കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ കോവിഡ് കാലത്ത് ഒരു രോഗിയുടെ പീഢാനുഭവ കദനകഥ, നര്‍മ്മത്തില്‍

ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ പ്രതിമാസ ഭാഷാ സാഹിത്യ സമ്മേളനം നവംബര്‍ 22-ാം തീയതി വൈകുന്നേരം ഡോ. മാത്യു വൈരമണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തിയ യോഗ നടപടികള്‍ കേരളത്തില്‍ അവധിയിലുള്ള സെക്രട്ടറി ജോസഫ് പൊന്നോലി നിയന്ത്രിച്ചു. ഭാഷാ-സാഹിത്യ സമ്മേളനത്തിന്‍റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു.

റവ. ഡോ. തോമസ് അമ്പലവേലിയുടെ പങ്കുവെയ്ക്കല്‍ എന്ന ഹൃദയസ്പര്‍ശിയായ ചിത്രീകരണമായിരുന്നു ആദ്യത്തെ ഇനം. നവംബര്‍ മാസത്തിലെ താങ്ക്സ്ഗിവിംഗ് കാലഘട്ടത്തില്‍ ‘ഉള്ളതുകൊണ്ട് ഓണം പോലെ’ പങ്കു വെച്ചു സംതൃപ്തിയോടെ സര്‍വ്വേശ്വരനു നന്ദി പറയുന്ന ഒരു പാവപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളിയുടെ ഒരു ദിവസത്തെ തൊഴില്‍ അധിഷ്ഠിതമായ ജീവിതമാണ് അദ്ദേഹം ചിത്രീകരിച്ചത്.

മലയാളത്തിലെ പ്രഗല്‍ഭനായ അന്തരിച്ച കവി ഡോ. പി.കെ. വര്‍ഗ്ഗീസ് 1947ല്‍ എഴുതിയ’യാഗം’ എന്ന കവിതാ സമാഹാരത്തിലെ ഏതാനും വരികള്‍ അദ്ദേഹത്തിന്‍റെ പുത്രനായ ഡോ. ബോബി വര്‍ഗ്ഗീസ് ആലപിച്ചു.

“ആരുമിതുകുമാരാരവമെന്നെങ്ങോ…..
ദൂരത്തു നിന്നിതാകേട്ടിടുന്നു……”

എന്നിങ്ങനെ പോകുന്ന ആ ഈരടികള്‍ മലയാള കാവ്യ ലോകത്തിന്‍റെ കഴിഞ്ഞ കാലഘട്ടങ്ങളിലെ രൂപങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങളാണ്. വൃത്തം, ദ്വീതിയാക്ഷര പ്രാസം, മണിപ്രവാള ശൈലി തുടങ്ങിയവ ഈ കവിതയിലെ പ്രത്യേകതയാണ്. ചര്‍ച്ചകള്‍ക്കിടയില്‍ പീറ്റര്‍ പൗലോസിന്‍റെ നിര്‍ദ്ദേശാനുസരണം ‘ഒന്നാനാം കുന്നേല്‍ ഓരടി മണ്ണിേന്മേല്‍ ഓരായിരം കിളി കൂടു വെച്ചു’ എന്ന ലളിതമായ ഈണത്തിലും രാഗത്തിലും ഡോ. ബോബി വര്‍ഗ്ഗീസ് കവിത പാടി അവതരിപ്പിക്കാന്‍ മടി കാണിച്ചില്ല. ഡോ. ബോബി വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ പത്നി ആനി വര്‍ഗ്ഗീസും കാനഡയില്‍ നിന്നാണ് വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ആശുപത്രികള്‍ തേടിയെത്തുന്ന ഓരോ രോഗിയും നേരിടുന്ന പീഢാനുഭവങ്ങളുടെ കരളലിയിപ്പിക്കുന്ന കദനകഥ സ്വാനുഭവത്തിലൂടെ നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ മാത്യു മത്തായിയുടെ ഹാസ്യ ചിത്രീകരണം പഠിക്കാനും, ചിന്തിക്കാനും, ചിരിക്കാനും അവസരം നല്‍കി. വായും മൂക്കും മൂടിക്കെട്ടി ഒരുതരം മുഖംമൂടി ധാരിയായെത്തിയ രോഗിയെ മറ്റൊരു കൂട്ടം മുഖംമൂടി ധാരികളും, ബഹിരാകാശ വസ്ത്രധാരിണി ധാതാക്കളും ചേര്‍ന്ന് തോക്കുപോലെയൊരു സാധനം നെറ്റിക്കുനേരെ ചൂണ്ടി പേടിപ്പിക്കുന്നു. പനിയുണ്ടൊ, കൊറോണയുണ്ടൊ എന്നു നോക്കുന്നതിനാണത്രെ. ബഹിരാകാശ വസ്ത്രക്കാര്‍ രോഗിയെ വിവസ്ത്രനാക്കി തൊട്ടുകൂടാ തീണ്ടിക്കൂടാ ഏരിയായിലേക്ക് കടത്തി കൊണ്ടുപോകുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗാണെന്നും പറഞ്ഞ് ആറടി അകലത്തില്‍ നിര്‍ത്തി നീളമുള്ള കൊമ്പും കുഴലും അവിടെയും ഇവിടെയും മുട്ടിച്ചും തട്ടിച്ചും തള്ളിക്കേറ്റിയും പരിശോധിക്കുന്നു. പരിപൂര്‍ണ്ണ നഗ്നനാക്കി കൂച്ചികെട്ടി എം.ആര്‍ഐ. മെഷീനകത്തേക്ക് തള്ളികേറ്റുന്നു. മലയാളി സമാജങ്ങളിലെ മൈക്ക്, പാപ്പാന്മാര്‍ മൈക്ക് ടെസ്റ്റ്ചെയ്യുന്ന മാതിരി കറപിറ ശബ്ദമുണ്ടാക്കുന്ന എം.ആര്‍.ഐ, എക്സറെ മെഷീനുകള്‍… അങ്ങനെ ഒരുതരം ഊപ്പാദി വന്ന പീഢാനുഭവം. കുരിശു മരണം മാത്രം സംഭവിച്ചില്ല എന്ന ഹോസ്പിറ്റല്‍ അനുഭവത്തിന്‍റെ നര്‍മ്മ പദങ്ങള്‍ കുറിക്കുകൊള്ളുന്നവയായിരുന്നു.

കവിതയുടെയും ചിത്രീകരണങ്ങളുടെയും വിലയിരുത്തിയും നിരൂപണം നടത്തിയും ആസ്വദിച്ചും മീറ്റിംഗില്‍ സംബന്ധിച്ച അനുവാചകരും എഴുത്തുകാരുമായ ജോണ്‍ കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ജോസഫ് പൊന്നോലി, ഡോ. മാത്യു വൈരമണ്‍, തോമസ് വര്‍ഗീസ്, മാത്യു മത്തായി, റവ ഡോ. തോമസ് അമ്പലവേലില്‍, പീറ്റര്‍ പൗലോസ്, ബോബി മാത്യു, ഡോ. ബോബി വര്‍ഗീസ്, ആനി വര്‍ഗീസ്, ഷാജി പാംസ്, ജോണ്‍ തൊമ്മന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി പാംസാണ് മുഖ്യാതിഥികളായി കാനഡയില്‍ നിന്നു പങ്കെടുത്ത ബോബി വര്‍ഗീസിനേയും ആനി വര്‍ഗീസിനേയും സദസ്സിനു പരിചയപ്പെടുത്തിയത്.

എ.സി. ജോര്‍ജ്

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment