സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കുമോ?

നമ്മള്‍ ഈ പ്രവാസഭൂമിയില്‍ ജീവിക്കുന്നതുകൊണ്ടായിരിക്കണം ജന്മനാടിനോട് നമുക്കേറെ പ്രതിബദ്ധത തോന്നുന്നതും, നാട്ടില്‍ നടക്കുന്ന അരാജകത്വത്തിനോട് അവജ്ഞ തോന്നുന്നതും, സത്യത്തിനും നീതിക്കും ന്യായം ലഭിക്കണമെന്ന് തോന്നുന്നതും എന്നു പറഞ്ഞാല്‍ അത് ഒരു അധികപ്പറ്റായി തോന്നുകയില്ലെന്ന് എന്റെ മനഃസ്സാക്ഷി എന്നെ അനുസ്മരിപ്പിക്കുന്നു. ഈ പ്രവാസ ഭൂമിയില്‍ കഴിയുന്ന ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇതേ ഹൃദയസ്പന്ദനമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത് പ്രമാദമായ ഒരു മരണം, അതൊരു കൊലപാതകം എന്ന് പരക്കെ സംശയം സൃഷ്ടിച്ചിരിക്കുന്ന കൊലക്കേസിന് തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പറയുന്ന നിമിഷത്തിന് ലോക മലയാളികള്‍ കാതോര്‍ത്തു കഴിയുന്ന വികാര നിര്‍ഭര നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചില നഗ്നസത്യങ്ങള്‍ പങ്കുവയ്ക്കുകയാണ്.

സിസ്റ്റര്‍ അഭയ: 21-ാം വയസ്സില്‍ യേശുക്രിസ്തുവിന്റെ മണവാട്ടിയായി ജീവിതം ഉഴിഞ്ഞു വച്ച്, കോട്ടയം ബി.സി.എം. കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സിസ്റ്റര്‍ അഭയയുടെ മൃതദേഹം ഒരു സുപ്രഭാതത്തില്‍ 1992 മാര്‍ച്ച് 27നു കോളേജിനു നേരെ എതിര്‍വശത്തുള്ള പയസ്സ് 10-ത് കോണ്‍വെന്റിന്റെ ഹോസ്റ്റല്‍ കിണറ്റില്‍ കാണുന്നു. സ്ഥലം പോലീസ് സ്‌റ്റേഷനും ക്രൈംബ്രാഞ്ചും ഇതൊരു ആത്മഹത്യ എന്ന നിഗമനത്തിലെത്തി എഴുതി തള്ളി.

സിസ്റ്റര്‍ അഭയയുടെ മൃതശരീരം കിണറ്റില്‍ കണ്ടതിന്റെ തലേരാത്രി സംശയാസ്പദമായി പ്രതി സിസ്റ്റര്‍ സ്റ്റെഫിയുമായി സംശയാസ്പദമായ രണ്ടു പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കരയുമായുള്ള അവിഹിതബന്ധം നേരിട്ടം കാണാനിടയായ സിസ്റ്റര്‍ അഭയയെ പ്രതികളിരുവരും തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കന്മാരെക്കുറിച്ച് ഒരു വാക്ക്: കോട്ടയത്ത് അരീക്കരയിലെ ആയിരക്കുന്നേല്‍ തോമസിന്റെയും, ലീലാമ്മയുടേയും ഏക മകള്‍ – സിസ്റ്റര്‍ അഭയയുടെ അകാല മരണത്തിനു നീതിക്കായി കാത്ത് ഒടുവില്‍ 24 വര്‍ഷങ്ങള്‍ പിന്നിട്ട് 2016 ല്‍ തോമസും ലീലാമ്മയും ഈ ലോകത്തോട് യാത്ര പറഞ്ഞു.

തേച്ചുമായ്ച്ചു കളയുവാന്‍ ശ്രമിച്ച ഈ കേസിന് ജീവന്‍ നല്‍കി ഇക്കാലമത്രയും സജീവമാക്കിയത് നീണ്ടൂര്‍ സ്വദേശി ജോമോന്‍ പുത്തന്‍പുരയിലാണ്. ആറാം ക്ലാസ്സുവരെ മാത്രമെ വിദ്യാഭ്യാസം തനിക്കുള്ളൂ എന്ന് മാധ്യമ എഴുത്തുകാരന്‍ കുര്യന്‍ പാമ്പാടിക്കു നല്‍കിയ അഭിമുഖത്തില്‍ ജോമോന്‍ പ്രസ്താവിച്ചിട്ടുണ്ട്. പക്ഷെ വായിച്ചും, പഠിച്ചും നേടിയ അറിവില്‍ കൂടി ഇംഗ്ലീഷു സംസാരിക്കാന്‍ കഴിഞ്ഞതിനാല്‍ സൂപ്രീം കോടതി അഭിഭാഷകരോടും, ഉന്നത രാഷ്ട്രീയ സാമൂഹ്യ, നിയമ വിദഗ്ധരോടും, പ്രധാനമന്ത്രി നരസിംഹറാവുവിനെ കണ്ടു നിവേദനം സമര്‍പ്പിക്കുവാനും കഴിഞ്ഞു.

സ്വന്തം സഭയുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ അവഗണിച്ച് രാപകല്‍ സജീവമായി ജീവിതം ഉഴിഞ്ഞു വച്ച് നീണ്ടനിയമ പോരാട്ടത്തിലൂടെ, പ്രതിബന്ധങ്ങള്‍ ഏറെ അതിജീവിച്ച് ഇവിടെ വരെ എത്തിച്ച ഒരു ദൈവദൂതന് തുല്യമാണ് ജോമോന്‍ പുത്തന്‍പുരയില്‍ എന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല.

സിസ്റ്റര്‍ അഭയ മരിച്ച പുലര്‍ച്ചെ 5 മണിക്ക് എന്തു സംഭവിച്ചുവെന്ന് ദൃക്‌സാക്ഷി അടയ്ക്കാ രാജു സി.ബി.ഐ.യ്ക്ക് 2017 ജൂലൈ 11-ന് നല്‍കിയ മൊഴി സി.ബി.ഐ കണക്കിലെടുത്തില്ലെന്ന് ജോമോന്‍ വിശദീകരിക്കുന്നു.

നീണ്ട വ്യത്യസ്ത കോടതി വിധികളാല്‍ തീര്‍പ്പു കല്‍പ്പിക്കുകയും, പുനരന്വേഷണം നടത്തുകയും ചെയ്തിരുന്ന സിസ്റ്റര്‍ അഭയയുടെ മരണ കേസ് സി.ബി.ഐ. അന്വേഷണത്തില്‍ 133 പ്രോസിക്യൂഷന്‍ സാക്ഷികളുണ്ടായിരുന്ന ഈ കേസിന്റെ നീണ്ട കാലയളവിലെ കാലപഴക്കത്തില്‍ പല സാക്ഷികള്‍ മരിച്ചുപോയതിനാലും 8 സാക്ഷികള്‍ കൂറുമാറിയതിനാലും പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമെ വിസ്തരിക്കാനായുള്ളൂ എന്നതും പ്രസ്താവ്യമാണ്. എന്നാല്‍, പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും, വിസ്തരിക്കാനായുളളൂ എന്നതും പ്രസ്താവ്യമാണ്. എന്നാല്‍ പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. സിസ്റ്റര്‍ അഭയ മരിച്ചിട്ട് 28 വര്‍ഷവും 9 മാസവും തികഞ്ഞ ഡിസംബര്‍ 10ന് പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗ വാദവും പൂര്‍ത്തീകരിച്ചു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ന്യായാധിപന്‍ ഹോണറബള്‍ ജഡ്ജി കെ. സനല്‍കുമാര്‍ ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കുവാന്‍ പോകുന്ന പ്രമാദമായ ഈ കേസില്‍ സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കുമോ? കണ്ണുകള്‍ മറയ്ക്കപ്പെട്ടു നില്‍ക്കുന്ന നീതിദേവതയുടെ വിധി വാചകം നിരര്‍ത്ഥകമാകുമോ?

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News