- Malayalam Daily News - https://www.malayalamdailynews.com -

സിപി‌എമ്മിന്റെ ഇരട്ടത്താപ്പ് നയം; അന്ന് നെഞ്ചോടു ചേര്‍ത്തവരെ ഇന്ന് പുറം‌കാലുകൊണ്ട് തൊഴിച്ചു മാറ്റുന്നു

[1]തിരുവനന്തപുരം: സിപി‌എമ്മിന്റെ ഇരട്ടത്താപ്പ് നയം പ്രത്യക്ഷമായിത്തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജമാ അത്തെ ഇസ്ലാമിക്കും വെല്‍ഫയര്‍ പാര്‍ട്ടിക്കുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന സിപിഎം ഒരു കാലത്ത് അവരെ നെഞ്ചോടു ചേര്‍ത്ത പാര്‍ട്ടിയായിരുന്നു എന്ന് അവര്‍ തന്നെ മറന്ന അവസ്ഥയിലാണിപ്പോള്‍. ആ കാലഘട്ടത്തില്‍ നിരന്തരം ജമാഅത്തെ ഇസ്ലാമിയെ പാടിപ്പുകഴ്ത്തിക്കൊണ്ട് നടന്നിരുന്നവരാണ് നേതാക്കളും പാര്‍ട്ടി പത്രവും.

1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷ ഡമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. “തിരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍” എന്ന പേരിൽ 1996 ഏപ്രിൽ 22 ന് ജമാഅത്തെ ഇസ്ലാമിയുടെ ഈ തീരുമാനത്തെ പ്രകീർത്തിച്ച് ദേശാഭിമാനിയിൽ ഒരു ആമുഖ പ്രസംഗം എഴുതിയിരുന്നു. സംഭവങ്ങളെയും പ്രശ്‌നങ്ങളെയും സ്വന്തം ഇസ്‌ലാമിക വീക്ഷണകോണിൽ നിന്ന് നിരീക്ഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഘടനകളിൽ ഒന്നാണ് ജമാഅത്തെ ഇസ്ലാമി. സംഭവങ്ങളെ വിശകലനം ചെയ്യുന്നില്ലെങ്കിലും ജമാഅത്തെ ഇസ്ലാമി ചെന്നെത്തി നില്‍ക്കുന്നത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തില്‍ തന്നെയാണെന്നാണ് ദേശാഭിമാനി ജമാഅത്തെ ഇസ്ലാമിയെ വിശേഷിപ്പിച്ചത്.

അങ്ങനെ ജമാഅത്തെ ഇസ്ലാമിയെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയ സിപിഎമ്മാണ് അവരില്‍ വര്‍ഗിയതയും ദേശവിരുദ്ധതയും ആരോപിക്കുന്നത്. സിപിഎം എല്ലാ കാലങ്ങളിലും പിന്തുടര്‍ന്നുവന്ന ഇരട്ടത്താപ്പിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോള്‍ അവരെല്ലാം വര്‍ഗീയ പാര്‍ട്ടികളും സിപിഎം അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ അവര്‍ വിശുദ്ധന്മാരുമാകുന്ന ഇരട്ടത്താപ്പാണ് എല്ലാക്കാലത്തും മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടര്‍ന്നു വന്നിരുന്നത്.

ദേശാഭിമാനി എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പ് : ശ്രദ്ധേയമായ രണ്ടു തീരുമാനങ്ങള്‍

ആഗോളവല്‍ക്കരണം ഉദാരവല്‍ക്കരണം എന്നീ ഓമനപ്പേരുകളില്‍ പി.വി. നരസിംഹ റാവുവിന്റെ സര്‍ക്കാര്‍ നടപ്പലാക്കിവരുന്ന സാമ്രാജിത്വാനുകൂല സാമ്പത്തിക പദ്ധതികള്‍ക്കും മറ്റു ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെയെന്ന പോലെ ഹൈന്ദവ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും ഇടതുപക്ഷ-ജനാധിപത്യ മത നിരപേക്ഷ ശക്തികള്‍ നടത്തിപ്പോരുന്ന പ്രക്ഷോഭ സമരങ്ങള്‍ ആ ശക്തികളുടെ രാഷ്ട്രീയാടിത്തറ കൂടുതല്‍ ശക്തവും വ്യാപ്തവുമാക്കിത്തീര്‍ക്കുകയാണ്. ആശാവഹവും ആവേശകരവുമായ ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്ന രണ്ടു സംഭവ വികാസങ്ങള്‍ കഴിഞ്ഞുപോയ വാരത്തിന്റെ അന്ത്യനാളുകളിലുണ്ടായിരിക്കുകയാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ചു കേരളത്തിലെ ക്രിസ്തുമത പുരോഹിതന്മാരും ജമാഅത്ത്-എ- ഇസ്ലാമിയും കൈക്കൊണ്ട തീരുമാനങ്ങളാണിവിടെ വിവക്ഷ.

കഴിഞ്ഞ ഫെബ്രുവരി മധ്യത്തില്‍ ഒന്‍പതു ദിവസം നീണ്ടു നിന്ന കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കൈക്കൊണ്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുപയോഗിക്കണമെന്ന് കേരളത്തിലെ ബിഷപ്പുമാരും ഇപ്പോള്‍ തങ്ങളുടെ മതവിശ്വാസികളോടഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സിബിസിഐ തീരുമാനം പുറത്തു വന്നപ്പോള്‍ തന്നെ ‘ക്രിസ്തുവിന്റെ ശബ്ദം’ എന്നതിനെ വിശേഷിപ്പിച്ചുകൊണ്ട് ഈ പംക്തികളില്‍ സ്വാഗതം ചെയ്തിരുന്നു. ‘ജനങ്ങളില്‍ ഒരു വിഭാഗത്തെ ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുന്നതും അനീതിയുടെ ഉറവിടവുമായ സാമ്പത്തിക ഉദാരവല്‍ക്കരണത്തെ തടയാന്‍ സമാന മനസ്‌ക്കരായ എല്ലാവരുമായി സഹകരിക്കാന്‍’ സിബിസിഐ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഈ സാമ്പത്തികനയം ഏഷ്യയെ സാമ്പത്തിക താല്‍പര്യത്തിലൂന്നിയ പുത്തന്‍ സാമ്രാജ്യത്വത്തിലേയ്ക്കും കൊളോണിയലിസത്തിലേയ്ക്കും നയിക്കുകയാണെന്നും ആ രേഖ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ടുകാലമായി നടന്നുവരുന്ന വികസനത്തിന്റെ ഫലമെന്തെന്ന് കൂടി സിബിസിഐ ശരിയാംവിധം തുറന്നു കാട്ടുകയുണ്ടായി അതിങ്ങനെ പോകുന്നു ‘ അരനൂറ്റാണ്ടുകാലമായി നടത്തിപ്പോരുന്ന വികസന പരിശ്രമങ്ങളെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിച്ചിട്ടേ ഉള്ളു. ഇവിടെ നടമാടുന്ന സാമൂഹികവും വംശീയവും മതപരവുമായ സംഘട്ടനങ്ങളും ഭീകര- വിഘടന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വല്‍ക്കരണവും ഒക്കെ ധനത്തിന്റെയും അധികാരത്തിന്റെയും അനീതിയുടെയും ചൂഷണത്തിന്റെയും രംഗത്തുള്ള അസന്തുലിതാവസ്ഥയുടെ അടയാളങ്ങളാണ്’.

അധ്വാനിക്കുന്നവരുടെയും പട്ടിണിക്കാരുടേയും ഹൃദയവ്യഥയില്‍ മനംനൊന്തുകൊണ്ട് സിബിസിഐ ഇങ്ങനെ പറയുന്നു. ‘നാലിലൊരുഭാഗം സമ്പന്നരും മൂന്നുഭാഗം ദരിദ്രരുമായി നമ്മുടെ ലോകത്തിന് നിലനില്‍ക്കാനാവില്ല. പകുതി ഭാഗം ജനാധിപത്യപരമായും പകുതി ഏകാധിപത്യപരമായും നമ്മുടെ ലോകത്തിന് നിലനില്‍ക്കാനാവില്ല. മാനുഷിക പാപ്പരീകരണത്തിന്റെ മണലാരിണ്യത്താല്‍ വലയം ചെയ്യപ്പെട്ട മാനുഷിക വിഭവ വികസനത്തിന്റെ കൊച്ചു ശാദ്വലഭൂമിയുമായും നമ്മുടെ ലോകത്തിന് നിലനില്‍ക്കാനാവില്ല’.

കഴിഞ്ഞ രണ്ടുവര്‍ഷമായി ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിനെതിരായി വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ച സിബിസിഐ ഹൃദയസ്പര്‍ശിയായി ഇങ്ങനെ അഭ്യര്‍ത്ഥിച്ചു. ‘മനുഷ്യാവകാശങ്ങളും സനാതന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരും ഏറ്റവുമേറെ അര്‍പ്പണബോധമുള്ളവരുമായ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്തു വിജയിപ്പിക്കുക’ സിബിസിഐയുടെ ഈ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞ വാരം കേരളത്തിലെ വൈദികന്മാരും അവരുടെ മതവിശ്വാസികളോടഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ക്രിസ്തീയ പുരോഹിതന്മാരുടെ ഈ അഭ്യര്‍ത്ഥന വന്നതിന്റെ തൊട്ടുപുറകെയാണ് ജമാഅത്ത്-എ ഇസ്ലാമിയുടെ കേരള ഘടകത്തിന്റെ തീരുമാനവും പുറത്തു വന്നത്. വരുന്ന ലോകസഭാ -നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനാണവര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ഒരേ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാണവരീ തിരുമാനം കൈക്കൊണ്ടത്. തീരുമാനത്തിനടിസ്ഥാനമായ അവരുടെ നിഗമനമിങ്ങനെയാണ്. ‘ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയും ഭരണകക്ഷിയുമായ കോണ്‍ഗ്രസ് ഫാസിസത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷത്തെ ആ പാര്‍ട്ടി വഞ്ചിച്ചു. ‘ടാഡ’ പോലുള്ള കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചു അഴിമതി ദേശീയ സംസ്‌കാരമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായിട്ടും തെറ്റുതിരുത്താനോ മേലില്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്നുറപ്പു നല്‍കാനോ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ലോകത്തെവിടെയുണ്ടാകുന്ന സംഭവങ്ങളായാലും സ്വന്തം ഇസ്ലാമിക വീക്ഷണത്തിലൂടെ മതത്തിലൂന്നി നിന്നു മാത്രം വീക്ഷിക്കുകയും നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘടനകളിലൊന്നാണ് ജമാഅത്ത്-എ-ഇസ്ലാമി. സിബിസിഐ യുടേതുപോലെ അത്രയേറെ ആഴത്തിലും പരപ്പിലും സംഭവങ്ങള്‍ വിശകലനം ചെയ്തുകൊണ്ടല്ലെങ്കിലും ജമാഅത്തും ചെന്നെത്തിനില്‍ക്കുന്നത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്്ട്രീയത്തില്‍ തന്നെയാണ്. ക്രിസ്തീയ നെറ്റിപ്പട്ടം കെട്ടി നടക്കുന്ന കോട്ടയത്തെ റബ്ബര്‍ പത്രം സ്വന്തം നിക്ഷിപ്ത വര്‍ഗ താല്‍പര്യത്തിന്റെ പേരില്‍ നരസിംഹറാവുവിന്റെ ആഗോളവല്‍ക്കരണ നയത്തേയും മറ്റു നടപടികളേയും അത്യാവേശപൂര്‍വ്വം പരിരംഭണം ചെയ്തു നിന്നാലും ചൂഷണത്തിനും സാമ്പത്തിക കൊള്ളയ്ക്കും അനീതിക്കുമെതിരായി ഉയര്‍ന്നു നില്‍ക്കാന്‍ കൊതിക്കുന്ന യഥാര്‍ത്ഥ വിശ്വാസികളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ പോന്നതാണ് പുരോഹിതന്മാരുടെ തികച്ചും കാലികമായ ഈ തീരുമാനം. ഭരണാധികാരത്തിന്റെ മാധുര്യം നൊട്ടിനുണഞ്ഞുകൊണ്ട് സ്വന്തം ബഹുജന താല്‍പര്യം മറന്നുകൊണ്ട് ഫാസിസ്റ്റ് – മാര്‍ക്സിസ്റ്റ് ശക്തികള്‍ക്കെതിരെ മുസ്ലീം ലീഗും അവരുടെ കയ്യാളായ പിഡിപിയും നടത്തിവരുന്ന പ്രചാരണങ്ങളുടെ കുന്തമുന ഒടിച്ചുകളയുന്നതായി ജമാഅത്തിന്റെ തീരുമാനം. ന്യൂനപക്ഷങ്ങള്‍ സംഘടിച്ചു വേറിട്ടു നിന്നതുകൊണ്ട് സ്വന്തം താല്‍പര്യം സംരക്ഷിക്കാനാവില്ലെന്നും രാജ്യത്തെ ഇടതുപക്ഷ- മതനിരപേക്ഷ- ജനാധിപത്യശക്തികള്‍ക്കൊപ്പം അണിനിരന്നുകൊണ്ടേ സ്വന്തം ഉത്തമ താല്‍പര്യങ്ങളും അടിസ്ഥാനപരമായ ലക്ഷ്യങ്ങളും സംരക്ഷിക്കാനൊക്കുകയുളളുവെന്നും ശരിയാം വിധം മനസ്സിലാക്കിക്കൊണ്ടുള്ളതു തന്നെയായി ആ തീരുമാനം മേല്‍ വിവരിച്ച രണ്ടു തീരുമാനങ്ങള്‍ രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യശക്തികളുടെ രാഷ്ട്രീയടിത്തറ തീര്‍ച്ചയായും കൂടുതല്‍ ശക്തവും വ്യാപ്തവുമാക്കിത്തീര്‍ക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]