Flash News

തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാന്‍ ട്രം‌പ് പ്രചാരണ വിഭാഗം ജോര്‍ജിയയില്‍ കേസ് ഫയല്‍ ചെയ്തു

December 5, 2020

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ജോർജിയ സംസ്ഥാന കോടതിയിൽ കേസ് ഫയൽ ചെയ്തതായി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ വിഭാഗം അറിയിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കാതെ, തെരഞ്ഞെടുപ്പു ഫലം ട്രം‌പിന് അനുകൂലമാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതിനിടയിലാണ് ഈ പുതിയ നീക്കവുമായി ട്രം‌പിന്റെ പ്രചാരണ വിഭാഗം രംഗത്തു വന്നിരിക്കുന്നത്.

പുതുതായി ഫയല്‍ ചെയ്ത കേസില്‍, തെരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് ജോർജിയ നിവാസികളിൽ നിന്നുള്ള സത്യവാങ്മൂലവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് പ്രചാരണ വിഭാഗത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.

ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജറും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരും നവംബർ 3 ന് ഡെമോക്രാറ്റ് ജോ ബൈഡന്‍ വിജയിച്ച തെരഞ്ഞെടുപ്പിൽ വ്യാപകമായ തട്ടിപ്പിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി.

ട്രംപിന്റെ ടീമിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിവിധ വ്യക്തികൾക്കും രാജ്യത്തുടനീളമുള്ള കോടതികളില്‍ നിന്ന് നിരവധി തോൽവികൾ നേരിടേണ്ടി വന്നിട്ടുണ്ട്. നെവാഡയിലും വിസ്കോൺസിനിലും ഫയൽ ചെയ്ത കേസുകൾ ഉൾപ്പെടെ, ആ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറ്റാൻ കോടതിയെ സമീപിച്ചെങ്കിലും തോല്‍‌വിയായിരുന്നു ഫലം.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ 306 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടിയാണ് വിജയിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. ട്രം‌പിനാകട്ടേ 232 വോട്ടുകളേ ലഭിച്ചുള്ളൂ.

റിപ്പബ്ലിക്കൻമാര്‍ ഫയല്‍ ചെയ്ത ഒരു കേസ് നെവാഡയിലെ ഒരു ജില്ലാ ജഡ്ജി വെള്ളിയാഴ്ച തള്ളി. വ്യവഹാരത്തിന്റെ ഏതെങ്കിലും അവകാശവാദങ്ങളെ ശരിവയ്ക്കുന്നതിന് വിശ്വസനീയവും പ്രസക്തവുമായ തെളിവുകൾ നൽകുന്നതിന് വാദി ഭാഗം പരാജയപ്പെട്ടെന്ന് ജഡ്ജി വിധി ന്യായത്തില്‍ പരാമര്‍ശിച്ചു. തന്നെയുമല്ല, ഡമോക്രാറ്റുകള്‍ക്ക് കോടതി ചിലവ് നല്‍കണമെന്നും വിധിച്ചു.

സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അസാധുവാക്കാനും, സംസ്ഥാന നിയമസഭയ്ക്ക് വിസ്കോൺസിൻ പത്ത് ഇലക്ടറല്‍ വോട്ടുകള്‍ നേടാന്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹര്‍ജി വിസ്കോൺസിൻ സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. “ഇത്തരമൊരു നീക്കം അമേരിക്കൻ ചരിത്രത്തിൽ അഭൂതപൂർവമായതായി കാണുന്നു,” എന്ന് വിസ്കോൺസിൻ സുപ്രീം കോടതി ജസ്റ്റിസ് ബ്രയാൻ ഹാഗെഡോർൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച നാല് ജസ്റ്റിസുമാരുടെ അഭിപ്രായത്തിൽ എഴുതി.

ട്രംപിന്റെ പ്രചാരണ വിഭാഗം തിരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാന്‍, അഭിഭാഷകർക്കും കൺസൾട്ടന്റുകള്‍ക്കും നല്‍കിയ 2.3 മില്യൺ ഡോളർ ഉൾപ്പെടെ, ഏകദേശം 9 മില്യൺ ഡോളറാണ് ചെലവഴിച്ചത്.

പ്രചാരണ വിഭാഗവും റിപ്പബ്ലിക്കൻ ദേശീയ സമിതിയും തിരഞ്ഞെടുപ്പ് ദിനം മുതൽ കുറഞ്ഞത് 207.5 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രതിരോധ ഫണ്ടിലേക്ക് “സംഭാവന” എന്ന് ആവശ്യപ്പെട്ടാണ്.

ഈ പണം ട്രംപിന്റെ പുതിയ പൊളിറ്റിക്കല്‍ ആക്‌ഷന്‍ കമ്മിറ്റിയിലേക്ക് വകയിരുത്തും എന്ന് പ്രചാരണ വിഭാഗം അറിയിച്ചു. ഇത് അദ്ദേഹത്തിന്റെ ഭാവിയിലെ രാഷ്ട്രീയ ശ്രമങ്ങൾക്ക് കരുത്തേകുമെന്നും പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top