ഡോളർ കള്ളക്കടത്തില്‍ ഉന്നത പദവിയുള്ള നേതാവിന് ബന്ധമുണ്ടെന്ന് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി പി എസ് സരിത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പദവിയിലുള്ള രാഷ്ട്രീയ നേതാവ് ഡോളർ കള്ളക്കടത്തില്‍ പങ്കാളിയാണെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പി.എസ് സരിത്ത് ആണ് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതു സ്ഥിരീകരിച്ചും നേതാവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നല്‍കി. കസ്റ്റംസിനോടാണ് ഇരുവരും നിര്‍ണ്ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറാക്കുന്നുണ്ട്. ഏത് തരത്തിലുള്ള പണം കൈമാറ്റം ചെയ്യപ്പെട്ടു, ആരുടെ സാമ്പത്തിക പങ്കാളിത്തം എന്നിവ പരിശോധിക്കും. നേതാവിന്റെ വിദേശ യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടിവരുമെന്നതിനാൽ അന്വേഷണ സംഘം ഇതിന്റെ നിയമപരമായ വശങ്ങളും പരിശോധിക്കുന്നുണ്ട്.

നേതാവ് കൈമാറിയ പണം, അതിനു ഡോളര്‍ നല്‍കിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങള്‍ സരിത്ത് നല്‍കിയതായാണ് വിവരം. ഇടപാടില്‍ താന്‍ നല്‍കിയ സഹായത്തെക്കുറിച്ചു സ്വപ്നയും വെളിപ്പെടുത്തി. ഒരു പ്രമുഖ വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാര്‍ജയില്‍ തുടങ്ങാന്‍ നേതാവിന് ഉദ്ദേശ്യമുണ്ടായിരുന്നതായാണു സ്വപ്ന നല്‍കിയ വിവരം. ഇതിനാണ് ഡോളറാക്കി പണം നല്‍കിയത്.

ബാംഗ്ലൂരിൽ വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുന്ന മലയാളി യുഎഇയിലെ കോൺടാക്റ്റുകളിലൂടെ നേതാവിനെ സഹായിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് കൈമാറി. വിമാനത്താവളത്തിൽ വിഐപി സംരക്ഷണം ലഭിച്ച ഈ വ്യക്തിക്ക് പരിശോധന കൂടാതെ തന്നെ വിമാനത്തിൽ കയറാനുള്ള സൗകര്യവുമുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News