Flash News

കെ-ഫോണ്‍ കൺസൾട്ടൻസിയെ ഒഴിവാക്കിയപ്പോള്‍ സര്‍ക്കാരിന് കോടികളുടെ ലാഭം

December 18, 2020

തിരുവനന്തപുരം: കെ-ഫോണിന്റെ കൺസൾട്ടൻസി കരാറിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) ഒഴിവാക്കി സർക്കാർ പ്രതിവർഷം രണ്ട് കോടി രൂപ ലാഭം നേടി. പിഡബ്ല്യുസിയ്ക്ക് പകരം വന്ന ടീമിന് വെറും 22 ലക്ഷം രൂപ.

കൺസൾട്ടൻസിയോടുള്ള ‘ഇഷ്ടം’ ഉപേക്ഷിച്ച് സ്വന്തമായി ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനത്തോടെ സർക്കാർ പ്രതിവർഷം 1.87 കോടി രൂപയുടെ ലാഭമാണ് നേടിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) ഐടി വകുപ്പിൽ നിന്ന് പുറത്താക്കി. പിഡബ്ല്യുസിയുടെ 6 കൺസൾട്ടൻറുകൾക്ക് പകരം 3 പേർ ഉൾപ്പെടുന്ന പ്രോജക്ട് മാനേജർ യൂണിറ്റ് തസ്തികയിലേക്ക് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. അത്തരം പ്രോജക്ടുകൾ കൺസൾട്ടൻസിയിലൂടെ ചെയ്യണമെന്ന വാദവും നിരാകരിച്ചു. 3 കരാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചാലും പ്രതിമാസ ചെലവ് 1.83 ലക്ഷം രൂപ മാത്രമാണ്. സ്‌പേസ് പാര്‍ക്കില്‍ പിഡബ്ല്യുസിയുടെ കണ്‍സള്‍റ്റന്റായി എത്തിയ സ്വപ്നയ്ക്കു മാത്രം ഓരോ മാസവും സര്‍ക്കാര്‍ ചെലവഴിച്ചത് 3.18 ലക്ഷം രൂപയാണ്.

ഒപ്റ്റിക്കല്‍ ഫൈബര്‍ എക്‌സ്‌പെര്‍ട്ട് തസ്തികയിലുണ്ടായിരുന്ന കണ്‍സല്‍റ്റന്റിനായി പ്രതിമാസം സര്‍ക്കാര്‍ മുടക്കിയിരുന്നതു ജിഎസ്ടി കൂടാതെ 3.02 ലക്ഷം രൂപയാണ്. ഇപ്പോള്‍ കരാറില്‍ നിയമിക്കുമ്പോള്‍ കൊടുക്കേണ്ടത് 68,700 രൂപ മാത്രം. കണ്‍സല്‍റ്റന്‍സി കമ്മിഷനും ഒഴിവാകും. ഒരു തസ്തികയില്‍ മാത്രം അങ്ങനെ പ്രതിവര്‍ഷ ലാഭം 28 ലക്ഷം. പിഡബ്ല്യുസി ആയിരുന്നെങ്കില്‍ 2.09 കോടി രൂപ പ്രതിവര്‍ഷം ചെലവാക്കേണ്ടിയിരുന്നിടത്ത് ഇനി 21.98 ലക്ഷമായി ചുരുങ്ങും.

സെപ്റ്റംബറിലെ കണക്കനുസരിച്ച് കെഫോണ്‍ പദ്ധതിയില്‍ 6 കണ്‍സല്‍റ്റന്റുമാര്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 3.32 കോടി രൂപയാണ്. പ്രോജക്ട് മാനേജര്‍ക്കു മാത്രം മാസം 3.34 ലക്ഷം. 2 പേര്‍ക്ക് 3.02 ലക്ഷവും 3 പേര്‍ക്ക് 2.7 ലക്ഷവും. ഇവര്‍ക്കു പകരം പ്രതിമാസം 68,700 രൂപയ്ക്കു 2 പേരെയും 45,800 രൂപയ്ക്ക് ഒരാളെയുമാണു നിയമിക്കുന്നത്.

സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിക്കാനുള്ള ശുപാര്‍ശയെത്തിയത് സര്‍ക്കാരില്‍ നിന്നാണെന്ന് പിഡബ്ല്യൂസി പരസ്യമായി വ്യക്തമാക്കി. സ്വപ്നയെ നിയമിച്ചതിന്റെ ഉത്തരവാദിത്വം പിഡബ്ല്യൂസിയുടെ തലയില്‍ കെട്ടിവെച്ച് ഒഴിയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഐടി വകുപ്പില്‍ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കിയതോടെയാണ് രഹസ്യങ്ങള്‍ പുറത്തായത്. കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതോടെയാണ് പിഡബ്ല്യൂസി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കായി പ്രതിവര്‍ഷം 128 കോടി രൂപയാണ് നല്‍കിയിരുന്നത്. എന്തിനും ഏതിനും കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്ന ഏര്‍പ്പാടാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്.

കെ-ഫോണ്‍ പദ്ധതിയില്‍ 3.3 കോടി രൂപയും സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ നിന്നും 26.29 ലക്ഷം രൂപയുമാണ് ഇതുവരെ സര്‍ക്കാര്‍ പിഡബ്ല്യൂസിക്ക് നല്‍കിയത്. പിഡബ്ല്യൂസിയെ കെ-ഫോണ്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് കൗളും ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും ഫയലിലെഴുതിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകുകയായിരുന്നു.

സർക്കാർ നടപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് പിന്നിലും കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ക്കു പിന്നിലും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയ നേതാക്കളുമാണെന്ന് സ്വപ്‌നയുടെ നിയമനം വെളിപ്പെടുത്തി. ശിവശങ്കറിന്റെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് സ്വപ്‌നയെ നിയമിച്ചതെന്ന് പിഡബ്ല്യുസി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top