Flash News

ഫ്‌ളോറന്‍സിന്റെ വസന്തകാലം (യാത്രാവിവരണം)

December 17, 2020 , കാരൂര്‍ സോമന്‍

വെനീസിലെ സാന്റാ ലുസിയ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്‌ളോറന്‍സിലെ സാന്റാ മറിയ നോവെല്ല സ്റ്റേഷനിലേക്കാണ് ഇന്നത്തെ യാത്ര. വെനീസില്‍ നിന്ന് 204 കിലോ മീറ്ററാണ് ദൂരം. എങ്ങും വെയില്‍ നാളങ്ങള്‍ തെളിഞ്ഞുനിന്നു. ട്രെയിനുള്ളിലെ യാത്രക്കാരില്‍ ചിലര്‍ തുറന്ന മിഴികളോടെ പുറത്തുള്ള ആകര്‍ഷകമായ കാഴ്ചകള്‍ കണ്ടിരിക്കുന്നു. ട്രെയിന്‍ പാലങ്ങളും തോടുകളും ചോളപ്പാടങ്ങളും കടന്നുപോകുമ്പോള്‍ മനസ്സിലേക്കു വന്നത് കേരളത്തിന്റെ ഗ്രാമീണ ഭംഗിയാണ്. അടുത്ത സീറ്റിലിരുന്ന് ഒരു പെണ്‍കുട്ടി കുഞ്ഞുകണ്ണാടിയില്‍ നോക്കി കണ്‍മഷി എഴുതുന്നതിനിടെ കയ്യിലിരുന്ന പേന താഴെയ്ക്ക് പോയി. അത് കണ്ടെത്താന്‍ കഠിനമായ ശ്രമം അവള്‍ നടത്തി. യുവതികളുടെ നൈസര്‍ഗ്ഗിക വാസനയായതിനാല്‍ കണ്ണിന് പുരികമെഴുതാന്‍ ബസ്സോ ട്രയിനോ ഒന്നും അവര്‍ക്ക് തടസ്സമല്ല.

കലാ സാഹിത്യ ആത്മീയ നവോത്ഥാനത്തിന് തുടക്കം കുറിച്ച ടസ്‌കനിയുടെ തലസ്ഥാനത്തെത്തി. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. ചുറ്റുപാടും ഞാനൊന്ന് കണ്ണോടിച്ചു. സ്റ്റേഷനു മുന്നില്‍ യാത്രികരെ പ്രതീക്ഷിച്ചു ടാക്സി, ബസ്, ട്രാം എല്ലാം കിടക്കുന്നു. സ്റ്റേഷനുള്ളില്‍ അധികം കടകള്‍ കണ്ടില്ല. പുറത്തു ധാരാളം കടകളുണ്ട്. സൂര്യകിരണങ്ങളെ മഞ്ഞണിഞ്ഞ പുകപടലങ്ങള്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. എന്റെയടുത്തുകൂടി മധുരഭാഷണങ്ങളുമായി മൂന്ന് സുന്ദരികുട്ടികള്‍ നടന്നുപോയി.

ലോകത്തുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചരിത്ര പൗരാണികതയുടെ, ആഡംബര കൊട്ടാരങ്ങളുടെ തേജസ്സുകൊണ്ടു പ്രകാശിച്ചു നില്‍ക്കുന്നു. ഫ്ളോറന്‍സ് ശില്‍പ്പ-ചിത്ര ഗാലറികളുടെ, മ്യൂസിയങ്ങളുടെ, ദേവാലയങ്ങളുടെ പറുദീസയാണ്. 1982 മുതല്‍ ഫ്‌ളോറന്‍സ് യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ ചരിത്ര നഗരമാണ്.

സ്റ്റേഷനു മുന്നിലുള്ള റോഡ് ക്രോസ്സ് ചെയ്ത് താമസിക്കാനുള്ള ഹോട്ടല്‍ മിയ കാറയിലേക്ക് നടന്നു. സുന്ദരങ്ങളായ ഇടുങ്ങിയ റോഡുകള്‍, റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍, റസ്റ്ററന്റുകള്‍, കരകൗശല-തുണിക്കടകള്‍. അടുത്തടുത്ത് നില്‍ക്കുന്ന വീടുകളെല്ലാം പൗരാണികഭാവമുള്ളതാണ്. റോഡില്‍ സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍. ചില കെട്ടിടങ്ങളുടെ മുകളില്‍ ജനാലകള്‍ക്കടുത്തായി നക്ഷത്രത്തിളക്കമുള്ള പൂക്കള്‍ വിവിധ നിറത്തില്‍ വിരിഞ്ഞു നില്‍ക്കുന്നു. ഏഴെട്ടു മിനിറ്റ് നടന്ന് ഹോട്ടലിലെത്തി. ഒരു ചെറുപുഞ്ചിരിയോടെ ഗുഡ്മോണിങ് പറഞ്ഞ് റിസപ്ഷനിലിരുന്ന യുവസുന്ദരി ഞങ്ങളെ സ്വാഗതം ചെയ്തു.  ഞങ്ങള്‍ക്ക് മുറിയുടെ താക്കോല്‍ ലഭിച്ചു. ലിഫ്റ്റില്‍ മൂന്നാം നിലയിലെത്തി. മുറികള്‍ കണ്ടെത്തി തുറന്നു. ടൂറിസ്റ്റുകള്‍ക്കായി പ്രത്യേകം അലങ്കരിച്ചിരിക്കുന്ന മുറികള്‍.

ഫ്ളോറന്‍സ് എന്ന ചരിത്ര പ്രസിദ്ധമായ മനോഹരദേശം സ്ഥിതിചെയ്യുന്നത് നാല്‍പ്പത് കിലോമീറ്റര്‍ ദൂരത്തിലും പത്ത് കിലോമീറ്റര്‍ വീതിയിലുമാണ്. ഇറ്റാലിയന്‍ ഭാഷയില്‍ ഫിറന്‍സ് എന്നാണ് വിളിക്കുക. തോടുകളും തടാകങ്ങളും അധികമില്ല. ആദ്യകാലത്ത് ഇവിടുത്തെ ജനവാസം ആര്‍നോ നദിയുടെ തീരത്തായിരുന്നു. ഫോറന്റ്‌റിയ എന്ന് പേരുകേട്ട ഈ കോളനി വികസിത നഗരമായത് ബി.സി. 59 ലാണ്. ഫ്ളോറ വസന്തകാലത്തെ വിളിച്ചറിയിക്കുന്ന റോമാക്കാരുടെ സ്വര്‍ണ്ണത്തിളക്കമുള്ള ദേവിയാണ്. സുന്ദരിമാരില്‍ സുന്ദരിയായ ഈ ദേവിയെ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസ്സര്‍ വിശേഷിപ്പിച്ചത് ഉദ്യാനത്തിലെ പൂക്കളുടെ രാജ്ഞിയെന്നാണ്. ഇന്നത്തെ ഫ്ളോറന്‍സ് ശില്‍പ്പ-ചരിത്ര കലകളുടെ കലവറയാണ്. റോമന്‍ പടയാളികളുടെ കുളമ്പടിയൊച്ച കേട്ട റോഡുകളില്‍ ഇന്ന് യാത്രികരുടെ തിരക്കാണ്. രാവിലത്തെ കുളിരളം കാറ്റിലൂടെ ഞാനും

നടന്നു. ദല്‍ഹിയില്‍ പാര്‍ത്തിരുന്ന കാലത്ത് ചെങ്കോട്ടയ്ക്കടുത്ത് പഴയ ദല്‍ഹിയും റോഡുകളുമാണ് ഫ്ളോറന്‍സ് കണ്ടപ്പോള്‍ ഓര്‍മ വന്നത്. അവിടെ റോഡില്‍ വാഹനങ്ങളുടെ തിരക്കിനിടയില്‍ കണ്ട സൈക്കിള്‍ റിക്ഷ ഇവിടെയുമുണ്ട്! പുരാതനവും ഇടുങ്ങിയതുമായ റോഡുകള്‍ തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും ധാരാളമാണ്. അവിടുത്തെപ്പോലെ ഇവിടുത്തെ റോഡുകളില്‍ അഴുക്കു പുരണ്ട വസ്തുക്കളൊന്നും കൂടിക്കുഴഞ്ഞു കിടക്കുന്നില്ല.

നടന്നു നടന്ന് പിയാസ സിനോറിയ സ്‌ക്വയറിലെത്തി. യാത്രികരുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണിത്. ഇവിടെയാണ് ഒരു ചെറിയ മള്‍ബറിമരത്തിന് ചുറ്റും തീര്‍ത്തിരിക്കുന്ന പ്രകൃതിയുടെ നിഗൂഢതയെന്നറിയപ്പെടുന്ന ഇരുമ്പില്‍ തീര്‍ത്ത ആറു മീറ്റര്‍ ഉയരവും 12 ഷെയിഡുള്ള മൈക്കലാഞ്ചലോ ഗ്രില്‍ ഉള്ളത്. ഇതിന്റെ സമവാക്യങ്ങള്‍ സയന്‍സ് പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇവിടെ പ്രകടമാകുന്നത് പ്രകൃതിയുടെ പരിശുദ്ധിയാണ്. ഇതുപോലെരു നിഗൂഢ രഹസ്യം മൈക്കിളിന്റെ സിസ്റ്റയിന്‍ ചാപ്പലിലെ ചിത്രങ്ങളിലും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇതിന് ചുറ്റും അള്‍ത്താരപോലെ കെട്ടിയിട്ടുണ്ട്. അതിനടുത്തായി പല മാര്‍ബിള്‍ ശില്‍പ്പങ്ങളും ഫൗണ്ടനുകളുമുണ്ട്. അതില്‍ ആകര്‍ഷകമായി തോന്നിയത് കുതിരപ്പുറത്തിരിക്കുന്ന ഫ്ളോറന്‍സിലെ പ്രമുഖ ഭരണാധികാരിയായിരുന്ന കോസിമോ ഡി മെഡിസിയുടെ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പമാണ്. പ്രശസ്ത ശില്‍പ്പിയായിരുന്ന ജീംബോലോനയാണ് ഇത് തീര്‍ത്തത്. 1587 ല്‍ കോസിമോയുടെ മകന്‍ ഫെര്‍ഡിനാന്‍ഡോ ഒന്ന് ഡി. മെഡിസിയാണ് ഇതിവിടെ സ്ഥാപിച്ചത്. ഈ സുന്ദരമായ കുതിര ശില്‍പ്പം കാണുന്നവര്‍ രാജാക്കന്‍ന്മാരെ പോലെ ഫ്ളോറന്‍സ് ഭരിച്ചിരുന്ന അവിടുത്തെ മെഡിസി കുടുംബത്തെ ഓര്‍ക്കും. ഇവര്‍ ഫ്ളോറന്‍സിന്റെ വടക്കന്‍ ദേശങ്ങളില്‍നിന്ന് ഇവിടേക്ക് കുടിയേറിയവരാണ്.

വെനിസില്‍ കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരമായിരുന്നെങ്കില്‍ ഇവിടെ ആരംഭിച്ചത് ബാങ്കിങ് മേഖലയാണ്. ഈ കുടുംബനായകന്‍ ജീയോവാനി ബി.സി. 1360-1429 കാലയളവില്‍ പണമിടപാടുകള്‍ യുറോപ്പിലെങ്ങും ആരംഭിച്ചു. ബാങ്കിന്റെ ശാഖകള്‍ ജനീവ, റോം, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലുമുയര്‍ന്നു. രാജാക്കന്മാരും പോപ്പുമാരും പല ഘട്ടങ്ങളില്‍ മെഡീസി കുടുംബത്തിന്റെ സമ്പത്തിനായി കാത്തുനിന്നു. പാശ്ചാത്യ ലോകത്തെ സമ്പന്നരായ മെഡീസി കുടുംബത്തെ ഫ്ളോറന്‍സിലെ ജനങ്ങള്‍ ഭരണമേല്‍പ്പിച്ചു. അങ്ങനെ ഡ്യൂക്ക് ഭരണം തുടങ്ങി. നഗരത്തെ സംരക്ഷിക്കാന്‍ സുരക്ഷാ സേനകളെയൊരുക്കി. ഇറ്റലിയിലെ ഈ ഇമ്പീരിയല്‍ സേന വളരെ പ്രശസ്തമാണ്. ജനങ്ങള്‍ക്ക് നന്മകള്‍ വാരിവിതറിയാണ് ഈ കുടുംബം ഫ്ളോറന്‍സിനെ നയിച്ചത്. അതില്‍ പ്രധാനിയാണ് ഈ കുതിരപ്പുറത്തിരിക്കുന്ന ജനങ്ങളുടെ പ്രിയപ്പെട്ട കോസിമോ ഒന്നാമന്‍. അവരുണ്ടാക്കിയെടുത്ത പ്രൗഢിയും പാരമ്പര്യവുമാണ് ഇന്നും ലോകജനതയെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

മെഡീസി ഭരണകാലത്താണ് രാജകൊട്ടാരത്തിലെ ചിത്ര ശില്‍പ്പകലാ വിദഗ്ധര്‍ വര്‍ണ്ണോജ്വലമായ സൃഷ്ടികള്‍ നടത്തിയത്. അതാണ് നീലാകാശത്തിന്റെ ചാരുതയിലും, നിലാവ് പരന്നൊഴുകുന്ന രാവുകളിലും ഫ്ളോറന്‍സ് നഗരത്തില്‍ മിന്നിത്തിളങ്ങുന്നത്. കലാ-സാഹിത്യ രംഗത്തുള്ള വിശ്വവിഖ്യാതരായ ധാരാളം പേര്‍ ജന്മമെടുത്ത മണ്ണാണിത്. അതില്‍ പ്രധാനികളാണ് ഇറ്റാലിയന്‍ ഭാഷയുടെ പിതാവായ ഡാന്റ്‌റെ അലിഗിരി, മൈക്കലാഞ്ചലോ, ദാവിഞ്ചി, ഗലീലിയോ, ലിനാര്‍ ഡോബ്രൂണി, ആതുരസേവനരംഗത്തെ വിളക്കായ ഫ്ളോറന്‍സ് നെറ്റിംഗല്‍ തുടങ്ങിയവര്‍.

കാടിന്റെ കുളിരും കാന്തിയൊന്നുമില്ലെങ്കിലും തിങ്ങി നിറഞ്ഞുനില്‍ക്കുന്ന പുരാതന കെട്ടിടങ്ങള്‍ ഈ നഗരത്തെ പ്രകാശമാനമാക്കുന്നു. എങ്ങും പുഞ്ചിരിപൊഴിച്ചുനില്‍ക്കുന്ന  കലാസൃഷ്ടികള്‍ ഫ്ളോറന്‍സിനെ മാറിമാറി തലോടുകയാണ്. കല്ലുപാകിയ റോഡിലൂടെ നടന്നപ്പോള്‍ മനസ്സിലേക്കു കടന്നുവന്നത് എ.ഡി.യുടെ ആരംഭം മുതലുള്ള നഗരാസൂത്രണമാണ്. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലാദ്യമായി ഇവിടുത്തെ റോഡരികില്‍ മാര്‍ബിളും മൊസൈക്കും കൊണ്ടുള്ള ശുചിമുറികള്‍ വഴിയാത്രക്കാര്‍ക്കായി ഒരുക്കിക്കൊടുത്തു. നടന്നെത്തിയത് സാന്താക്രോസ് ബസലിക്കയുടെ മുന്നിലാണ്. നിയോ ഗോഥിക്ക് മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ദേവാലയത്തിന് മുന്നില്‍ ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നു. ടിക്കറ്റെടുത്ത് ക്യൂവില്‍ നിന്നു. ഒരു ദേവാലയം കാണാന്‍ ടിക്കറ്റെടുക്കുക മലയാളിയായ എനിക്ക് പുതുമതോന്നുമെങ്കിലും പാശ്ചത്യര്‍ക്ക് അതൊരു കച്ചവടമാണ്.

വിടര്‍ന്ന മിഴികളോടെ ദേവാലയത്തെ നോക്കി നിന്നപ്പോള്‍ മനസ്സിലേക്ക് വന്നത് 1217ല്‍ ഈ ദേവാലയത്തില്‍ വന്ന വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയാണ്. അന്നൊക്കെ സൗജന്യമായി ഇതിനുള്ളില്‍ കയറി  പ്രാര്‍ത്ഥിക്കാമായിരുന്നു. ഇന്ന് ആരാധനകള്‍ നടത്തി സമ്പത്തുണ്ടാക്കുന്ന ആത്മാവിന്റെ അദ്ഭുത പ്രതിഭാസമാണ് ലോകമെങ്ങും നടക്കുന്നതെങ്കില്‍ ഇവിടുത്തെ ദേവാലയങ്ങള്‍ കാഴ്ചബംഗ്ലാവുകളാണ്.  ഫോട്ടോഗ്രാഫി അനുവദിക്കില്ല. ദേവാലയകാഴ്ചകള്‍ കണ്ട് നടന്നു. എന്നെപ്പോലെ പലരും വരുന്നത് വിശ്വ പ്രസിദ്ധരായ മഹാപ്രതിഭകളെ അടക്കം ചെയ്ത ദേവാലയം കാണാനാണ്.

സര്‍വ്വകലകളുടെയും യജമാനനായ മൈക്കലാഞ്ചലോയെ അടക്കം ചെയ്തിരിക്കുന്ന ഭിത്തിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ആ പാദങ്ങളില്‍ പ്രണമിക്കുന്നതായി തോന്നി. ചിത്രകാരന്‍, ശില്‍പ്പി ആര്‍ക്കിടെക്ട്, കവി, ശാസ്ത്രജ്ഞന്‍ ഇങ്ങനെ എല്ലാ രംഗങ്ങളിലും പ്രമുഖനായിരുന്നു. ഫ്ളോറന്‍സിലെ കപ്രീസ് ഗ്രാമത്തില്‍ ലുടോവിക്കോ ഡിയുടെയും ഫ്രാന്‍സിക്കായുടെയും മകനായി 1475 മാര്‍ച്ച് 6 നാണ് മൈക്കിളിന്റെ ജനനം. പാശ്ചത്യലോകത്തെങ്ങും ഈ മഹാപ്രതിഭയുടെ കൈയൊപ്പ് ചാര്‍ത്തിയ സൃഷ്ടികള്‍ കാണാം. ആ സൃഷ്ടികളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ഉദാത്തമായ മാനവികത, സ്നേഹം, കാരുണ്യം, ആത്മീയ ദര്‍ശനങ്ങള്‍ തുടങ്ങിയവയാണ്. 1508-1512 ലാണ് റോമിലെ സിസ്റ്റയിന്‍ ചാപ്പലിലെ ലോകശ്രദ്ധയാകര്‍ഷിച്ച യേശുവിന്റെ അന്ത്യവിധിയടക്കമുള്ള ധാരാളം ചിത്രങ്ങള്‍ വരച്ചത്.

മൈക്കിളിന്റെ ദിവ്യ ശോഭയുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ പോപ്പ് ജുലിയസ് രണ്ടാമന്റെ നഗ്‌നചിത്രവും, ബൈഗോമിനോ കര്‍ദ്ദിനാളിന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിവരിഞ്ഞു കടിക്കുന്ന ചിത്രമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ആ ചിത്രം അമ്പരപ്പോടെയാണ് കണ്ടത്. കലാ-സാഹിത്യം ഒരു പ്രപഞ്ച ശക്തിയെന്ന് തെളിയിക്കുന്ന ചിത്രമാണത്. ഒരു മത പുരോഹിതനെ നരകത്തിലേക്ക് തള്ളിയിടുന്ന ആ ചിത്രങ്ങള്‍ അവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും ആ നിലപാടിനെ ജനങ്ങള്‍ എതിര്‍ത്തു. കാരണം പുരോഹിതനായാലും അവരുടെ മാലിന്യങ്ങള്‍ കഴുകികളയണം.

1564 ഫെബ്രുവരിയില്‍ എണ്‍പത്തിയെട്ടാമത്തെ വയസ്സില്‍ ഒരു റോഡില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു. ആ ശവശരീരം അവിടെയടക്കാന്‍ പോപ്പ് അനുവദിച്ചില്ല. അതിനാലാണ് ജന്മസ്ഥലമായ ഫ്ളോറന്‍സിലെ സാന്താക്രോസ്സ് ദേവാലയത്തില്‍ അടക്കം ചെയ്തത്. ഈ ഭിത്തിയില്‍ എഴുതിയത് ”സര്‍വ്വ കലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു”എന്നാണ്. വില്യം ഷെക്‌സ്പിയറിനെ ദേവാലയത്തിനുള്ളില്‍ അടക്കം ചെയ്തത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഭിത്തികള്‍ക്കുള്ളിലാണ് ശവകുടീരങ്ങള്‍. ഈ ദേവാലയത്തില്‍ അടക്കം ചെയ്തിരിക്കുന്നത് മൈക്കലാഞ്ചലോയെ മാത്രമല്ല. ഗലീലിയോ, നാടകകൃത്തായിരുന്ന ജീയോനിക്കോളിനി, ചരിത്രകാരനും എഴുത്തുകാരനുമായ നിക്കോളോ മാച്ചിയവേലി തുടങ്ങി ധാരാളം പ്രമുഖരുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top