വധഭീഷണിയെത്തുടര്‍ന്ന് സ്വപ്ന സുരേഷിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജയിൽ വകുപ്പ് നിഷേധിച്ചു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് പരിശോധിക്കാമെന്ന് ജയിൽ അധികൃതർ അറിയിച്ചു. നിലവിൽ സ്വപ്നയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. സെല്ലിന് പുറത്ത് സ്ത്രീകൾ 24 മണിക്കൂർ കാവൽ നിൽക്കുന്നു.

കൂടുതൽ സായുധ പോലീസുകാരെയും ജയിലിനു പുറത്ത് വിന്യസിച്ചിട്ടുണ്ട്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിൽ സ്വപ്‌നയെ പാർപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ ആരും സ്വപ്നയെ സന്ദർശിച്ചിട്ടില്ല. ആരൊക്കെയാണ് അവരെ സന്ദർശിച്ചതെന്ന് വ്യക്തമായ രേഖയുണ്ട്.

അമ്മ, മക്കൾ, ഭർത്താവ്, സഹോദരൻ എന്നിവരെല്ലാം ജയിലിൽ വന്ന് സ്വപ്നയെ കണ്ടിട്ടുണ്ട്. അതിന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളുണ്ടെന്ന് ജയിൽ വകുപ്പ് അറിയിച്ചു.

തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് സ്വപ്‌ന സുരേഷ് കോടതിയിലെത്തിയത്. കോടതിയിലെത്തിയ അവര്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ട്. അതുകൊണ്ട് കോടതി ഇടപെട്ട് തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അട്ടക്കുളങ്ങര ജയിലില്‍ ആയിരിക്കുന്ന സമയത്ത് തന്നെ ചിലര്‍ വന്ന് കണ്ടു. കാഴ്ചയില്‍ ജയില്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുമായിരുന്നു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേര് പറയരുതെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് അവര്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശേഷിയുള്ളവരാണെന്ന് പറഞ്ഞായിരുന്നു അവരുടെ ഭീഷണിപ്പെടുത്തല്‍. നവംബര്‍ 25ന് മുമ്പ് പലതവണ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് രേഖാമൂലം കോടതിയെ അറിയിച്ചു.

കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ താന്‍ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്കാണ്. അവിടെ വെച്ച് താന്‍ അപായപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment