“പുറത്തു വെട്ടം കത്തിച്ചകത്തിരുട്ടാണെന്നാൽ
കാര്യമില്ലതിലെ”ന്നു ചൊന്നല്ലോ ഗുരുദേവൻ!
ജ്ഞാനമെന്നതു തേടി നേടിയെന്നാലുമതിൽ
മാനസം പ്രകാശിതമായില്ലേൽ ഫലമെന്ത്?
ദീപനാളത്തിൻ നറു രശ്മികൾ പതിയ്ക്കുമ്പോൾ
ദീപികയൽപ്പൽപ്പമായവിടെ പരക്കുമ്പോൾ,
തപസ്സു ചെയ്തങ്ങനെയുറഞ്ഞു കൂടും കൊടും
തമസ്സു മെല്ലെ മെല്ലെയകലുമില്ലാതാകും!
ദീപത്തിൽ നിന്നല്ലയോ മറ്റുള്ള ദീപങ്ങൾക്കും
ദീപ്തിതൻ മായാജാലം പരത്താൻ കഴിയുള്ളൂ!
ഇരുട്ടിൽ തപ്പിത്തടഞ്ഞലയുമാത്മാക്കൾക്കും
ഇരുന്നു ജന്മം മുതൽ ഇരുട്ടിൽ കഴിവോർക്കും,
ഇത്തിരി വെട്ടത്തിനായ് ദാഹിച്ചലയുവോർക്കും
ഇഹത്തിൽ വെട്ടം കാട്ടാ നാകുകിലതേ പുണ്യം!
അന്ധകാരത്തിൽ തപ്പി ത്തടയുന്നവർക്കല്ലേ
അറിയൂ താമസ്സിന്റെ കാഠിന്യ മെല്ലായ്പ്പോഴും?
കണ്ണുകൾ കാണാത്തതും കാതുകൾ കേൾക്കാത്തതും
കർമ്മ ഫലമെന്നതു വിസ്മരിയ്ക്കരുതാരും!
എങ്കിലുമെല്ലായ്പ്പോഴുംഉള്ളതിൽ സുലഭമായ്
എരിയും വിളക്കിന്റെ ദീപ്തിയിലെല്ലാം കാണ്മു!
ഉൾക്കണ്ണു തുറക്കുകിലുള്ളിലെ തമസ്സാകെ
ഉടനെയപ്രത്യക്ഷമായ് വിജ്ഞാന മയമാകും!
ജ്ഞാനമെന്നൊരാ ദീപ ശിഖ തൻ വെളിച്ചത്തിൽ
ജാജ്വല മാകും ചിത്തം ബാഹ്യ ദീപ്തിയെക്കാളും!
ആയിരം വിളക്കുകളൊരുമിച്ചെരിഞ്ഞാലും
ആകുമോ ചേതസ്സിലെ ഒളിയെ ജയിയ്ക്കുവാൻ?
ആഗോളതലത്തിലും ജ്ഞാന ദീപ്തമാക്കീടാൻ
ആകട്ടെ മേലും മേലും നമ്മുടെ മനോഗതം!
ഉള്ളത്തിൽ തെളിയുന്ന ദീപ്തിയല്ലയോ കണ്ണിൽ
ഉടനെ തെളിവതും കാലവിളംബമെന്യെ!
‘അഹം കാരവും’ ഒപ്പം’മമ കാരവും’പോയാൽ
ഇഹം താൻ സ്വർഗ്ഗത്തേക്കാൾ ദീപ്തമെന്നറിയും നാം!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply