Flash News

സ്വപ്നയുടെ ശബ്ദ സന്ദേശം കേന്ദ്ര അന്വേഷണം അട്ടിമറിക്കാന്‍; പദ്ധതി തയ്യാറാക്കിയത് സ്പെഷ്യല്‍ ബ്രാഞ്ച്

December 14, 2020

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രസ്താവന നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന ശബ്ദ സന്ദേശം തന്റേതാണെന്നും സംസ്ഥാന പൊലീസിലെ ചില ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നതങ്ങളില്‍ നിന്നുള്ള നിർദ്ദേശാനുസരണം സംസ്ഥാന പ്രത്യേക ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഓപ്പറേഷന് നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.

കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലിരിക്കുമ്പോഴും കേരള പോലീസാണ് സ്വപ്‌നയ്ക്ക് കാവൽ നിൽക്കുന്നത്. കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ അഞ്ച് വനിതാ പോലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു.

ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top