ദോഹ: ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി എം.എസ്. ബുഖാരി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.
1963-ല്‍ ഭോപ്പാലിലാണ് അദ്ദേഹം ജനിച്ചത്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം മുബൈയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1987 ല്‍ മനസ്സില്ലാമനസ്സോടെയാണ് ഖത്തറിലെത്തിയതെങ്കിലും കുറഞ്ഞ കാലം കൊണ്ട് സ്വദേശികളുമായും വിദേശികളുമായും ഊഷ്മള ബന്ധം സ്ഥാപിക്കുകയും വിശാലമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. സാറ്റ്കോ ഇന്റര്‍നാഷണല്‍ അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമായിരുന്നു.
തിരക്ക് പിടിച്ച ബിസിനസ് ജീവിതത്തിനിടയില്‍ സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിയത്. ഇന്ത്യന്‍ സ്പോര്‍ട്്സ് സെന്ററിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ട അദ്ദേഹം സെന്റര്‍ രക്ഷാധികാരിയായിരുന്നു.
ബിര്‍ള പബ്ലിക് സ്ക്കൂള് ലൈഫ് മെമ്പര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് ഫൗണ്ടര്‍ മെമ്പര്‍ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.
ഉറുദു ഭാഷയോട് വിശിഷ്യ മുശായറകളോട് അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. ഉറുദു ഭാഷ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പരിപാടികളാണ് അദ്ദേഹം സംഘടിപ്പിച്ചത്.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട അദ്ദേഹം ജീവകാരുണ്യ രംഗത്തും സേവന മേഖലയിലും വേറിട്ട മാതൃകയാണ് കാഴ്ചവെച്ചത്. വിവിധ ഭാഷക്കാരും ദേശക്കാരുമായുമൊക്കെ നല്ല ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവരുമായും ഊഷ്മള ബന്ധം നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ സൗഹൃദ വലയം വളരെ വിശാലമായിരുന്നു. എം.എസ്. ബുഖാരിയുടെ വേര്‍പാടോടെ മനുഷ്യ സ്നേഹിയായ ഒരു കമ്മ്യൂണിറ്റി ലീഡറെയാണ് ഇന്ത്യന്‍ സമൂഹത്തിന് നഷ്ടമാകുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply