ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തിരണ്ടാമത് സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബര് 19 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം കുറിക്കും. സീറോ മലബാർ കാത്തോലിക്ക സഭയുടെ ചിക്കാഗോ രൂപതാധ്യക്ഷൻ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കോപ്പലിൽ ഉള്ള സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 41 വർഷമായി നടത്തിവരുന്ന ക്രിസ്തുമസ് – ന്യു ഇയർ ആഘോഷം.
കോവിഡ് പ്രതിസന്ധിമൂലം ഈ വർഷത്തെ ആഘോഷങ്ങളിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ യൂട്യൂബ്, ഫെയ്സ്ബുക്ക്, www.keral.tv, www.kecfdallas.org തുടങ്ങിയ വെബ് സൈറ്റിലൂടെ തത്സമയം ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വൈദീകർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എല്ലാ വിശ്വാസ സമൂഹത്തെയും നാളെ നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി ഫാ.ജേക്കബ് ക്രിസ്റ്റി (പ്രസിഡന്റ്), റവ.മാത്യു മാത്യൂസ് (വൈസ്.പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), സി.വി ജോർജ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), റവ.ഫാ.ബിനു തോമസ് (ക്ലർജി സെക്രട്ടറി), ബോബി ജോർജ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply