Flash News

ചൊക്ലി (നോവല്‍ 31 & 32)

January 31, 2021 , എച്മുക്കുട്ടി

പപ്പിനീരെ ലോഗവസാനിച്ചില്യാന്ന് ആ തളള ചത്ത് ഒര് മാസത്തിന് മുപ്പാട് ചൊക്ളിക്ക് മൻസ്സിലായി. അവള് ഒരീസം മണല് വഞ്ചിക്കാരടെ ഒപ്പം കടവില് വന്നു. ചോറും പൊതീം കൊണ്ടന്നു. കൊറേ ചോറും അയലക്കറീം പോത്തെറച്ചീം വെള്ത്തുള്ളീരേ അച്ചാറും..

ഒരു കറ്ത്ത ചരടില് കെട്ട്യ ഒറ്റത്താക്കോല് നീട്ടീട്ട് പറേണ് പെണ്ണ്.. ഇത് നീയാ വെച്ചോ.. ഞാൻ എരിഞ്ഞിലാക്കൊടാന്ന് ഒര് നാട്ട് ല് പണീട്ക്കാൻ പോണ്. കുടുമ്മത്തെ പണിയാ.. ജോനോമ്മാരാ.. അതോണ്ട് കൊശത്തി കൊഴപ്പല്യാ..അട്ക്കളേല് പണീണം. മ്മ്ടെ മൊയ്തീൻേക്കരെ സൊന്തക്കാര് താൻ. ഇങ്കെ പട്ത്ത് ഉറങ്ക പറ്റില്ല.. തൊന്തരവ് പണ്ണറാ..

പപ്പിനി വഞ്ചീല് പോയി.

ചൊക്ളിക്ക് വല്ലാണ്ട് വന്നു.. അവളരെ വീട് ൻറെ താക്കോല് അവൻറെ കൈയിമ്മേ ഇര്ന്ന് വെറച്ച് ..

അവന് ഒറക്കൊറക്കെ നെലോളിക്കാൻ തോന്നി. അവളും പോയ്യാപ്പിന്നെ ഇന്നാട്ടില് എന്തിറ്റാ ബാക്കീള്ളത്..

കടവിൻറെ പിന്നില് വെല്യോരു മുള്ളൻ കൈനീണ്ട് .. അവടെ പത്ങ്ങീറ്റ് ആ ചോറ് മുഴോൻ ത് ന്നു. ഇഞ്ഞി പപ്പിനീനെ കാണ്ണാമ്പറ്റ്ല്ലാന്നാ ചൊക്ളിക്ക് തോന്ന്യേ.. എന്നാലും ആ ഒറ്റത്താക്കോല് അവള് തന്നതെന്ത് നാവും…അവളടെ വീടല്ലേ..താക്കോല് കൈയ്യീപ്പിടിച്ച് …ഇര്ന്ന് ചൊക്ളി മത്യാവോളം നൊലോളിച്ചു..

അദികം നേരൊന്നും അങ്ങനെ പറ്റ്ല്യാ..ഏങ്ങപ്പിശാശ് ലള്തമ്മ്യാര് വട്ടക്കണ്ണാടേം വെച്ച് വന്നോക്കും.

ചൊക്ളി ഏണ്ച്ച് പണി തൊടങ്ങി. ചോറും സ്രോന്ന്ള്ള സാമ്പാറും വേടിക്കാൻ പോയില്യ.. ഇഞ്ഞിപ്പൊ എന്ത്നാ അതിന് പോണ്. പപ്പിനീരെ താക്കോലുമ്മേ എണ്ണപെരട്ടി ഒരു വല്ല അടപ്പനിലും എണ്ണ ഒഴിച്ച് അതിലടണം. തുര്മ്പ് ഇടുക്കാണ്ട് വെക്കണം. അവള് വന്നാ കൊട്ക്കണ്ടേ…പൂട്ടൊറന്ന് കേറണ്ടേ.. ?

വിശ്ശൊനാദസ്സാമീരെ മഡത്തില് ചെല സന്യാസോളും സുകുമാഷും ബാലേന്ദരനും ഒക്കെ എടയ്ക്ക് വര്ലണ്ട്. ഇന്തുക്കള് നന്നാവ്ണ്ണ കാര്യേണ് പറേണത് എപ്പളും. തൃശ്ശൂര് നാട്ട്ലപ്പടി ജോനോമ്മാര് കൂടി വര്ണ്ണ്.. ഇന്തുക്കള് കൊറഞ്ഞ് വരണ്ണ്.. മറിയപ്പാറേരെവ്ടെ ഒക്കെ മേത്തമ്മാരായി. വാറോട്ട് മനക്കാര് മൊയ്തീൻ മേത്തന് സ്തലം കൊട്ത്തതാ കൊഴപ്പായീത്. മനയ്കേന്ന് വേറേം മേത്തമ്മാര് സ്തലം വേടിച്ചു..

ചൊക്ളിക്ക് ഈറ വന്നൊടങ്ങും. ഏതേലും പണ്ടാറം എവിട്യേലും സ്തലം വാങ്ങേ കൊട്ക്കേ ചിയ്യട്ടേ.. അയിന് ഇബര്ക്കെന്ത് തേങ്ങ്യാന്ന്..

പറഞ്ഞോണം പറഞ്ഞ നേരത്ത്ല് മറിയപ്പാറ അങ്ങാടീന്ന് ആലൂര് സെൻറര് വരെ ബസ്സോടണ വഴീരേ എതക്കേ അക്കലിഷ മരോം ഊക്കാലീം മരോം വന്നെറഞ്ഞു. എന്ത്റ്റായാലും തണല് വരട്ടെന്നാ വിജാരിച്ച് ചൊക്ളി.. ഉള്ളോട്ടെ നാട്ടെടവഴിയോളീല് പറ്റീതൊക്കെ നട്ടു. മാവ്, പിലാവ്, കൈനി, മൂക്കളപ്പഴച്ചെടി, പേര…അവന് കൈയീ കിട്ടീതൊക്കേ. നാളും പേരും ജാതീം ഒന്നും ചൊക്ളിക്ക് അറീല്യാ. രവ്യേട്ടനും പപ്പിനീമാണ് ചെടിയോളക്കേം. അങ്ങനെ എല്ലാറ്റിനും രവ്യേട്ടാന്നും പപ്പിനീന്നും പേരും വിളിച്ചു..

മ്മ്ടെ നാട്ട്ലെ തലേമ്മേ തല തെറിച്ച പിള്ളേരല്ലേ.. ചണ്ണേരെ പൂന്തോട്ടന്ന് കള്യാക്കലും ചെടി വലിച്ച് കളേലും ചണ്ണേ ചണ്ണേന്ന് വിളിച്ച് പിന്നാലെ ഓടലും ണ്
അവ്റ്റോളരെ പണി.

ചൊക്ളി കാലും വല്ച്ച് ചെല്ല്മ്പളക്കും ആ കുട്ടിപ്പിശാശ്കളാ ഓടും.

സുകുമാഷ് ണ് ഒര് വഴി തെളിച്ചത്. എല്ലാ വീട്ടാരോടും എല്ലാ കുട്ടിപ്പിശാശ്കളോടും ശരിക്കും അങ്ങട്ട് പറഞ്ഞാ കേപ്പിച്ച്.. ‘മരംമുറീ ഉല്സവാണ്. മുറിക്കാൻ മരം വേണെങ്കി ആരേലും ആദിക്ക് അത് വെച്ച് പിടിപ്പിക്കണം. ങാ..

ഇതൊക്കെ മ്മള് ഇന്തുക്കള്ടെ മരങ്ങളാണ്. വേലി കെട്ടി എന്നും നാഴി വെള്ളം കമത്താ. അവറ്റ വെല്തായി വരും.’

ചൊക്ളി കണ്ടു, എല്ലാ വീട്ടാരും കോല് കുത്തി വേലിണ്ടാക്കീ അവരാരെ വീട്ട് പേര് എയ്തി വേച്ചേക്കണത്. നന്നാവട്ടെ എന്ന് വിചാരിച്ചു ചൊക്ളി . പപ്പിനീം രവ്യേട്ടനും എല്ലാരടേം വീട്ടാരായില്ലോ എന്നും സന്തോഷ്ച്ചു.

അന്ന് വൈന്നാരം വിശ്ശൊനാദസ്സാമ്യാ ചൊക്ളിയോട് ചോദിച്ചേ… ലള്തമ്മ്യാരും ഉഷമ്യാരു്‌ ഡോക്കട്ടറും രാമേന്ദരൻ ഡോക്കിട്ടറും ഒക്കെണ്ടാര്ന്നു. പൂമോത്ത്. വലിയ നെലവെളക്ക് അഞ്ചു തിരീറ്റ് കത്തിച്ചണ്ടാര്ന്ന്.

സാമി ചോയിച്ചു.. ‘ചൊക്ള്യേ നിനക്ക് ആ ജാനൂനെ അങ്ങട് കല്ല്യാണം കയിച്ചൂടെടാ?.നീയിങ്ങനെ ഒറ്റാങ്കുറ്ക്കനായിറ്റ് കഴീണെന്തിനാ എൻ്റെ വിജാരം…’

ചൊക്ളി ആകനെ അങ്ങ്ട് കീട്ങിപ്പോയി ..

കൊര്ക് ഒന്ന് നല്ലോണം പോലെ എടറീച്ചാലും ചൊക്ളി പറയന്നെ ചീതു.

‘ജാനൂന് സമ്മദണ്ടാന്നറീല്ല. അനാദൻണ്, ചണ്ണക്കാലൻണ്.. ജാനൂന് വേണ്ടാന്ന്ച്ചാ ആദിക്കന്നെ പറഞ്ഞാ മതീലോ..’

വിശ്ശൊനാദസ്സാമ്യാ ചിറിച്ചു. ചിറിച്ചപ്പോ മുറുക്കാനും തുപ്പലും കൂടി പുറത്തേക്ക് ചീററി വന്നു.

എന്നിട്ട് ഒറ്റ വിളി

ജാനൂ…ജാന്വോ…

ജാനൂം ജാനൂൻറമ്മേം കെതച്ച് പാഞ്ഞ് വന്നു.

സാമീരേ ചോദ്യം എടുമ്പിടീന്നായിരുന്നു.

ജാനു അമ്മേ നോക്കി, ഉഷമ്യാരെ കൊർച്ചേരം നോക്കി പിന്നെ രാമേന്ദരൻ ഡോക്കിട്ടറെ നോക്കി..ഒടുക്കം ചൊക്ളീൻറെ മോത്തേക്ക് ഒന്ന് നോക്കി.

എന്നിട്ട് തലേം താത്തി പറഞ്ഞു. ‘ഇനിക്ക് ചൊക്കേട്ടനെ ഇഷ്ടാണ്. ഞാങ്കൊറവ് ഒന്നും കൺടിട്ട്ല്യാ..’

ചൊക്ളിക്ക് തല വട്ടപ്പാലം ചുറ്റി. ചൊക്കേട്ടൻന്ന്…ആദ്യായിറ്റ് ഒരു പെണ്ണൊര്ത്തി ബന്തണ്ടാക്കി വിളിക്ക്യാണ്. പിന്നവളക്ക് ഇഷ്ടാന്ന്… ആള്ക്കാര് ണ്ടായി അവടെ. അല്ലെങ്കി അപ്പോത്തന്നെ ചൊക്ളി അവളെ കെട്ടിപ്പിടിച്ചു മമം മമം ന്ന് മുത്ത്യേനേ..

വിശ്ശൊനാദസ്സാമി ചൊക്ള്യോട് പറഞ്ഞു ഇത്തിരി ഗൗരവത്തിലന്നെ.. അപ്പൊ ചൊക്ള്യേ പെണ്ണ് സമ്മതന്ന് പറ്ഞ്ഞാ പിന്നെ ആണായിപ്പെറന്നോൻ അവളെ ഏറ്റെട്ത്ത് നന്നായി നോക്കണ്ണന്നാ നമ്മള് ഇന്തുക്കള്ടെ ശാസ്ത്രം.

നീയ്യ് അവളെ കഷ്ടപ്പെട്ത്തര്ത്.

ചൊക്ളി അത്ര ആത് മാർത്തത്തില് ആരോടും അത് വരെ വാക്ക് പറഞ്ഞ്ട്ട്ല്ല.

ഇല്ല്യ.. ജീവൻണ്ടെങ്കീ ജാനൂനെ ഞാൻ പൊന്ന് പോലെ നോക്കും.

അപ്പോ ചൊക്ളീരേ കൊര്ക് നല്ലോണം എട്റി.

അങ്ങ്നെ അതാ തീര്മാനിച്ചു.

അന്ന് രാത്രീലന്നെ ചോറ് വെള്മ്പിയേൻറേം കൂട്ടാൻ വെള്മ്പിയേൻറേം അളവ് കൂട്തലാന്ന് ചൊക്ളിക്ക് തിരിഞ്ഞു. ബാക്കി പണിക്കാരൊക്കെ നല്ല കളീം ചിറീം.

കോളായീലോ ചൊക്കേട്ടാ…സാമീരേന്നെ വിത്താ ജാനൂന്ന് വരെ കേട്ട്ണ്ട് ഞങ്ങള്. നിൻറെ അമ്മായി അമ്മ്യേയ് പണ്ടൊര് ചരക്കാര്ന്ന്. ഇബടത്തെ അമ്മ്യാരാച്ചാ അപ്പളും ഇപ്പളും ഏങ്ങപ്പിശാശന്നെ..

അപ്പോ..

ചൊക്ളി ചോറ് ത് ന്നിട്ട് പോന്നോണം പോന്നു. ജാനൂനെ എല്ലാരും കുത്തിത്തൊളച്ച് നോക്കണതൊക്കെ കണ്ട്ണ്ട്. ഇപ്പൊ എല്ലാര്ക്കും ഒര് സൊയിരക്കേട് പോല്യായി..

രാമേട്ടൻ വയ്യാച്ചാലും പ്രാഞ്ചീസ് ൻറെ ഓട്ടർഷേക്കേറി വന്ന് കാലത്തന്നേ. വന്നോണം വന്നോണം വന്ന് ചൊക്ള്യേ കെട്ട്യാപിട്ച്ചു. കരച്ച്ല് വര്ണ്ട്ന്ന് തോന്നി ആ മോറ് കണ്ടപ്പോ..

നന്നായീരാ മോനേ.. അവള് നല്ലൊരു നായര് പെണ്ണാണ്. ആ തള്ള കഷ്ടപ്പെട്ടാ വളത്തീത്. ഒക്കെ നേര്യാവും…

പ്രാഞ്ചീസ് ഒറ്റച്ചിരി..

‘ങേ, സഗാവ് രാമേട്ടനും യാതീം മതോംക്കേണ്ടാ.. പിന്നെങ്ങ്ന്യാ ഇന്തുക്കള് ഞങ്ങട്യാ ഇന്ത്യാന്ന് പറേമ്പോ എല്ലാരേട്യേം ആണ്ണ്ന്ന് അങ്ങ്ട് ഒറപ്പിച്ച് പറയ്യാ..പറഞില്ലേങ്കി കൊഴ്പ്പാവും സഗാവേ..

രാമേട്ടൻ പ്രാഞ്ചീസിൻറെ ചെവിമ്മെ പിടിച്ചു.

അപ്പളക്കും ജാനുണ്ട്, മൂന്നാളക്കും ചട്ണീം ഇട്ളീം കാപ്പിടെ വെള്ളോം ആയിറ്റ് വരണ്. ചൊക്ളീരെ മൻസ്സാ നെറഞ്ഞ്.. എന്തിര് നല്ല പെണ്ണാ അവള്…

പ്രാഞ്ചീസും ചിറിച്ചു. രാമേട്ടനും ചിറിച്ചു. ഒക്കെ നന്നാവും മോളേന്ന് രാമേട്ടൻ അവളോടും പറഞ്ഞു.. ഇത്തിരി നേരം തലേം കുമ്പിട്ട് നിന്ന്ട്ട് ജാനു പോയി.

ആ വ്യാഴാഴ്‌ചന്നേര്ന്ന് ചൊക്ളീരേം ജാനൂൻറേം കല്യാണം. രാമേട്ടൻ അച്ഛന്റെ സ്താനത്ത് നിന്ന്. ചൊക്ളീരേ മൻസ്സ് മുട്ടി.. ആര്ല്ലാത്ത അവന് ഒര് അച്ചൻ..

ആദ്യായിറ്റാണ്ണ് വെള്ള മുണ്ടും ഷറട്ടും ഇട്ണ്.

ഇന്തു സന്യാസോളും ബാലേന്ദരനും സുകുമാഷും മഡത്തിലെ എല്ലേരും ഇണ്ടാര്ന്ന്. മഡത്തിൻറെ മുമ്പിലന്നേണ് ചെറ്യ പന്തലും ഓമോം താലികെട്ടലും മാല ഇടലും ഒക്കെണ്ടായീത്.

ജാനൂൻറെ അമ്മ കരേണ കണ്ടു.

നല്ല സദ്യണ്ടാരുന്നു. പാല്പായസം ചൊക്ളിക്ക് എത്ര കുടിച്ചിട്ടും അങ്ങട് മതിയായില്ല.

പപ്പിനീനെ കാണാൻ പററീല്ലല്ലോ എന്നൊരു സങ്കടാണ് മനസ്സില് വന്നത്.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top