യുവതിയെ നടുറോഡിലിട്ട് വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്പിച്ചു; മുന്‍ കാമുകന്‍ അറസ്റ്റില്‍

ബംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഹുബള്ളിയില്‍ യുവതിയെ നടുറോഡില്‍ വെട്ടി പരിക്കേല്പിച്ചു. ഓട്ടോ ഡ്രൈവറായ ഇസ്മായിൽ എന്ന യുവാവാണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ യുവതിയെ ആക്രമിച്ചത്. സംഭവം നടക്കുന്ന ദൃശ്യങ്ങൾ ഉടൻ തന്നെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഹുബള്ളി സബർബൻ പോലീസ് 25 കാരനായ ഇസ്മായിലിനെ അറസ്റ്റ് ചെയ്യുകയും 21 കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

ജ്വല്ലറിയിൽ ജോലി ചെയ്യുന്ന യുവതി സ്‌ഥാപനത്തിലേക്ക് പോകുന്ന വഴിയിൽ ഇയാൾ തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. നിരവധിപേർ നോക്കിനിൽക്കെയാണ് ആക്രമണം നടന്നത്. യുവതിയെ ആക്രമിച്ച ശേഷം രക്ഷപെട്ട ഇസ്‌മയിലിനെ പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു.

ഇരുവരും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപകാലത്ത് യുവാവുമായി പിരിഞ്ഞ യുവതി വേറെ ഒരാളുമായി അടുപ്പത്തിലായതാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു. യുവതിക്ക് പരിക്ക് ഭേദമായ ശേഷമേ മൊഴി എടുക്കാൻ സാധിക്കുകയുള്ളൂവെന്നും എന്നാൽ മാത്രമേ ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment