Flash News

ഹാത്രാസിലെ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന് സിബിഐ

December 18, 2020

ഹാത്രാസ്:  ഉത്തർപ്രദേശിലെ ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചു. പെണ്‍‌കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന സിബിഐയുടെ കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതികൾക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സന്ദീപ് (20), അമ്മാവൻ രവി (35), സുഹൃത്തുക്കളായ ലോവ്കുഷ് (23), രാമു (26) എന്നിവരാണ് കുറ്റകൃത്യം ചെയ്തതെന്ന് സിബിഐ സ്ഥിരീകരിച്ചു.

സന്ദീപ്, ലവ്കുഷ്, രവി, രാമു എന്നിവർക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നതെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പ്രതികൾക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.

അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജനുവരി 27 ലേക്ക് മാറ്റി.

ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25-ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 14-നാണ് ഉത്തര്‍പ്രദേശ് ഹത്രാസിലെ ഇരുപതുകാരിയായ ദളിത് പെണ്‍കുട്ടിയെ നാലുപേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

സെപ്റ്റംബര്‍ 30-ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം അര്‍ദ്ധരാത്രി സംസ്‌കരിച്ചത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്താൻ ലോക്കൽ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ശവസംസ്കാരം നടത്തിയതെന്ന് പ്രാദേശിക പോലീസ് അധികൃതർ പറഞ്ഞു.

ഗുജറാത്ത് ഗാന്ധിനഗറിലെ ലബോറട്ടറിയിലും പ്രതികളുടെ വിവിധ ഫോറൻസിക് അന്വേഷണവും നടന്നിട്ടുണ്ടെന്ന് സിബിഐ പറഞ്ഞു. അലിഗഢിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തു.

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാര്‍ വ്യാപകമായ വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. പിന്നീട് കേസ് സിബിഐക്ക് കൈമാറി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ ഒരു സംഘത്തെ നിയോഗിക്കുകയും അന്വേഷണ പ്രവർത്തനങ്ങൾ ഗാസിയാബാദ് (ഉത്തർപ്രദേശ്) യൂണിറ്റിന് ഏൽപ്പിക്കുകയും ചെയ്തു. ഇരയുടെ കുടുംബാംഗങ്ങളുടെ മൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കേസ് ഉപയോഗിക്കുന്നതെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും യുപി സർക്കാർ അവകാശപ്പെട്ടു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top