Flash News

സിസ്റ്റർ അഭയ കൊലപാതകക്കേസിന്റെ വിധി സിബിഐ പ്രത്യേക കോടതി നാളെ പ്രഖ്യാപിക്കും

December 21, 2020

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലപാതകക്കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധി പറയും. 28 വർഷത്തിനുശേഷമാണ് കേസിലെ അന്തിമവിധി സിബിഐ പ്രത്യേക കോടതി നാളെ പ്രഖ്യാപിക്കുന്നത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍‌ത്പി കോൺവെന്റിലെ കിണറ്റിൽ 19 വയസ്സുള്ള സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തി. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയാണെന്ന് എഴുതിതള്ളിയതിനെത്തുടർന്ന് 1993 മാർച്ച് 23 ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. കൊലപാതകത്തിന് തെളിവുകളില്ലെന്ന് മൂന്ന് റിപ്പോർട്ടുകൾ നൽകിയിട്ടും കോടതി ഉത്തരവിനെത്തുടർന്ന് 2007 ൽ സിബിഐയുടെ പുതിയ അന്വേഷണ സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 19 ന് സിബിഐ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാദർ ജോസ് പുതൃക്കയിൽ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസിൽ സി.ബി.ഐയുടെ കുറ്റപത്രം. രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇതിനിടെ വെറുതെ വിട്ടു.

2019 ഓഗസ്റ്റ് 26ന് തുടങ്ങിയ വിചാരണയില്‍ 177 സാക്ഷികള്‍ ആകെ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. പയസ് ടെണ്‍ത് കോണ്‍വെന്‍റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ കൂറുമാറ്റം സി.ബി.ഐയെ വെട്ടിലാക്കിയെങ്കിലും, കേസന്വേഷണത്തിൽ ലഭിച്ച നിർണായക തെളിവുകൾ സി ബി ഐ ക്ക് കരുത്തേകി. കോൺവെന്റില്‍ തോമസ് കോട്ടൂരിനെ ദുരൂഹസാഹചര്യത്തിൽ കണ്ട മോഷ്ടാവ് അടക്ക രാജുവിന്റെ മൊഴി സാക്ഷികളെ വിസ്തരിക്കുന്നതിൽ നിർണായകമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top