കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയായ കുതിരാന്‍ അടുത്ത വര്‍ഷം ജനുവരിയില്‍ സഞ്ചാരയോഗ്യമാകും

തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ തുരങ്കമായ കുതിരാൻ തുരങ്കത്തിന്റെ പണി പുരോഗമിക്കുന്നു. ജനുവരിയിൽ തുരങ്കം തുറക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. മണ്ണിടിച്ചിൽ തടയൽ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുന്നു. മണ്ണിടിച്ചില്‍ തടയുന്നതിനായി തുരങ്കത്തിന്റെ കിഴക്ക് ഭാഗം തട്ടുകളായി തിരിക്കുന്ന പ്രവർത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

തുരങ്കത്തിന്റെ കിഴക്ക് ഭാഗത്തുള്ള പാറ പൊട്ടിച്ചു മാറ്റിയാണ് തട്ടുകളായി തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാറായി. ഇതിനൊപ്പം തന്നെ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാറ ഉറപ്പിക്കുന്നതിനായി ഉരുക്ക് വല വിരിക്കുന്ന ജോലികളും നടന്നു വരികയാണ്. ഇതിലൂടെ മലമുകളില്‍ നിന്നുള്ള മഴവെള്ളം നേരിട്ട് താഴേക്ക് പതിക്കാതെ ചാലുകളായി ഒഴുക്കി വിടാന്‍ സാധിക്കും. ഇതിലൂടെ മഴക്കാലത്ത് തുരങ്കത്തിലുണ്ടാകുന്ന മണ്ണിടിച്ചില്‍ തടയാനാകും. കഴിഞ്ഞ 2018 ലെ പ്രളയസമയത്ത് തുരങ്കത്തിന് മുകളില്‍ നിന്നും വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ജോലികള്‍ പുരോഗമിക്കുന്നത്.

ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങൾക്കകം തന്നെ അടയ്ക്കുകയും തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.

ശമ്പള കുടിശ്ശിക ലഭിക്കാത്തതിനാൽ കുറച്ചു കാലത്തേക്ക് നിർമാണം നിർത്തി വെച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പ് പണി പുനരാരംഭിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കുടിശ്ശിക കൊടുത്തുതീര്‍ത്തില്ലെങ്കില്‍ വീണ്ടും ജോലി നിർത്തേണ്ടിവരുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ തടയൽ പ്രവർത്തനങ്ങൾ പൂർത്തിയായാൽ അടുത്ത മാസം തുരങ്കം തുറക്കും.

Print Friendly, PDF & Email

Leave a Comment