പരാജയം സമ്മതിക്കാത്ത ട്രം‌പിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോം‌നി

വാഷിംഗ്ടണ്‍: വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാതെ കോടതികളില്‍ തുടരെത്തുടരെ തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും, അമേരിക്കന്‍ ജനത തിരഞ്ഞെടുത്ത ബൈഡന്‍ – കമല ഹാരിസ് ടീമിന്റെ വിജയം അംഗീകരിക്കാതെയും, പരാജയം സമ്മതിച്ച് അധികാര കൈമാറ്റത്തിന് നടപടികള്‍ കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്ന ട്രം‌പിന്റെ നിലപാട് തീര്‍ത്തും ഖേദകരമാണെന്ന് യൂട്ടായില്‍ നിന്നുള്ള സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീനിയര്‍ നേതാവുമായ മിറ്റ് റോം‌നി സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കന്‍ ജനത ബൈഡന് നല്‍കിയ ജനവിധിക്ക് വിപരീതമായി ട്രംപ് മറ്റൊരു ഫലം പ്രതീക്ഷിക്കുന്നത് തികച്ചും വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 232 നെതിരേ 306 ഇലക്ടറല്‍ വോട്ടുകളും, 7 മില്യന്‍ വോട്ടുകള്‍ അധികം ലഭിച്ചതും അമേരിക്കന്‍ ജനത ബൈഡന് നല്‍കിയ വലിയ അംഗീകാരമാണ്.

നൂറ്റാണ്ടുകളായി ജനങ്ങളുടെ ഇടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇന്ന് ചെറുതായിരിക്കുന്നു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ട ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിതമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നതിനൊന്നും ഞാന്‍ തയ്യാറല്ല. പാര്‍ട്ടിക്കകത്ത് നിന്നുകൊണ്ടുതന്നെ ഞാന്‍ വിശ്വസിക്കുന്ന തത്വങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മിറ്റ് റോംനിയെപ്പോലെ ചിന്തിക്കുന്ന നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അനേകമുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാത്ത അവസ്ഥയിലാണ് പലരും.

Print Friendly, PDF & Email

Related News

Leave a Comment