മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ തിങ്കളാഴ്ച അന്തരിച്ചു. 93 വയസ്സായിരുന്നു.

മൂത്രാശയ അണുബാധയെത്തുടർന്ന് ഡല്‍ഹി ഓഖ്‌ലയിലെ എസ്‌കോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെ വെന്റിലേറ്ററിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജന്മദിനം ഞായറാഴ്ച (ഡിസംബർ 20) ആയിരുന്നു. അന്ത്യകർമങ്ങൾ ഛത്തീസ്ഗഢില്‍ നടത്തും. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ചയോ മൃതദേഹം അവിടേക്ക് കൊണ്ടുപോകും.

ഒക്ടോബറിൽ കൊറോണ വൈറസ് ബാധിച്ച ഇദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ച ശേഷം ഡിസ്ചാർജ് ചെയ്തിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി എന്നതിലുപരി ഉത്തർപ്രദേശ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട് (1993 മെയ് 26 മുതൽ 1996 മെയ് 3 വരെ).

1980 കളിൽ രണ്ടുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയും 1990 കളിൽ ഉത്തർപ്രദേശ് ഗവർണറുമായിരുന്നു വോറ. കേന്ദ്രത്തിൽ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ആരോഗ്യ-സിവിൽ ഏവിയേഷൻ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

കോൺഗ്രസ് പാർട്ടിയിൽ നരസിംഹറാവു, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിന്റെ ട്രഷററായും സംഘടനയിലെ മറ്റ് പല ഉത്തരവാദിത്തങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

അഞ്ച് പതിറ്റാണ്ടിലേറെ രാഷ്ട്രീയ ജീവിതത്തിൽ വോറ പാർട്ടിയിലും സർക്കാരിലും നിരവധി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ വരെ രാജ്യസഭാംഗമായിരുന്നു. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ സമീപകാല പുനഃസംഘടനയ്ക്ക് മുമ്പ് അദ്ദേഹം എ ഐ സി സി ജനറൽ സെക്രട്ടറിയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവര്‍ വോറയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

“പതിറ്റാണ്ടുകളായി വിപുലമായ ഭരണ-സംഘടനാ പരിചയമുള്ള കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് മോത്തിലാൽ വോറ ജി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി.” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മോത്തിലാൽ വോറയുടെ നിര്യാണത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചിച്ചു.

അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു, ‘വോറ ജി ഒരു യഥാർത്ഥ കോൺഗ്രസുകാരനും മികച്ച വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം നമുക്ക് അനുഭവപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ വാത്സല്യവും അനുശോചനവും.”

വോറയുടെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിച്ച പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര പറഞ്ഞു, “കോൺഗ്രസ് പാർട്ടിയുടെ ഓരോ നേതാവും, ഓരോ തൊഴിലാളിയും വ്യക്തിപരമായി ദുഃഖിതരാണ്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തോടുള്ള വിശ്വസ്തതയുടെയും അർപ്പണബോധത്തിന്റെയും ക്ഷമയുടെയും പ്രതീകമായിരുന്നു വോറ ജി.”

“92-ാം വയസ്സിൽ പോലും എല്ലാ മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു, എല്ലാ തീരുമാനങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. കുടുംബത്തിലെ ഒരു വലിയ കാരണവര്‍ നഷ്ടപ്പെട്ടു. സങ്കടകരമായ ഹൃദയത്തോടെ ഇന്ന് അദ്ദേഹത്തിന് വിട പറയുന്നു. എല്ലാവര്‍ക്കും ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേപാട്,” പ്രിയങ്ക പറഞ്ഞു.

മറ്റ് പല മുതിർന്ന കോൺഗ്രസ് നേതാക്കളും വോറയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.

1927 ഡിസംബർ 20 ന് രാജസ്ഥാനിലെ നാഗുര്‍ ജില്ലയിലാണ് മോത്തിലാൽ വോറ ജനിച്ചത്. റായ്പൂരിലും കൊൽക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. അദ്ദേഹത്തിന് നാല് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാളായ അരുൺ വോറ ഛത്തീസ്ഗഢ് കോട്ടയിൽ നിന്നുള്ള എം‌എൽ‌എയാണ്. വർഷങ്ങളോളം പത്രപ്രവർത്തനരംഗത്ത് പ്രവർത്തിച്ച ശേഷമാണ് വോറ 1968 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

Print Friendly, PDF & Email

Leave a Comment