Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

പ്രൊഫ. കല്പറ്റ ബാലകൃഷ്ണൻ അന്തരിച്ചു

December 14, 2020

തൃശ്ശൂർ കേരളവർമ്മ കോളേജ് മലയാളം വിഭാഗം മേധാവിയായിരുന്ന കല്പറ്റ ബാലകൃഷ്ണൻ (75) ഡിസംബർ 14 തിങ്കളാഴ്ച ഉച്ചക്ക് തൃശൂരിൽ അന്തരിച്ചു.

കേരളവർമ്മ കോളേജിന്റെ പ്രിൻസിപ്പാൾ, കലാമണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സരസ്വതി ടീച്ചറും കേരളവർമ്മയിൽ പ്രിൻസിപ്പാൾ ആയിരുന്നു.

നിരവധി നോവലുകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും സാഹിത്യത്തിലെ ആധുനിക പ്രവണതകളെ എഴുപതുകളിൽ യുവാക്കളിലേക്ക് സന്നിവേശിപ്പിക്കാൻ തന്റെ യൗവ്വനം ഈട് നൽകിയ മനീഷി എന്ന നിലയിലാകും അദ്ദേഹത്തെ കാലം വിലയിരുത്തുക.

ബാലകൃഷ്ണൻ സാർ ഒരനുസ്മരണം: പ്രൊഫ. വി ജി തമ്പി (തൃശ്ശർ)

കുറച്ചു ദിവസങ്ങളായി മരിച്ചവർക്കുള്ള അശ്രുപൂജയാണ് എനിക്ക് ജീവിതം. ഇന്ന് ഞാനേറ്റവും സ്നേഹിച്ച എന്നെ ഏറ്റവും സ്നേഹിച്ച കേരളവർമ്മ കോളേജിലെ പ്രിയ അദ്ധ്യാപകൻ കൽപ്പറ്റ മാഷ് വിട പറഞ്ഞു. ‘ഒരു ഗുരുനാഥനപ്പുറം എനിക്ക് പലതുമായിരുന്നു. മാഷോടൊപ്പമുള്ള കാലങ്ങൾ എനിക്ക് പുതിയ ജീവിതം തന്നു. പുതിയ ആശയങ്ങൾ തന്നു. ഭാഷയുടെ ഏറ്റവും മേന്മയുള്ള സൗന്ദര്യം തന്നു. കേരളവർമ്മയിൽ ആധുനിക ഭാവുകത്വത്തിൻ്റെ ഏറ്റവും ഉയരമുള്ള അദ്ധ്യാപകനായിരുന്നു. അദ്ദേഹം പകർന്ന സൗന്ദര്യ ശിക്ഷണം അതീത യാഥാർത്ഥ്യങ്ങളുമായി സല്ലപിക്കുവാനും ഏറ്റുമുട്ടുവാനുമുള്ള കരുത്തായിരുന്നു.

മേതിൽ രാധാകൃഷ്ണനുമായി ചേർന്ന് പാഥേയം എന്ന പരീക്ഷണ മാസികയുണ്ടാക്കി. സൂര്യ മുദ്ര എന്ന അതിശഭംഗിയുള്ള മറ്റൊരു മാസികയും. അദ്ദേഹം പത്രാധിപരായിരുന്ന കർപ്പൂരം എന്ന മാസികയിലാണ് എൻ്റെ ആദ്യ രചന വരുന്നതു്. അതെൻ്റെ സ്കൂൾ കാലമാണ്.

കോളേജിലേക്ക് അദ്ദേഹം സൈക്കിൾ ചവിട്ടി വന്നിരുന്ന കാലമുണ്ട്. സൈക്കിളിൻ്റെ കാരിയറിലിരുത്തി വീട്ടിലേക്ക് കൊണ്ടു പോകും. രുചികരമായ ഭക്ഷണവും കഥകളും സ്ഥിരമായി ഞാനാസ്വദിച്ചു. അന്തമറ്റ കുസൃതികളും തമാശകളും നിറഞ്ഞ ലോകത്തിലിരുന്ന് ഗഹന ഭാവനകളുടെ ചുരുൾ നിവർത്തി. ആൽഫ്രഡ് ക്യൂബിൻ്റെ മാന്ത്രിക നോവൽ അപ്പുറം എന്ന പേരിൽ വിവർത്തനം ചെയ്ത കാലമായിരുന്നു. എനിക്കത് എല്ലാ അർത്ഥത്തിലും അത്ഭുത കാലം.

കൽപ്പറ്റ മാഷ് ഒരു സ്വയം നിർമ്മിത മനഷ്യനായിരുന്നു. വയനാട്ടിലെ കുട്ടിക്കാലവും കൗമാരവും അതിൻ്റെ നിഗൂഢതകളിൽ അമ്പരപ്പിച്ചു. അനാഥത്വമാണ് അദ്ദേഹത്തെ ഇത്രമേൽ ആത്മാഭിമാനിയാക്കിയത്. അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു, ഒരു ആത്മകഥ എഴുതുമെങ്കിൽ അതിൻ്റെ ശീർഷകം ‘അവിശ്വസനീയം’ എന്നായിരിക്കും. നിരപ്പായ വഴികളല്ല എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്ന ഒരു മിന്നൽവേഗമായിരുന്നു.

കെട്ടുനിറച്ച് ഒരിക്കൽ ഞങ്ങൾ രണ്ടു പേരും ശബരിമല കയറി. കന്നി അയ്യപ്പനായ ഞാൻ അദ്ദേഹത്തിൻ്റെ വിസ്മയ കഥകളടെ കെട്ടുകളാണ് അഴിച്ചത്. മാഷിൻ്റെ ആദ്യ പുസ്തകം അപ്പോളയുടെ വീണ ആണ്. കാൽപ്പനികതയുടെ ഇത്രയും ഗംഭീരമായ എടുപ്പ് മലയാളത്തിൽ അധികമാരും പണിതിട്ടുണ്ടാവില്ല. ദുരൂഹതകളുടെയും സന്ദിഗ്ദ്ധതകളുടെയും കാമുകനായിരുന്നു.

പിന്നീട് പിന്നീട് ഗാന്ധിയിലേക്കും താവോയിലേക്കും അപൂർവ്വ സൗന്ദര്യമുള്ള ആത്മീയ രുചികളിലേക്കും ആഴത്തിൽ പോയി. റിട്ടയർ ചെയ്തിട്ടാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ചതെല്ലാം പുറത്തു വരിക എന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിച്ചു. എന്നാൽ രോഗം ഒന്നിനു പിന്നാലെ ഒന്നായി ആന്തരാവയവങ്ങളെ എല്ലാം ഗുരുതരമായി പരിക്കേല്പിച്ചു. അവസാനം ഹൃദയത്തേയും രോഗം ഛേദിച്ചുകളഞ്ഞു. അസാധാരണമായ അതിജീവന ശക്തി കൊണ്ട് ജീവിച്ച കാലം മുഴുവൻ സർഗാത്മകമാക്കി. ഊർജം നിറച്ചു. സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു.

ഏറ്റവും ബലമുള്ള ഒരു ശിഖരമാണ് ജീവിതത്തിൽ നിന്ന് ഒടിഞ്ഞു പോയത്. സ്നേഹം പ്രാർത്ഥനകൾ…


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top