Flash News

ചൊക്ളി (നോവല്‍ 24): എച്മുക്കുട്ടി

December 20, 2020

ഇങ്ങ്നെ ആവും ജീവതെന്ന് ചൊക്ളി ക് നാവ് ലും കൂടി കണ്ട് ണ്ടാര്ന്ന്‌ല്ല..

ഓരോരോ അതിശങ്ങള്.. അല്ലാണ്ട് എന്ത്ന്നാ പറയ്യാ..

പപ്പിനി കേട്ടപ്പ്യന്നെ സമ്മേയ്ച്ചു. വിശ്ശൊനാദസ്സാമീരവ് ടെ നിന്ന് പൺതോളാൻ..

ഒര് ജീവതം വേണ്ടേരാ ന്ന്..

അങ്ങ്നെ അദ്ദായി. മയിലീനേ അവളരെ അത്താൻ കെട്ടുന്ന്… മയിലീനേ ചൊക്ളി ക്ക് വെല്യേ ഇഷ്ടാര്ന്ന്.. മയിലിക്ക് അവളരെ അത്താനെ വെല്യേ ഇഷ്ടാര്ന്ന്..

പപ്പിനീം പൊക്കോളാമ്പറഞ്ഞ്പ്പോ ചൊക്ളീരെ നെഞ്ഞ് പൊട്ടി.. പപ്പിനി ചൊക്ളിക്ക് ആരാന്നറീല്ല.. ഇന്നാലും ആരോ ആര്ന്നു.. എന്ത് റ്റാ ബെന്തം ന്ന് അറീല്ല.. ഇന്നാലും ബെന്ത്ണ്ടാരുന്നു.

ഇന്നട്ടും ഒക്കേം അത്ര്യന്നെ ള്ളോ..

ചൊക്ളി ആരുല്യാത്തോനാണ്ന്നേ..

അത് മാറ്‌ല്യാ.

സാമീരോരേ വന്ന് കൂട്യപ്പോ ഏതേരോം പണീണ്. ഒരെണ്ണാ കഴീമ്പളക്കും അട്ത്തതാ തരും.. ആ ലളിതമ്മ്യാര് ഏങ്ങപ്പ്ശാശ് പോലെ ഇരിക്കണൂച്ചാലും പണ്യെടുപ്പിക്കാൻ നല്ല തൊരാണ്.. താമരച്ചേട്ത്താരെ അമ്മ്യാരേ വാല്മ്മേ കെട്ടാനെ പറ്റ്ള്ളോ.. ഇങ്ങനേണ്ടോ ഒര് അതിസാമർത്തം.

പണ്യന്നെ പണി..

പൊഴമ്പള്ളത്തിൻറെ തൊട്ട് അരീത്തായി കൊറെ മുറിയോള് പണ്ത്ണ്ട്. പണിക്കാര്ക്ക് പാറ്ക്കാൻ…

കുളിക്കാൻ പൊഴേലിക്ക് രണ്ട് കടവോളും.. ആണങ്ങക്കും പെണ്ണങ്ങക്കും ആയിറ്റ് പൊഴമ്പള്ളത്തിൻറെ ഒരര്ക്കപ്പടി സാമീര്യല്ലേ..

പറമ്പിൽ ക്ക് മോട്ടൊറ് വെച്ച് വെള്ളട്ത്ത് എല്ലാ തെങ്ങും കവ്ങ്ങും കണ്ട കടിച്ചാദി ചെട്യോളും ഒക്ക്യങ്ങട്ട് ആണി വെച്ചാ ചാലുമ്മേ കൂട്യൊഴുക്ക്ല്.. അത് മോട്ടറ് കടവ്..

പട്ടര് കടവ്.. സാമ്യോളക്കും അമ്യാരോള്ക്കും കുളിക്കാൻ.. അതിൻറെ നടൂല് കല്ല് കെട്ടീണ്ട്. തമ്മാമ്മില് കാണ്ണാമ്പറ്റ്ല്ല.

മറപ്പെരോളും ഇണ്ട്.. അഞ്ചെട്ടെണ്ണം.. ബസ്സോടിക്കണോര്ക്കും കാശ് വേടിക്കണോര്ക്കും കിള്യോൾക്കും ബസ്സോള് നന്നാക്കണോര്ക്കും ഒക്കേം വേണല്ലോ മറപ്പെര…

ചൊക്ളി എങ്ങട്ടും നോക്കീല്ല.. ലളിതമ്മ്യാര് പറഞ്ഞ പണ്യൊക്കെ ഇട്ത്തു. വേറെ എന്തിറ്റ് തേങ്ങ്യാ ചെയ്യാ.. പണീട്ത്തോണ്ടിര്ന്നാ കണ്ണിക്കണ്ട വിചാരങ്ങള് വര്ല്ല.. ആരൂല്ല.. തന്നയ്ക്കാണ്… രവ്യേട്ടൻറെ വേനേം നെലോളീം ഒന്നും ഓർമ്മേലിക്ക് വരില്ല… പപ്പിനീനേം മയിലീനേം ഒക്ക്യങ്ങട്ട് മറക്കന്നേ..

ജാനു ഒന്നും പറേല്യാ.. അവളരെ അമ്മേണ് വര്ത്താനിക്കല്. അവര്ക്ക് അറിയാത്ത ഒര് കാര്യോം മറിയപ്പാറേരെ അവ്ട്ന്ന് ആലൂര് സെൻററ് വരേ ഇണ്ടാവില്ല.. തുന്നക്കാരൻ ശങ്കരൻറെ മോനേണ് ആലൂര് സെൻററിലെ പർമാണി. പേർഷേല് നല്ല വരായയ്യിണ്ട്. അത് ന് പാഗത്ത് ല് ആലൂര് സെൻറര് നന്നാക്ക്ണ്ട്.. ഹിന്നുക്കളേം ക്രിസ്ത്യാനിയോളേം ഓരോരോ പേർഷ നാടോളില്ക്ക് പണിക്ക് കൊണ്ടോണ്ട്. മേത്തമ്മാരെ കൊണ്ടോവില്ല.. അവറ്റ അല് മ്പോളാന്ന്..

ആ പപ്പിനീല്യടാ.. ചൊക്ളീയേ.. രവ്യമ്പ്രാൻറെ കൂട്യാ കെട്ന്ന് ആ വയ്യാത്ത തമ്പ് രാനെ കൊലയ്ക്ക് കൊടുത്തോള്… അവള് റോട്ട്ലൊക്കെ എതക്കേ നോക്കി മാവും പ്ളാവും വെക്കണ്ട്.. തലക്ക് സുഗല്യാണ്ടായേരിക്കും.. എല്ലാരും പേർഷേക്കാരായീ ഓട്ടർഷേം കാറും വേടിച്ചാ പിന്നെ റോട്ട്ലൊക്കെ എന്ത് നാണ്ടാ തണല്..

കാശ്ണ്ടെങ്ങേ മനിഷേമ്മാര്ക്കാ കടേന്ന് വാങ്ങിത്തിന്നാൻ വെഷ്മം.. അവളരെ ഒര് ചക്കേം മാങ്ങേം..

ചൊക്ളിക്ക് അത് മൻസ്സിലായ്ല്ല.. ജാനൂൻറമ്മ എന്ത് നണ് പപ്പിനീരേ മേക്കട്ട് കേറണേന്ന്..

പെണ്ണങ്ങള് അങ്ങന്യാന്ന് പറ്ഞ്ഞൂ.. ബസ്സിലെ കിളി രാഘവേട്ടൻ..

ആവോ.. അങ്ങനേരിക്കും..

കാൽത്ത് ഇട്ളീം പച്ചോള്ളചട്ണീം കയിച്ച് കാപ്പീം കുട്ച്ച് വിശ്ശൊനാദസ്സാമിടെ മഡത്തിൻറോടെ ചണ്ണക്കാലും ഏന്തി ന്ന് പുല്ല് ചെത്തുമ്പളാണ് ബാലേന്ദരനും ത് ര്ശ്ശൂര് കോളേശി പഠ്പ്പ്ക്കണ സുകുമാഷും ചിറിച്ചോണ്ട് വരണ കണ്ടേ..

എന്തിറ്റാവോ കോള്..

സാമീം കൊടവയറ് കിൽക്കി നല്ല ചിറിയന്നെ..

ഏതാണ്ട് നാട്ട്ല് ഒരമ്പലം തൊറന്നൂന്ന് .. ജോനോമ്മാര് പള്ള്യാക്കി വെച്ചിര്ക്കേര്ന്നു ആ അമ്പലന്ന്. വെട്യോണ്ട് ചത്ത്പോയ ആ ഇന്ത് രാ ഗാന്തീരേ തന്തേണ്ന്ന് അവടെ ഇന്തുക്കൾടെ വിഗ് രം വെക്കാൻ പാടില്യാ പറഞ്ഞേന്ന്. ഉര്ക്കോണ്ട് ണ്ടാക്ക്യ ഒര് മനിക്ഷേനാന് ആ തന്തേനെ അപ്പോ വിഗ് രം തൊടര്ത് ന്ന് ങ്ങ്നെ പേടിപ്പിച്ചേന്ന്..

അദ്ദാന്ന് ആ ഇന്ത് രാ ഗാന്തീരേ കുടുമ്മം അപ്പ്ടി തൊലഞ്ഞേന്ന്.. സുകു മാഷ് ചിറിയോട് ചിറിയന്നേ..

ബാലേന്ദ് രനും ചിറിച് മറിക്ക്ണ്ട്.

ഇപ്പോ ഇന്തുക്കള്ക്ക് അമ്പലം തൊറന്നോണ്ട് ഇന്ത് രാ ഗാന്തീരേ ഈ മോൻ രച്ചപ്പെടുന്ന്…

ചൊക്ളി ക്ക് കല്യാണ് വന്നത്..

അല്ലെങ്ക്യന്നെ അമ്പലം മുട്ടീട്ട് നട്ക്കാൻ തൊയിരല്ല.. കോടംകരേന്ന് മറിയപ്പാറേരെ അവ്ടെ ദേശോളക്ക് ആവ്മ്പോ അയ്യപ്പങ്കുന്നാവല്.. ചെട്ടിച്ച്യോളടവ്ടെ മാരിമ്മൻ കൊയില്.. മഠത്തീക്കേറ്റം കയിഞ്ഞ് പൊഴമ്പള്ളത്ത് എത്ത്യാ സാമീരവ്ടെ കണ്പതീമ്പലം. വാറോട്ട് മനേരേ ശിവൻറെ ആലൂരമ്പലം, കല്ലെട്ടിപ്പാടത്തിൻറവ്ടെ ചാത്ത്ൻറെ മ്പലം.

കോടംകരേല് പള്ളി..

അത്താണീക്കേ ഒര് കയ്പ്പോള…

ആ നാട്ട് ലും ണ്ടാവില്ല്യേ ഇങ്ങത്തേ ഓരോരോ അമ്പലങ്ങോള്.. അതേ, ആ നാട്ട് ല് ആകനെള്ള ഒരമ്പലം ജോനോമ്മാരടെ അട്ത്താര്ന്നാ ചെന്ന് പെട്ടത്…ചെൽപ്പോ അങ്ങനേരിക്കും..അതേരിക്കും ഇന്ത് രാ ഗാന്തീരേ മോൻ തൊറന്നൊട്ത്ത്ത്.

ആവോ.. തൊറക്കേ അടക്കേ എന്ത് പണ്ടാരേലും ആയോട്ടേ..മ്മക്ക് എന്തിറ്റാ കാരിയം..

ഓട്ടമ്പനീല് പണിക്ക് പോണ കൗശല്ലിയാന്ന് ഒര് പെണ്ണിൻറെ കല്യാണക്കാരിയം പറഞ്ഞ് അന്നന്നേര്ന്ന് രാമേട്ടൻ വന്നേ.. വെങ്ങട്ടൂ ഡോക്കിട്ടറ്ടെ അവടെ. അവര് പെലേമ്മാര്ണ്ന്ന്. അതെന്തിറ്റാവോ.. ചൊക്ളി ആരായിറ്റാ..

പെണ്ണല്ലേന്ന് ചോയിച്ച് ചൊക്ളി..

രാമേട്ടനും വെങ്ങട്ടൂ ഡോക്കിട്ടറും അതേട്ട്
ചിറിക്കണ്ടാര്ന്നു..

അപ്പനും ഒര് മോളുംള്ളോ. ലശ്ശം വീട്ണ്ട്. അപ്പൻ പണിക്ക് പൂവ്വും. അപ്പൻറെ കാലം കയിഞ്ഞാ ഒക്കെ പെണ്ണിൻറന്ന്യാ.. ചൊക്ളി ഒരീസം ചെന്നാ അതങ്ങട്ടൊറ്പ്പിക്കാര്ന്ന്..

ചൊക്ളിക്കോന്നി രാമേട്ടൻ സൊന്താന്ന്.. കാരണോരാന്ന്.. ഒര് പെണ്ണ്ണ്ടാവ്ണം.. ങനെ ഒറ്റക്കുറ്ക്കനായാ പോരാന്ന് ഈ ആവതില്ലാത്തോടത്തും രാമേട്ടൻറെ നെഞ്ഞില് തോന്നീലോ..

ഒര് പരിചല്ലാത്ത പെണ്ണിനേ വിജാരിച്ച് ങ്ങനെ ഇര്ക്കാനും ണ്ട് ഒര് സുകം.

വെങ്ങട്ടൂ സാമീം രാമേട്ടനും പൊറുപൊറാന്ന് മിണ്ടണ്ട്. കേക്കുമ്പോ അമ്പലം തൊറന്നതന്ന്യാ.. ഏതാണ്ട് നാട്ട് ല് അമ്പലം തൊറന്നേന് ഇവര്ക്ക് എന്താവോ..

ആലൂര് സെൻററീല് രാമൻറെമ്പലം വര്ണ്ട്ന്ന്. നന്നായില്ലെന്നും.തുന്നക്കാരൻ ശങ്കരൻറെ പേറ്ഷക്കാരൻ മോനാത്തറെ കാശെറ്ക്ക്ണ്. ചൊക്ളിക്കാ രാമേട്ടനാ പണ്യാമ്പറ്റോ അമ്പലം. കാശ്ള്ളോര്ക്കാ പറ്റാ അമ്പലോം കയ്പോളേം പള്ളീം പണിയാമ്പറ്റാ.. ചെറ് മൻ ചെക്കൂം ചൊക്ളീം ഒക്കെ അവടെച്ചെന്ന് ന്ന് ൻറെ ദൈവേന്ന് വിള്ക്കും. അമ്പത് പൈസീടും കാണ്യക്ക..അല്ലെങ്കി ഒരുറുപ്പിയ..

ചൊക്ളി വന്നന്തിയല്ല, ഇപ്പോ സലങ്ങള്.. പേറ്ഷക്കാര് ണ്ട്. ഓട്ടമ്പനീല് പണീള്ള പെണ്ണങ്ങള് ണ്ട്…ബസ്സോള് അദികണ്ട്. പൂയ്ന്ന് വിളിച്ച് മീൻ കൊണ്ടോണ സൈക്കള്കാര്ണ്ട്..

ഇഞ്ഞീം അമ്പലോം പള്ളീം ഒക്ക്യങ്ങട്ട് വരട്ടേന്നും… ഒക്കെ നല്ലതല്ലേന്നും…

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top