫിലക്സിനോസ് കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റ്, മാർത്തോമ്മ യുവജനസഖ്യം പ്രസിഡന്റ്, കോട്ടയം വൈദീക സെമിനാരി ചെയർമാൻ, ജബൽപൂർ ലുധിയാന മെഡിക്കൽ കോളേജ്, തിയോളജിക്കൽ കോളേജ് എന്നിവയുടെ ഗവേണിംഗ് ബോർഡ് മെമ്പർ, സെറാംമ്പൂർ യുണിവേഴ്‌സിറ്റിയുടെ സെനറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇപ്പോൾ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്.

അരിസോണ, ന്യൂമെക്സിക്കോ. യുട്ടാ എന്നീ സംസ്ഥാനങ്ങളിലായി ചിതറിപാർക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട നാവഹോ ഇന്ത്യൻസിന്റെ ഇടയിൽ ബിഷപ് ഡോ.മാർ ഫിലക്സിനോസ് തുടക്കം കുറിച്ച പുതിയ പ്രോജക്ട് ഭദ്രാസന മിഷൻ പ്രവർത്തനങ്ങൾക്ക് ഉണർവ്വേകി. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അറ്റ്ലാന്റയിലെ കർമ്മേൽ മന്ദിരത്തോടെ അനുബന്ധിച്ച് പുതുവർഷം പുതിയ കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള, ട്രഷറാർ ഫിലിപ്പ് തോമസ് സിപിഎ എന്നിവർ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top