പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിക്ക് ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ ലഭിച്ചു. 2015ൽ 3 സീറ്റുകളാണുണ്ടായിരുന്നതെങ്കിൽ ഇത്തവണയത് 7 ആക്കി ഉയർത്താൻ സാധിച്ചതായി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അറിയിച്ചു.
പാലക്കാട് നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ എം.സുലൈമാൻ, ചെർപ്പുളശ്ശേരി നഗരസഭ പതിനഞ്ചാം വാർഡിൽ അബ്ദുൽ ഗഫൂർ.പി, ആലത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ റംല ഉസ്മാൻ എന്നിവർ പാർട്ടി സ്ഥാനാർത്ഥികളായും മുതുതല പഞ്ചായത്ത് പത്താം വാർഡിൽ അമീറ മുസ്തഫ, പുതുക്കോട് പഞ്ചായത്ത് ആറാം വാർഡിൽ സുഹറ ടീച്ചർ, കൊടുവായൂർ പഞ്ചായത്ത് പത്താം വാർഡിൽ സംഗീത ഗിരീഷ് ബാബു,പട്ടാമ്പി നഗരസഭ പന്ത്രണ്ടാം വാർഡിൽ റസ്ന ടീച്ചർ എന്നിവർ പാർട്ടി പിന്തുണച്ച സ്ഥാനാർത്ഥികളായുമാണ് വിജയിച്ചത്.
നിരവധി വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. പാർട്ടി ഒരു പതിറ്റാണ്ടായി ഉയർത്തിപ്പിടിക്കുകയും കഴിഞ്ഞ 5 വർഷം സിറ്റിങ് വാർഡുകളിൽ നടപ്പിലാക്കിയതുമായ ജനപക്ഷ വികസനത്തിൻ്റെ ഫലമായിട്ടാണ് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താൻ സാധിച്ചതെന്ന് ജില്ല പ്രസിഡൻറ് പി.മോഹൻദാസ് പറഞ്ഞു.
പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടന്ന മുപ്പത്തി രണ്ടാം വാർഡ് കഴിഞ്ഞ തവണയാണ് വെൽഫെയർ പാർട്ടി യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തത്.2010 ൽ നേരിയ വ്യത്യാസത്തിൽ തന്നെ പരാജയപ്പെടുത്തിയ മുസ് ലിം ലീഗിൻ്റെ അബ്ദുൽ അസീസിനെയാണ് വെൽഫെയർ പാർട്ടിയുടെ എം.സുലൈമാൻ ഇപ്പോൾ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 5 വർഷം വാർഡിൽ നടത്തിയ ജനപക്ഷ വികസനത്തിൻ്റെ തുടർച്ച നടപ്പിൽ വരുത്തുമെന്നും നഗരസഭയിൽ ജനപക്ഷ വികസനത്തിൻ്റെ ശബ്ദമായും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തിയും നിലകൊള്ളുമെന്നും സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറിയായ എം.സുലൈമാൻ രണ്ട് പതിറ്റാണ്ടിലധികമായി പാലക്കാട്ടെ സാമൂഹിക രാഷ്ട്രീയ സേവന രംഗത്തെ നിറസാന്നിധ്യമാണ്.
ആലത്തൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ നിന്ന് വിജയിച്ച വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി റംല ഉസ്മാൻ തുടർച്ചയായ മൂന്നാം തവണയാണ് വാർഡിൽ നിന്ന് ജയിച്ചു കയറുന്നത്.കഴിഞ്ഞ തവണ ജനറൽ സീറ്റായിരുന്നപ്പോഴും ശ്രദ്ധേയ പോരാട്ടത്തിലൂടെ റംല ഉസ്മാൻ തന്നെ ഇവിടെ വിജയിച്ചിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മുൻനിർത്തി കഴിഞ്ഞ 10 വർഷം വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ഹാട്രിക്ക് വിജയമെന്ന് റംല ഉസ്മാൻ പറഞ്ഞു.
കാലങ്ങളായി എൽ.ഡി.എഫ് ജയിച്ചു വരുന്ന മുതുതല പഞ്ചായത്ത് പത്താം വാർഡിലാണ് ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കൂടിയായ അമീറ മുസ്തഫ ചരിത്ര വിജയം നേടിയത്.
തെരഞ്ഞെടുപ്പിൽ സമ്മതിദാനവകാശം വിനിയോഗിച്ച് ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച ജനങ്ങൾക്ക് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് പി.മോഹൻദാസ് അഭിവാദ്യങ്ങളും നന്ദിയും അറിയിച്ചു.ജനങ്ങൾ പാർട്ടിയിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച് ജനപക്ഷ വികസനത്തിൻ്റെ മാതൃകകൾ സൃഷ്ടിക്കുന്ന വാർഡുകൾ നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply