തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ച എന്ന ലക്ഷ്യം മുൻനിർത്തി ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാപ്പ് വിപുലമായ വളർച്ചാ പദ്ധതികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര സോഫ്റ്റ്വെയർ സേവന രംഗത്ത് രണ്ടു പതിറ്റാണ്ടോളം പരിചയമുള്ള ഇനാപ്പ് ആഗോളതലത്തിലുള്ള വികസനവും വളർച്ചയുമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
വാണിജ്യ സേവന രംഗത്ത് വിജയം കൈവരിക്കാൻ “കസ്റ്റമേഴ്സ് ഫസ്റ്റ് ” എന്ന കാഴ്ചപ്പാടിൽ നിന്നുള്ള പ്രവർത്തനങ്ങളാവും ഇനാപ്പ് സ്വീകരിക്കുക എന്ന് പുതിയതായി നിയമിതനായ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ്സൺ ജോൺസൺ പറഞ്ഞു. ഈ ലക്ഷ്യം മുൻനിർത്തി ബിസിനസ്സിൽ പലതരത്തിലുള്ള പുനർക്രമീകരണങ്ങളും നടത്തേണ്ടതുണ്ട്. പല മേഖലകളിലുള്ള പുതിയ പ്രതിഭകളെ കണ്ടെത്തി നിയമിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ബിസിനസ്സ് – വിപണി വികസനം, “ടേൺ എറൗണ്ട്സ്”, ത്വരിത ഗതിയിലുള്ള വളർച്ച, മാർക്കറ്റിംഗ് തന്ത്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ പ്രവർത്തി പരിചയമുള്ള വ്യക്തിത്വമാണ് ജയ്സൺ ജോൺസൺ. ഇനാപ്പിന്റെ ദീർഘകാല ഉപഭോക്താകളായിരുന്ന എംപൾസ് സോഫ്റ്റ് വെയറിന്റെ സി.ഇ.ഒ ആയിരുന്നു അദ്ദേഹം. ഏഴു വർഷം കൊണ്ട് അഞ്ചിരട്ടി വരുമാന വർദ്ധനവ് എം പൾസിന് കൈവരിക്കാൻ സാധിച്ചതിൽ പ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. അതിനുശേഷം എംപൾസ് സോഫ്റ്റ്വെയറിനെ ജെ ഡി എം ഗ്രൂപ്പ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഏറ്റെടുക്കലിനുശേഷം ഈ അടുത്തകാലം വരെ ജെ ഡി എം ഗ്രൂപ്പിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ജെ ഡി എം ഗ്രൂപ്പിനു കീഴിലുള്ള നാലു മെയിന്റനൻസ് സോഫ്റ്റ്വെയര് കമ്പനികളെ നയിച്ചിരുന്നത് അദ്ദേഹമായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുള്ള എംബി എ ബിരുദധാരിയാണ് ജയ്സൺ.
പ്രതിഭാസമ്പന്നരായ ഒരു സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജയ്സൺ അഭിപ്രായപ്പെട്ടു. “ഒരു കമ്പനി എത്രത്തോളം വിജയകരമാണെന്ന് മനസ്സിലാക്കാൻ അതിന്റെ ഉപയോക്താവ് ആയിരിക്കുന്നതാണ് ഏറ്റവും നല്ലത് . ഒന്നിച്ച് നിന്നപ്പോൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്കായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗം മാറുന്ന വ്യവസായ മേഖലയിൽ മുൻപന്തിയിൽ തുടരാൻ കാഴ്ച്ചപ്പാടിൽ പുനർവിചിന്തനം വേണമെന്നും നിരന്തരമായി പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും വേണമെന്ന് ഇനാപ്പിന്റെ സിഇഒ വിജയകുമാർ അഭിപ്രായപെട്ടു. വളർച്ചക്ക് ആക്കം കൂട്ടും വിധം കാര്യക്ഷമത വർദ്ധിപ്പിക്കാനും ഫലപ്രാപ്തി പരമാവധിയാക്കാനുമുളള അർപ്പണബോധമാണ് പ്രകടിപ്പിക്കേണ്ടത്. മൂന്ന് വർഷത്തിനുള്ളിൽ മൂന്നിരട്ടി വളർച്ച കൈവരിക്കുക എന്ന ലക്ഷ്യം നേടാൻ ജയ്സന്റെ അനുഭവ സമ്പത്തും പ്രവർത്തന പാടവവും സഹായിക്കും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply